കുതിരാന്‍ തുരങ്കം; ധാരാളം പ്രത്യേകതകളുള്ള നിര്‍മിതി. കേരളത്തില്‍ ആദ്യമായി ഒരു മല തുരന്ന് അടുത്തടുത്തായി നിര്‍മിച്ച രണ്ട് തുരങ്കങ്ങള്‍. ഒരു ദിശയിലേക്ക് പോകാന്‍ ഒരു തുരങ്കം. മറുദിശയിലേക്ക് മറ്റൊരു തുരങ്കം. ഒരു തുരങ്കത്തില്‍ മൂന്നുവീതം പാതകള്‍. യാത്ര സുഗമവും സുരക്ഷിതവും ആക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. 

ഒരേപോലെ രണ്ട് തുരങ്കങ്ങള്‍ അടുപ്പിച്ച് വരുന്നതിനാല്‍ കുതിരാന്‍  ഇരട്ടക്കുഴല്‍ തുരങ്കം (ട്വിന്‍ ട്യൂബ് ടണല്‍) എന്ന പേര്. എത്രയും വേഗം ഒരു തുരങ്കമെങ്കിലും തുറക്കുന്ന രീതിയില്‍ നിര്‍മാണം ഇപ്പോള്‍ വേഗത്തിലാക്കിയിട്ടുണ്ട്.

തുരങ്കം വന്ന വഴി

സേലംകൊച്ചി ദേശീയപാത 544ല്‍  (പഴയ എന്‍.എച്ച്. 47ന്റെ ഭാഗം) തൃശ്ശൂര്‍പാലക്കാട് ജില്ലകള്‍ക്കിടയിലാണ് കുതിരാന്‍ തുരങ്കം. ഒന്നുകൂടി കൃത്യമായി പറഞ്ഞാല്‍ വടക്കഞ്ചേരിക്കും മണ്ണുത്തിക്കുമിടയില്‍. താമരശ്ശേരി ചുരംപോലെയോ അട്ടപ്പാടി ചുരംപോലെയോ കുത്തനെയുള്ള കയറ്റങ്ങളോ വളവുകളോ ഒന്നും കുതിരാനിലില്ല. കയറ്റവും ഇറക്കവും കൂടി ആകെ മൂന്നുകിലോമീറ്റര്‍. ഇത് വലിയൊരു ബാലികേറാമലയല്ലെങ്കിലും കുതിരാന്‍ മല തുരന്ന് തുരങ്കം പണിയാന്‍ തീരുമാനിച്ചതിന് പിന്നില്‍ പ്രധാനമായും രണ്ട് കാരണങ്ങളാണുള്ളത്.  
വടക്കഞ്ചേരിമണ്ണുത്തി ആറുവരിപ്പാതയായി വികസിപ്പിക്കാന്‍ തീരുമാനിച്ചപ്പോള്‍ വനമേഖലയിലൂടെ കടന്നുപോകുന്ന കുതിരാന്‍പാത വീതികൂട്ടുന്നതിലെ അപ്രായോഗികതയാണ് ഒരു കാരണം. വനം പരമാവധി സംരക്ഷിക്കണമെന്ന് നിയമമുള്ളതിനാല്‍ റോഡ്‌വികസനത്തിനായി സ്ഥലം വിട്ടുനല്‍കാന്‍ വനംവകുപ്പിന് കഴിയുമായിരുന്നില്ല. 

ചരക്കുഗതാഗതം സുഗമമാക്കുകയെന്നതാണ് അടുത്ത കാരണം. തമിഴ്‌നാട്, കര്‍ണാടക, ആന്ധ്ര തുടങ്ങിയ സംസ്ഥാനങ്ങളില്‍നിന്ന് കേരളത്തിലേക്ക് വാളയാര്‍ അതിര്‍ത്തി കടന്നെത്തുന്ന ചരക്കുവാഹനങ്ങളുടെ എണ്ണം കൂടുതലായതിനാല്‍ നിലവിലെ പാത അതേപടി നിലനിര്‍ത്താനും കഴിയില്ലായിരുന്നു. ചരക്കുവാഹനങ്ങള്‍ മാത്രം ഒരുദിവസം ഏകദേശം 10000 എണ്ണം കുതിരാന്‍ പാതയിലൂടെ  കടന്നുപോകുന്നുണ്ടെന്നാണ് കണക്ക്. മറ്റ് വാഹനങ്ങളുടെ എണ്ണംകൂടിയെടുത്താല്‍ 15000 കവിയും.  വ്യവസായശാലകളിലേക്കും മറ്റും കൂറ്റന്‍യന്ത്രങ്ങള്‍ കയറ്റിവരുന്ന ട്രെയ്‌ലറുകള്‍ മല കയറിയിറങ്ങാന്‍ ഏറെ പ്രയാസപ്പെടുകയും ചെയ്യും. ആറുവരിപ്പാതയ്ക്കിടയിലെ കുപ്പിക്കഴുത്തായി കുതിരാന്‍ മാറുമെന്ന വിലയിരുത്തലിനൊടുവില്‍ ദേശീയപാതാ അതോറിറ്റി മല തുരന്ന് തുരങ്കം നിര്‍മിക്കാന്‍ തീരുമാനിക്കുകയായിരുന്നു. 

തുടങ്ങിയത് 2016ല്‍ 

വടക്കഞ്ചേരിമണ്ണുത്തി ആറുവരിപ്പാതാ വികസനപ്രവൃത്തി 2010ല്‍ തുടങ്ങിയെങ്കിലും തുരങ്കം തുരന്നുതുടങ്ങിയത് 2016 മേയ് 13നാണ്. മലയുടെ രണ്ടറ്റങ്ങളില്‍നിന്ന് ഒരേസമയം തുരക്കുകയായിരുന്നു. ടോട്ടല്‍ സ്‌റ്റേഷന്‍ സര്‍വേയിലൂടെ അളവുകള്‍ കൃത്യമാക്കി. ബൂമര്‍ എന്ന യന്ത്രം ഉപയോഗിച്ച് പാറയില്‍ തുളകളിട്ട് മരുന്ന് നിറച്ച് പൊട്ടിച്ചായിരുന്നു തുരങ്കനിര്‍മാണം. ആറുവരിപ്പാത നിര്‍മാണ കമ്പനിയായ കെ.എം.സി. ഉപകരാര്‍ നല്‍കിയ പ്രഗതി എന്‍ജിനീയറിങ് ആന്‍ഡ് റെയില്‍ പൊജക്ട്‌സ് പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്പനിയാണ് തുരങ്കം നിര്‍മിച്ചത്. 2017 ഫെബ്രുവരി 20ന് ഇടതുതുരങ്കത്തിലെ ഇരുഭാഗങ്ങളും കൂട്ടിമുട്ടി. വലതുതുരങ്കത്തിലെ ഭാഗങ്ങള്‍ 2017 ഏപ്രില്‍ 21നാണ് കൂട്ടിമുട്ടിയത്. പാലക്കാട്ടുനിന്ന് തൃശ്ശൂരിലേക്കുള്ള ദിശയുടെ അടിസ്ഥാനത്തിലാണ് ഇടതെന്നും വലതെന്നും വേര്‍തിരിച്ചിട്ടുള്ളത്. 

പ്രത്യേകതകള്‍ 

തുരങ്കത്തിനുള്‍വശം മുഴുവന്‍ പാറയായതിനാല്‍ സ്വാഭാവികമായ ഉറപ്പ് കൂടുതലാണ്. ഇതിനുപുറമേ ഉരുക്കുപാളികള്‍ ഘടിപ്പിച്ച് കോണ്‍ക്രീറ്റിങ്ങും (ഗ്യാന്‍ട്രി കോണ്‍ക്രീറ്റിങ്) നടത്തിക്കൊണ്ടിരിക്കുകയാണ്. തുരങ്കത്തിനുമുകളില്‍ 40 മീറ്ററോളം ഉയരത്തില്‍ നില്‍ക്കുന്ന മലയുടെ പരിസ്ഥിതിക്ക് കോട്ടങ്ങളൊന്നും ഉണ്ടായിട്ടില്ല. ഉറവകളിലൂടെ കിനിഞ്ഞിറങ്ങുന്ന വെള്ളം പുറത്തേക്കൊഴുക്കുന്നതിനായി തുരങ്കത്തിനുള്ളില്‍ റോഡരികില്‍ ചാല്‍ നിര്‍മിച്ചിട്ടുണ്ട്. പാറയില്‍ ദ്വാരങ്ങളിട്ട് ഇതില്‍ പൈപ്പ് കയറ്റിയാണ് വെള്ളം ചാലിലേക്കൊഴുക്കുന്നത്. 

വെളിച്ചത്തിനായി മുകള്‍ഭാഗത്ത് രണ്ട് വരികളിലായി 680 എല്‍.ഇ.ഡി. ലൈറ്റുകളാണ് സ്ഥാപിച്ചിട്ടുള്ളത്. തുരങ്കത്തിലേക്ക് പ്രവേശിക്കുന്ന നൂറുമീറ്റര്‍ ദൂരത്തില്‍ വിവിധ അളവുകളിലായാണ് വെളിച്ചം ക്രമീകരിച്ചിട്ടുള്ളത്. ഇതിനായി 30, 60, 100, 150 വാട്ട്  ബള്‍ബുകളാണ് ഉപയോഗിച്ചിട്ടുള്ളത്. അകത്തുള്ള വായു പുറത്തേക്ക് തള്ളുന്നതിനായി 10 വലിയ എക്‌സോസ്റ്റ് ഫാനുകളുണ്ട്. സ്വയംനിയന്ത്രിത സംവിധാനത്തിലൂടെയാണ് ലൈറ്റുകളും ഫാനുകളും പ്രവര്‍ത്തിക്കുക. തുരങ്കത്തിനുള്ളില്‍ കാര്‍ബണ്‍ മോണോക്‌സൈഡ് വാതകത്തിന്റെ അളവ് നിശ്ചിത അളവില്‍ കൂടുമ്പോള്‍ എക്‌സോസ്റ്റ് ഫാനുകള്‍ സ്വയം പ്രവര്‍ത്തിക്കും. തുരങ്കത്തിനുള്ളില്‍ വാഹനങ്ങള്‍ നിര്‍ത്താന്‍ അനുവദിക്കില്ല. നിരീക്ഷണത്തിനായി 10 ക്യാമറകളുണ്ട്. 

തുരങ്കത്തിനുപുറത്ത് 24 മണിക്കൂര്‍ കണ്‍ട്രോള്‍ റൂമുണ്ടാകും. അത്യാവശ്യഘട്ടങ്ങളില്‍ വിളിക്കുന്നതിനായി 15 ടെലിഫോണുകളുമുണ്ട്. അഗ്‌നിരക്ഷാസംവിധാനങ്ങള്‍ക്കായി വെള്ളം പമ്പ്‌ചെയ്യുന്ന പൈപ്പുകള്‍ തുരങ്കത്തിനുള്ളില്‍ സ്ഥാപിച്ചിട്ടുണ്ട്. എപ്പോഴും ജലലഭ്യത ഉറപ്പാക്കുന്നതിനായി കുഴല്‍ക്കിണറും തുരങ്കകവാടത്തിനുസമീപം ജലസംഭരണിയും നിര്‍മിച്ചിട്ടുണ്ട്.

കിഴക്കേത്തുരങ്കമുഖം അല്പം പ്രകൃതിഭംഗി ആസ്വദിക്കാന്‍കൂടി പറ്റിയ ഇടമാണ്. ദേശീയപാതയില്‍നിന്ന് പീച്ചി റിസര്‍വോയറിന് മുകളിലൂടെ നിര്‍മിച്ചിട്ടുള്ള അഞ്ചൂറുമീറ്ററോളം നീളമുള്ള രണ്ട് പാലത്തിലൂടെയാണ് തുരങ്കത്തിലേക്ക് പ്രവേശിക്കുന്നത്. റിസര്‍വോയറിനുമുകളിലൂടെയുള്ള പാലത്തിലൂടെ യാത്രചെയ്യുമ്പോള്‍ കുതിരാന്‍ മലയുടെയും റിസര്‍വോയറിന്റെ ഭംഗി ആസ്വദിക്കാം.

ഏതെങ്കിലും തുരങ്കത്തില്‍ ഗതാഗതക്കുരുക്കോ അപകടങ്ങളോ ഉണ്ടായാല്‍ വാഹനങ്ങള്‍ വഴിതിരിച്ചുവിടുന്നതിനായി ഉള്ളില്‍ തുരങ്കങ്ങള്‍ തമ്മില്‍ ബന്ധിപ്പിച്ചുകൊണ്ട് രണ്ട് ഇടത്തുരങ്കപാതയും നിര്‍മിച്ചിട്ടുണ്ട്. മുന്നൂറുമീറ്റര്‍ ഇടവിട്ടാണ് ഈ പാതകള്‍.


അളവുകള്‍ 

  1. ഉയരം  8.95 മീറ്റര്‍ 
  2. നീളം  945 മീറ്റര്‍
  3. നടപ്പാതയുള്‍പ്പെടെ തുരങ്കത്തിന്റെ ആകെ വീതി  14 മീറ്റര്‍ 
  4. രണ്ട് തുരങ്കങ്ങള്‍ തമ്മിലുള്ള അകലം  24 മീറ്റര്‍. 

നേട്ടങ്ങള്‍ 
* മിക്കപ്പോഴും മണിക്കൂറോളം ഗതാഗതകുരുക്കുണ്ടാകുന്ന പാതയില്‍ തുരങ്കം വന്നാല്‍ വെറും ഒന്നരമിനിറ്റുകൊണ്ട് കടന്നുപോകാം.
* ഏത് വലിയ ചരക്കുവാഹനങ്ങള്‍ക്കും സുഗമമായി സഞ്ചരിക്കാം. 
* കൊച്ചികോയമ്പത്തൂര്‍ വ്യവസായ ഇടനാഴി പദ്ധതിക്ക്  മുതല്‍ക്കൂട്ടാകും. 
* നിലവിലുള്ള പാത വനഭൂമിയാക്കിമാറ്റാനാകും. 

(മാതൃഭൂമി തൊഴില്‍വാര്‍ത്തയുടെ ഹരിശ്രീയില്‍ പ്രസിദ്ധീകരിച്ചത്)

thozhil

Content Highlights: Kuthiran twin tube tunnel