jayesh george
ജയേഷ് ജോര്‍ജ്‌

ആലപ്പുഴ: ഭിന്നത രൂക്ഷമായതോടെ കേരള ക്രിക്കറ്റ് അസോസിയേഷനില്‍(കെ.സി.എയില്‍) കൂട്ടരാജി. കെ.സി.എ സെക്രട്ടറി ജയേഷ് ജോര്‍ജും സംഘടനയുടെ പ്രസിഡന്റും ഉള്‍പ്പെടെയുള്ള കമ്മിറ്റി അംഗങ്ങളാണ് ശനിയാഴ്ച രാജിവെച്ചത്. ആലപ്പുഴയില്‍ ചേര്‍ന്ന ജനറല്‍ബോഡി യോഗത്തിലായിരുന്നു തീരുമാനം.

സാജന്‍ കെ. വര്‍ഗീസാണ് പുതിയ പ്രസിഡന്റ്. സെക്രട്ടറിയായി അഡ്വ. ശ്രീജിത് വി നായരെയും തെരഞ്ഞെടുത്തു.

കേരളാ ക്രിക്കറ്റ് അസോസിയേഷനില്‍ കോടികളുടെ ക്രമക്കേട് നടന്നെന്ന അന്വേഷണ കമ്മീഷന്‍ റിപ്പോര്‍ട്ട് പരിഗണിച്ച് മുന്‍ കെ.സി.എ സെക്രട്ടറി ടി.സി മാത്യുവില്‍ നിന്ന് പണം തിരിച്ചുപിടിക്കാന്‍ ക്രിക്കറ്റ് ഓംബുഡ്സ്മാന്‍ ഉത്തരവിട്ടിരുന്നു. എന്നാല്‍ ഇതിനെതിരെ രംഗത്തെത്തിയ ടി.സി മാത്യു, തനിക്കെതിരായ നീക്കത്തിന് പിന്നില്‍ ജയേഷ് ജോര്‍ജാണെന്ന് ആരോപിച്ചിരുന്നു. 

 

ഇതിനു പിന്നാലെയാണ് സെക്രട്ടറിയും പ്രസിഡന്റും ഉള്‍പ്പെടെയുള്ള കമ്മിറ്റി അംഗങ്ങളുടെ രാജി. സെക്രട്ടറി സ്ഥാനത്തു നിന്ന് രാജിവെച്ചെങ്കിലും ജയേഷ് ജോര്‍ജ് ബി.സി.സി.ഐ പ്രതിനിധിയായി തുടരും.

എന്നാല്‍ ലോധ കമ്മിറ്റി റിപ്പോര്‍ട്ടിലെ ശുപാര്‍ശകള്‍ നടപ്പിലാക്കുന്നതിന്റെ ഭാഗമായാണ് രാജിയെന്നാണ് കെ.സി.എയുടെ വിശദീകരണം. ലോധ കമ്മിറ്റി റിപ്പോര്‍ട്ട് ശനിയാഴ്ചത്തെ ജനറല്‍ബോഡിയുടെ അജണ്ടയിലുണ്ടായിരുന്നു. കമ്മിറ്റി റിപ്പോര്‍ട്ട് പൂര്‍ണമായും നടപ്പിലാക്കാനാണ് ശനിയാഴ്ച ചേര്‍ന്ന ജനറല്‍ബോഡി തീരുമാനിച്ചത്. 

ഇതിന്റെ ഭാഗമായാണ് 9 വര്‍ഷം പൂര്‍ത്തിയാക്കിയ പ്രസിഡന്റും ജോയിന്റ് സെക്രട്ടറിയും രാജിവെച്ചതെന്നാണ് വിശദീകരണം. അതോടൊപ്പം തന്നെ മൂന്നു വര്‍ഷം പൂര്‍ത്തിയാക്കിയ സെക്രട്ടറി ജയേഷ് ജോര്‍ജും രാജിവെക്കുകയായിരുന്നു. അടുത്ത മൂന്നു വര്‍ഷത്തേക്ക് അദ്ദേഹത്തിന് ഇനി സെക്രട്ടറി സ്ഥാനത്തേക്ക് മത്സരിക്കാനാകില്ല. 

 ഇടക്കാല ഭാരവാഹികളെ തീരുമാനിച്ചു 

ആലപ്പുഴ :ഭാരവാഹികള്‍ ചുമതലയില്‍ നിന്നും ഒഴിഞ്ഞതിനെത്തുടര്‍ന്ന് അവരുടെ ചുമതല നിലവില്‍ അയോഗ്യതയില്ലാത്ത ഭാരവാഹികള്‍ക്ക് വിഭജിച്ചു നല്‍കി. വൈസ് പ്രസിഡന്റുമാരായിരുന്ന ശ്രീ സജന്‍ കെ. വര്‍ഗ്ഗീസ് (പത്തനംതിട്ട), കെ. എം.  അബ്ദുള്‍ റഹ്മാന്‍ (കാസര്‍ഗോഡ്), രജിത്ത് രാജേന്ദ്രന്‍ (തിരുവനന്തപുരം) എന്നിവര്‍ക്ക് യഥാക്രമം പ്രസിഡന്റ്, ട്രഷറര്‍, ജോയിന്റ് സെക്രട്ടറി എന്നിവരുടെ ചുമതല നല്‍കി. നിലവില്‍ ട്രഷററായിരുന്ന അഡ്വ: ശ്രീജിത്ത് വി. നായര്‍ക്കാണ് സെക്രട്ടറിയുടെ ചുമതല. തിരഞ്ഞെടുക്കപ്പെട്ട ഭാരവാഹികള്‍ ചുമതലയേല്‍ക്കും വരെ ഈ താല്‍ക്കാലിക സംവിധാനം തുടരും. 
ജയേഷ് ജോര്‍ജ് കേരളത്തില്‍ നിന്നുള്ള ബിസിസിഐ പ്രതിനിധിയാകും.

 

Content Highlights: mass resignation, kca, tc mathew, jayesh george