കോഴിക്കോട് :  കോഴിക്കോട്ടെ രാഷ്ട്രീയ സമവാക്യങ്ങള്‍ മാറുകയാണ്. കോട്ട കാക്കാനും പിടിച്ചടക്കാനുമുള്ള എല്‍.ഡി.എഫ ്‌യു.ഡി.ഫ് മുന്നണികളുടെ പടയോട്ടത്തിനിടയില്‍ ബി.ജെ.പി കൂടി ശക്തമായ സാന്നധ്യമാകുകയാണ്. 

കോഴിക്കോട് ജില്ല മൊത്തമായെടുത്താല്‍ എല്‍ഡിഎഫിന് തന്നെയാണ് മികച്ച നേട്ടമുണ്ടാക്കാനായത്. കോര്‍പ്പറേഷന്‍, ജില്ലാ,ബ്ലോക്ക് ഗ്രാമ പഞ്ചായത്തുകളില്‍ വ്യക്തമായ ഭൂരിപക്ഷത്തോടെ എല്‍ഡിഎഫ് മുന്നേറി.

കോര്‍പ്പറേഷനില്‍ 47 ഡിവിഷനുകളിലാണ് എല്‍.ഡി.എഫ്  വിജയക്കൊടി പാറിച്ചത്.  കഴിഞ്ഞവര്‍ഷം 34 വാര്‍ഡുകള്‍ നേടിയ യുഡിഎഫിന് 20 ഇടങ്ങളില്‍ ഒതുങ്ങേണ്ടിയും വന്നു. 

അതേസമയം, കോര്‍പ്പറേഷനില്‍ ഏഴ് വാര്‍ഡുകളില്‍ ശക്തി തെളിയിക്കാന്‍ ബി.ജെ.പിക്കായി. ബേപ്പൂര്‍, ബേപ്പൂര്‍ പോര്‍ട്ട്, ചേവരമ്പലം, സിവില്‍ സ്റ്റേഷന്‍, കാരപ്പറമ്പ്, മാറാട്, മീഞ്ചന്ത ഡിവിഷനുകളാണ് ബിജെപ്പിക്കൊപ്പം നിന്നത്.  ചക്കോരുത്തുകളത്ത് നേരിയ ഭൂരിപക്ഷത്തിനാണ് ബി.ജെ.പി സ്ഥാനാര്‍ഥി തോറ്റത്. മുന്‍ മേയറായ സി.പി.എമ്മിന്റെ തോട്ടത്തില്‍ രവീന്ദ്രന് ബി.ജെ.പി സ്ഥാനാര്‍ഥിയായ എം ജഗന്നാഥനേക്കാള്‍ 34 വോട്ട് മാത്രമാണ് കൂടുതല്‍ നേടാനായത്.

നഗരസഭകളിലും എല്‍.ഡി.എഫിന് മേല്‍ക്കൈ നേടാനായി. വടകരയും കൊയിലാണ്ടിയും എല്‍ഡിഎഫ് നിലനിര്‍ത്തിയപ്പോള്‍ പുതിയതായി കൂട്ടിച്ചേര്‍ക്കപ്പെട്ട നഗരസഭകളില്‍ കൊടുവള്ളിയും പയ്യോളിയും മാത്രമാണ് യുഡിഎഫിന് ലഭിച്ചത്. ഫറോക്ക്,  മുക്കം, രാമനാട്ടുകര, തുടങ്ങിയ നഗരസഭകള്‍ എല്‍.ഡ.ിഎഫിനൊപ്പം നിന്നു.

രൂപവത്കരിച്ചകാലം മുതല്‍ ജില്ലാ പഞ്ചായത്ത് ഭരണം നിലനിര്‍ത്തിയ എല്‍.ഡി.എഫിന് ഇത്തവണയും നറുക്കുവീണു. 2010 ല്‍ കേവലം ഒരംഗത്തിന്റെ ഭൂരിപക്ഷത്തിനാണ് എല്‍.ഡി.എഫ് ഭരണം നിലനിര്‍ത്തിയതെങ്കിലും 16 ഡിവിഷനുകളില്‍ വിജയിച്ച് മികച്ച ഭൂരിപക്ഷം ഇത്തവണ നേടാനായി. യു.ഡി.എഫിന് 11 ഇടങ്ങളില്‍ ചുരുങ്ങേണ്ടിയും വന്നു.  

ആര്‍.എം.പിയുടെ സാന്നിധ്യം വടകരമേഖലയില്‍ സിപിഎമ്മിന് ഇത്തവണ കാര്യമായ തലവേദന സൃഷ്ടിച്ചില്ലെന്നുവേണം കരുതാന്‍. എടച്ചേരി വാര്‍ഡില്‍  യു.ഡി.എഫ് പിന്തുണച്ചിട്ടുപോലും ആര്‍.എം.പി സ്ഥാനാര്‍ഥിയായ പി.ആര്‍ പ്രമീളയ്ക്ക് അത് നേട്ടമാക്കാനായില്ല. 

ബ്ലോക്ക് പഞ്ചായത്തുകളില്‍ ഇത്തവണയും എല്‍.ഡി.എഫിന്റെ നില ഭദ്രമായി. 12 ബ്ലോക്കുകളില്‍ 9 എണ്ണം എല്‍.ഡി.എഫിനൊപ്പം നിന്നപ്പോള്‍ മൂന്നിടങ്ങളില്‍മാത്രമാണ് യുഡിഎഫിന് ജയിക്കാനായത്. കഴിഞ്ഞ തവണ നാല് ബ്ലോക്കുകളാണ് യു.ഡി.എഫിനൊപ്പം നിന്നത്. 

ഗ്രാമപഞ്ചായത്തുകളില്‍ യു.ഡി.എഫിനുണ്ടായിരുന്ന മേല്‍ക്കൈ ഇത്തവണ നഷ്ടപ്പെടുകയും ചെയ്തു. 70 ഗ്രമപഞ്ചായത്തുകളില്‍ 47 എണ്ണം എല്‍ഡി.എ.ഫിന് ലഭിച്ചു. 23 ഇടങ്ങളില്‍മാത്രമാണ് യുഡിഎഫിന് ഭൂരിപക്ഷം നേടാനായത്.  കഴിഞ്ഞതവണ യുഡിഎഫിന് 38 പഞ്ചായത്തുകളില്‍ ഭൂരിപക്ഷമുണ്ടായിരുന്ന സ്ഥാനത്താണിത്. 36 പഞ്ചായത്തുകളില്‍ ഭരണം എല്‍ഡിഎഫിനുമായിരുന്നു. അഞ്ച് പഞ്ചായത്തുകള്‍ നഗരസഭകളോട് കൂട്ടിച്ചേര്‍ക്കപ്പെട്ടതിനാലാണ് പഞ്ചായത്തുകളുടെ എണ്ണം 70 ആയി കുറഞ്ഞത്.