കൊച്ചി: അര്‍ജുന്‍ ആയങ്കിയുടെ ഭാര്യ അമലയ്ക്ക് സ്വര്‍ണകടത്തിനെ കുറിച്ച് അറിയാമായിരുന്നെന്ന് കസ്റ്റംസിന് വിവരം ലഭിച്ചു. കേസുമായി ബന്ധപ്പെട്ട്  അര്‍ജുന്റേയും ഷാഫിയുടേയും വീട്ടില്‍ നടത്തിയ റെയ്ഡില്‍ ഡയറികള്‍ കണ്ടെത്തിയിരുന്നു. ഡയറികള്‍ തന്റേതല്ലെന്നും ഭാര്യ അമലയുടേതാണെന്നുമാണ് അര്‍ജുന്‍ കസ്റ്റംസിന് നല്‍കിയ മൊഴി.  ഈ ഡയറിയില്‍ സ്വര്‍ണകടത്തുമായി ബന്ധപ്പെട്ട ചില കണക്കുകളും വിവരങ്ങളും രേഖപ്പെടുത്തിയതായി കണ്ടെത്തിയതോടെയാണ് അമലയെ കസ്റ്റംസ് വീണ്ടും ചോദ്യം ചെയ്യുന്നത്. നേരത്തെ നടത്തിയ ചോദ്യം ചെയ്യലില്‍ അര്‍ജുന്റെ സാമ്പത്തിക ഇടപാടുകളെ കുറിച്ചോ സ്വര്‍ണക്കടത്തിനെ കുറിച്ചോ തനിക്ക് അറിവില്ലെന്നായിരുന്നു അമല മൊഴി നല്‍കിയത്. 11 മണിക്ക് കൊച്ചിയിലെ കസ്റ്റംസ് ഓഫീസിലാണ് ചോദ്യം ചെയ്യല്‍. 

കരിപ്പൂര്‍ സ്വര്‍ണക്കടത്തിന്റെ മുഖ്യ ആസൂത്രകന്‍ അര്‍ജുനായിരുന്നെന്നാണ് കസ്റ്റംസിന്റെ നിഗമനം. ഇതുമായി ബന്ധപ്പെട്ട്   കൂടുതല്‍ വിവരങ്ങള്‍ ശേഖരിക്കാന്‍ അര്‍ജുനേയും മറ്റൊരു പ്രതിയായ മുഹമ്മദ് ഷാഫിയേയും ഒരുമിച്ചിരുത്തി ചോദ്യം ചെയ്യേണ്ടതായുണ്ട്. ഇതിനായി പ്രതികളെ വീണ്ടും കസ്റ്റഡിയില്‍ ലഭിക്കാന്‍ കീഴ്‌ക്കോടതിയില്‍ അപേക്ഷ നല്‍കിയെങ്കിലും കോടതി ഇത് തള്ളിയിരുന്നു. കസ്റ്റഡി ലഭിക്കാന്‍ ഹൈക്കോടതിയെ സമീപിക്കാനാണ് കസ്റ്റംസിന്റെ നീക്കം. ഇതിനായുള്ള ഹര്‍ജിയും ഇന്ന് നല്‍കിയേക്കും.

 

content Highlight: Customs question Arjun Ayanki’s wife Amala