മലപ്പുറം: ജില്ല പ്രതിരോധ കുത്തിവെപ്പിനോട് മുഖംതിരിച്ചപ്പോള്‍ എട്ടുവര്‍ഷത്തിനിടെ ജീവന്‍ നഷ്ടപ്പെട്ടത് 32 കുട്ടികള്‍ക്ക്. കുത്തിവെപ്പുകൊണ്ട് തടയാവുന്ന ഡിഫ്തീരിയ, ടെറ്റ്‌നസ്, അഞ്ചാംപനി തുടങ്ങിയവ ബാധിച്ചാണ് ചുരുങ്ങിയകാലയളവില്‍ ഇത്രയും കുട്ടികള്‍ മരിച്ചത്. ആകെ 5,996 പേര്‍ക്കാണ് കുത്തിവെപ്പെടുക്കാത്തതിനാല്‍ വിവിധരോഗങ്ങള്‍ പിടിപെട്ടത്. ഇത്തവണ മൂന്നുകുട്ടികള്‍ക്ക് ഡിഫ്തീരിയ ബാധിച്ചതുള്‍പ്പെടെയാണിത്. രണ്ടുപേര്‍ രോഗംബാധിച്ച് മരിക്കുകയുംചെയ്തു.

രണ്ടുവയസിനും അഞ്ച് വയസിനുമിടയ്ക്ക് കുഞ്ഞുങ്ങള്‍ക്ക് നല്‍കേണ്ട വാക്‌സിനുകള്‍ കൃത്യമായി നല്‍കാന്‍ പലരും തയ്യാറാകാത്തത് മാത്രമാണ് ഇതിനുകാരണം. ഈ മാസം ഡിഫ്തീരിയ ബാധിച്ചു മരിച്ച രണ്ടുകുട്ടികളുള്‍പ്പെടെ നാല് പേര്‍ക്കാണ് എട്ടു വര്‍ഷത്തിനിടെ ഇതേരോഗം പിടിപെട്ട് ജീവന്‍ നഷ്ടമായത്. ആകെ 37 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്.

ഇക്കാലയളവില്‍ 14 പേരാണ് ടെറ്റനസ് ബാധിച്ച് മരിച്ചത്. ഇതില്‍ ജനിച്ച് ദിവസങ്ങള്‍ക്കകമാണ് ഒരുകുഞ്ഞ് മരിച്ചത്. ഗര്‍ഭിണിയായിരിക്കുന്ന സമയത്ത് അമ്മ കുത്തിവെപ്പെടുക്കാത്തതാണ് കാരണം. ആകെ 61 പേര്‍ക്കാണ് രോഗംബാധിച്ചത്. അഞ്ചാംപനി ബാധിച്ച് എട്ടുവര്‍ഷത്തിനിടെ മരിച്ചത് 13 കുട്ടികള്‍. ആകെ 5,741 പേര്‍ക്ക് രോഗംബാധിച്ചു. കുത്തിവെപ്പ് കൃത്യമല്ലാത്തതു തന്നെയാണ് 156 പേര്‍ക്ക് വില്ലന്‍ചുമ ബാധിക്കാനും കാരണം.
അശ്രദ്ധയും വസ്തുതകള്‍ മനസിലാക്കാന്‍ തയ്യാറാകാത്തതുമാണ് ഇത്തരം രോഗങ്ങളെ വിളിച്ചുവരുത്തുന്നത്. കുത്തിവെപ്പെടുക്കാന്‍ വിസമ്മതിക്കുന്നവര്‍ക്കായി പദ്ധതികള്‍ പലത് നടപ്പാക്കിയ ആരോഗ്യവകുപ്പും തോല്‍വി സമ്മതിച്ചു. സംസ്ഥാനത്ത് കുത്തിവെപ്പെടുക്കുന്നതില്‍ ഏറ്റവുംപിറകില്‍ ഇടംപിടിച്ച മലപ്പുറത്ത് 'മിഷന്‍ ഇന്ദ്രധനുസ്' പ്രതിരോധ കുത്തിവെപ്പ് ക്യാമ്പും സംഘടിപ്പിച്ചു. നാലുമാസത്തെ പരിശ്രമംകൊണ്ടും മുഴുവന്‍പേര്‍ക്കും കുത്തിവെപ്പ് നല്‍കാനായില്ല. മിഷന്‍ ഇന്ദ്രധനുസ് വീണ്ടും നടപ്പാക്കുന്നതിന് തീരുമാനങ്ങളൊന്നുമുണ്ടായിട്ടില്ല.