കൊല്ലം: ക്ഷേത്രവളപ്പില്‍ യുവാവിനെ കുത്തിക്കൊന്ന രണ്ടുപേരെക്കൂടി പോലീസ് അറസ്റ്റ് ചെയ്തു. ശക്തികുളങ്ങര കന്നിമേല്‍ച്ചേരി വേനൂര്‍ വടക്കതില്‍ നിതിന്‍ദാസ് (ഉണ്ണിക്കുട്ടന്‍-23), നികേഷ് (രാഹുല്‍-21) എന്നിവരെയാണ് വെസ്റ്റ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ ആര്‍.സുരേഷിന്റെ നേതൃത്വത്തില്‍ അറസ്റ്റ് ചെയ്തത്.

വ്യാഴാഴ്ച പുലര്‍ച്ചെ അഞ്ചിന് നീണ്ടകര ഹാര്‍ബറില്‍നിന്നാണ് ഇവര്‍ പിടിയിലായത്. കൊലപാതകം നടന്ന ബുധനാഴ്ചതന്നെ രണ്ടാം പ്രതി പരുവക്കത്തറ പാരൂരഴികത്ത് തെക്കതില്‍ വാടകയ്ക്ക് താമസിക്കുന്ന ശ്രീക്കുട്ട(21)നെ പിടികൂടിയിരുന്നു.

തിരുമുല്ലവാരം മൂലങ്കര ലക്ഷംവീട് കോളനിയില്‍ ബാബുവിന്റെ മകന്‍ സുമേഷി(കുട്ടന്‍-30)നെയാണ് ഇടയ്ക്കാട്ടുകാവ് ധര്‍മ്മശാസ്താക്ഷേത്രവളപ്പില്‍ ബുധനാഴ്ച രാവിലെ വെട്ടിയും കുത്തിയും കൊലപ്പെടുത്തിയത്. ഒരു സ്ത്രീയെച്ചൊല്ലി സുമേഷും ഉണ്ണിക്കുട്ടനും തമ്മില്‍ ഫോണിലുണ്ടായ വാക്കേറ്റമാണ് കൊലപാതകത്തില്‍ അവസാനിച്ചത്.

ക്ഷേത്രത്തില്‍ ചിറപ്പിനുള്ള മൈക്ക് സെറ്റും ലൈറ്റും പരിശോധിക്കുന്നതിനിടെ ആയുധങ്ങളുമായെത്തി സുമേഷിനെ ആക്രമിക്കുകയായിരുന്നു. മൈക്ക് സെറ്റിന്റെയും ലൈറ്റിന്റെയും പണിയാണ് സുമേഷിന്. അക്രമികളില്‍ ഒരാള്‍ സുമേഷിന്റെ ബന്ധുവിന്റെ വീട്ടിലെത്തി ഭീഷണിപ്പെടുത്തിയിരുന്നു. അതിനുശേഷമാണ് മൂവരും ക്ഷേത്രത്തിലെത്തിയത്.

ക്ഷേത്രത്തില്‍ സ്ത്രീകളടക്കം നില്‍ക്കുമ്പോള്‍ ഭീഷണിമുഴക്കിയെത്തിയ ഇവര്‍ ഭയന്നോടിയ സുമേഷിനെ പിന്തുടര്‍ന്നാണ് ആക്രമിച്ചത്. കൊലപാതകത്തിനുശേഷം രക്ഷപ്പെടുന്നതിനിടെയാണ് ശ്രീക്കുട്ടനെ നാട്ടുകാര്‍ പിന്തുടര്‍ന്ന് പിടികൂടിയത്.

കുത്താനുപയോഗിച്ച കത്തി പോലീസ് കണ്ടെടുത്തു. വാളും ഇവര്‍ രക്ഷപ്പെട്ട ബൈക്കും കണ്ടെത്താനുണ്ട്. അതിനും തുടരന്വേഷണത്തിനും റിമാന്‍ഡിലുള്ള മൂന്നുപേരെയും കസ്റ്റഡിയില്‍ വാങ്ങും. സി.ഐ.യ്ക്ക് പുറമെ ശക്തികുളങ്ങര സ്റ്റേഷനിലെ എസ്.ഐ. ഉണ്ണി, ഗ്രേഡ് എസ്.ഐ. മോഹനന്‍, എ.എസ്.ഐ.മാരായ അജയന്‍, വിനോദ്, ആന്റണി തുടങ്ങിയവരാണ് കേസ് അന്വേഷിക്കുന്നത്.