കണ്ണൂര്‍: ഐ.ടി. മിഷന്റെ നേതൃത്വത്തില്‍ സംസ്ഥാനത്ത് ആദ്യമായി സര്‍ക്കാര്‍ നേതൃത്വത്തില്‍ ഇ ലേണിങ് സംവിധാനം വരുന്നു. വിദ്യാഭ്യാസസ്ഥാപനങ്ങളില്‍ ചേരാതെ വിവിധ വിഷയങ്ങള്‍ ഉള്‍പ്പെട്ട കോഴ്‌സുകള്‍ ഓണ്‍ലൈനായി പഠിച്ച് ഓണ്‍ലൈനായി പരീക്ഷയെഴുതി സര്‍ട്ടിഫിക്കറ്റ് നേടാനുതകുന്ന പദ്ധതിയാണ് വിഭാവനംചെയ്യുന്നത്.

തുടക്കമെന്ന നിലയില്‍ രണ്ടു കോഴ്‌സുകള്‍ ഐ.ടി. മിഷന്‍ തുടങ്ങിയിട്ടുണ്ട്. ഭാവിയില്‍ സര്‍ക്കാര്‍ സംബന്ധമായ എല്ലാ വിഷയങ്ങളെക്കുറിച്ചും അറിവും പരിശീലനവും നല്കാനും പരീക്ഷ ആവശ്യമെങ്കില്‍ അത് നടത്താനുമാണ് തീരുമാനം. സര്‍വകലാശാലകളുമായി ബന്ധപ്പെട്ട് മറ്റു കോഴ്‌സുകളും നടത്താന്‍ ഐ.ടി. വകുപ്പിന് പദ്ധതിയുണ്ട്. വിവിധ ഡിപ്പാര്‍ട്ട്‌മെന്റുകളെയും വിദ്യാര്‍ഥികളെയുമാണ് ഐ.ടി. മിഷന്‍ ഇതിനായി ലക്ഷ്യമിടുന്നത്.

 

ഇന്‍ഫര്‍മേഷന്‍ സെക്യൂരിറ്റി എവെയര്‍നസ് എന്നതാണ് നിലവില്‍ തുടങ്ങിയ കോഴ്‌സുകളിലൊന്ന്. ട്രഷറി, ബാങ്കുകള്‍, റെയില്‍വേ, ബി.എസ്.എന്‍.എല്‍. തുടങ്ങിയ സ്ഥാപനങ്ങളിലൂടെയുള്ള ഇടപാടുകള്‍ സാധാരണക്കാര്‍പോലും ഇപ്പോള്‍ ഓണ്‍ലൈനായാണ് ചെയ്യുന്നത്. ഇത്തരം ഇടപാട് നടത്തുന്നതിലെ സുരക്ഷയെക്കുറിച്ചും മറ്റുമുള്ള ബോധവത്കരണ കോഴ്‌സാണ് തുടക്കത്തിലുള്ളത്. എന്തുചെയ്യണം, എന്തു ചെയ്യരുത് എന്ന രീതിയില്‍ വീഡിയോ ക്ലിപ്പിങ് സഹിതമുള്ളതാണ് സിലബസ്. തുടര്‍ന്ന് പരീക്ഷയുമുണ്ടാകും. 

 

ഇ ടെന്‍ഡറിങ്ങില്‍ പങ്കെടുക്കുന്നവര്‍ക്ക് വേണ്ടിയുള്ള വിവരങ്ങള്‍ ഉള്‍പ്പെട്ടതാണ് മറ്റൊരു കോഴ്‌സ്. എങ്ങനെ കാര്യക്ഷമമായി റിട്ടേണ്‍ സമര്‍പ്പിക്കാം തുടങ്ങിയ വിവരങ്ങള്‍ ഇതിലൂടെ പഠിക്കാം. ഈ കോഴ്‌സ് സര്‍ട്ടിഫിക്കറ്റ് നേടുന്നത് പല ജോലികള്‍ക്കും അധികയോഗ്യതയായി പരിഗണിക്കപ്പെട്ടേക്കാം.

 

ഭാവിയില്‍ സംസ്ഥാനത്തെ എല്ലാ വകുപ്പുകള്‍ക്കും ആവശ്യമായ വിവരങ്ങളെക്കുറിച്ച് അറിയാനും അതില്‍ അഭിരുചി നേടാനും പരീക്ഷയെഴുതാനുമുള്ള സംവിധാനം ഇതുവഴി കൊണ്ടുവരാന്‍ പറ്റുമെന്നാണ് ഐ.ടി. മിഷന്‍ കരുതുന്നത്. ഏതു ജോലിയുടെയും പരീശീലനവും ഓണ്‍ലൈന്‍വഴി നേടാന്‍ കഴിയും.

 

ലോകത്ത് എവിടെയിരുന്നും ആര്‍ക്കും പരീക്ഷയെഴുതാം. ക്ലാസ്‌റൂമില്‍ ഇരുന്ന് പഠിക്കുന്ന അതേ അനുഭവം, ഇന്ററാക്ടീവ് കോഴ്‌സുകള്‍, ഏറ്റവും പുതിയ വിവരങ്ങള്‍ ഉള്‍പ്പെടുത്തിക്കൊണ്ടുള്ള കാലോചിതമായ സിലബസ് പരിഷ്‌കരണം എന്നിവയാണ് ഇ ലേണിങ് കോഴ്‌സുകളുടെ പ്രത്യേകത.