കോഴിക്കോട്: മാതൃഭൂമി സീഡ് സംഘടിപ്പിക്കുന്ന ചാന്ദ്ര നിരീക്ഷണ പരിപാടിയായ മൂണ്‍ വിത്ത് മണ്‍സൂണില്‍ പങ്കെടുക്കുന്ന കുട്ടികളുടെ സംശയങ്ങള്‍ ദൂരീകരിക്കുവാന്‍ വെബ്ബിനാര്‍ നടത്തി. അമെച്ചര്‍ വാനനിരീക്ഷകനും അസ്‌ട്രോ കോളമിസ്റ്റുമായ സുരേന്ദ്രന്‍ പുന്നശ്ശേരിയുമായി കുട്ടികള്‍ സംവദിച്ചു.

ചന്ദ്രനില്‍ ഇതുവരെ മനുഷ്യന്‍ നടത്തിയ പര്യവേക്ഷണങ്ങളേക്കുറിച്ചും മനുഷ്യനും ചന്ദ്രനും പ്രകൃതിയും എങ്ങനെ ബന്ധപ്പെട്ടിരിക്കുന്നു എന്നതിനേപ്പറ്റിയും അദ്ദേഹം സംസാരിച്ചു. 'മഴക്കാലത്ത് ചന്ദ്രനെ നിരീക്ഷിക്കുകയെന്നത് ഒരു വെല്ലിവിളിയാണ്. മൊബൈലിലേയും കംപ്യൂട്ടറിലേയും ഡേറ്റാബേസില്‍ നിന്നും വിവരങ്ങള്‍ ലഭിക്കുന്ന ഇക്കാലത്ത് സ്വന്തം നിഗമനങ്ങളിലൂടേയും നിരീക്ഷണങ്ങളിലൂടേയും നാം ഉണ്ടാക്കുക വേറിട്ട അറിവായിരിക്കും.' -സുരേന്ദ്രന്‍ പുന്നശ്ശേരി കൂട്ടിച്ചേര്‍ത്തു. 
 
മാതൃഭൂമി റീജിയണല്‍ മാനേജര്‍ സി. മണികണ്ഠന്‍ സ്വാഗതവും ഫെഡറല്‍ ബാങ്ക് കോഴിക്കോട് സോണല്‍ ഓഫീസര്‍ ജോസ്‌മോന്‍ പി. ഡേവിഡ് അദ്ധ്യക്ഷപ്രസംഗവും പറഞ്ഞു. വെബ്ബിനാറില്‍ കേരളത്തിലങ്ങോളമിങ്ങോളമുള്ള സ്‌കൂളുകളില്‍ നിന്നും 40ഓളം കുട്ടികള്‍ പങ്കെടുത്തു.  

ചാന്ദ്രദിനത്തോടനുബന്ധിച്ച് യു.പി മുതല്‍ ഹൈസ്‌കൂള്‍ വരെ പഠിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്കായാണ് പരിപാടി സംഘടിപ്പിക്കുന്നത്. ജൂലായ് 24 മുതല്‍ ഓഗസ്റ്റ് 22 വരെയാണ് നിരീക്ഷണം. 

Content Highlights: Mathrubhumi SEED conducted webinar.