കണ്ണൂര്‍: ചരിത്രകാരന്മാരെയും പുരാവസ്തുവിദഗ്ധരെയും വിസ്മയിപ്പിച്ചുകൊണ്ട് കണ്ണൂര്‍ സെന്റ് ആഞ്ചലസ് കോട്ടയില്‍നിന്ന് ഖനനം നടത്തി പുറത്തെടുത്തത് 35950 പീരങ്കിയുണ്ടകള്‍. കോട്ടയിലെ ഖനനം ഞായറാഴ്ച പൂര്‍ത്തിയായി. പീരങ്കിയുണ്ടകള്‍ കോട്ടയിലെ പുരാവസ്തുവകുപ്പിന്റെ മുറിയില്‍ സൂക്ഷിച്ചിട്ടുണ്ട്.

ഞായറാഴ്ചത്തെ അവസാനഘട്ട ഖനനത്തില്‍ 5300 പീരങ്കിയുണ്ടകളാണ് പുറത്തെടുത്തത്. കോട്ടയില്‍ ലൈറ്റ് ആന്‍ഡ് സൗണ്ട്‌ഷോയ്ക്ക് വേണ്ടി ചാല്‍ കീറുമ്പോഴാണ് കഴിഞ്ഞ പത്തിന് പീരങ്കിയുണ്ടകള്‍ കണ്ടെത്തിയത്. തുടര്‍ന്ന് പൂരാവസ്തുവകുപ്പിനെ വിവരമറിയിക്കുകയും അവരുടെ നേതൃത്വത്തില്‍ കൂടുതല്‍ ഖനനം നടത്തുകയുമായിരുന്നു.
 
പത്തുദിവസംകൊണ്ട് നാല് കുഴികളില്‍നിന്നായാണ് ഇത്രയും വെടിയുണ്ടകള്‍ പുറത്തെടുത്തത്. പലവലിപ്പത്തിലുള്ള ഇവയില്‍ ചിലത് പൊട്ടിയിട്ടുണ്ട്. ചിലതിന്റെ ഉള്ള് പൊള്ളയാണ്. ഇനി ഇവ രാസവസ്തുക്കള്‍ ഉപയോഗിച്ച് സംരക്ഷിക്കണം. അതിനുശേഷമേ തുടര്‍പഠനങ്ങള്‍ നടത്താനാവൂ എന്ന് പുരാവസ്തുവിദഗ്ധന്‍ സി.കുമാരനും സര്‍വേയര്‍ എല്‍.ആര്‍.രാഗേഷും പറഞ്ഞു.

നാല് കുഴികളില്‍ നാലാമത്തേതിലാണ് ഏറ്റവുമധികം വെടിയുണ്ടകള്‍ കുഴിച്ചിട്ടിരുന്നത്. കോട്ടമതില്‍വരെ ഈ ശേഖരം പരന്നുകിടന്നിരുന്നു. പോര്‍ത്തുഗീസ്, ഡച്ച്, അറക്കല്‍, ബ്രിട്ടീഷ് എന്നീ നാല് ശക്തികള്‍ കൈമറിഞ്ഞ ഈ കോട്ടയിലെ പീരങ്കിയുണ്ടകള്‍ ആരുപയോഗിച്ചതാണെന്നാണ് ഇനിയറിയേണ്ടത്. ഇരുമ്പുണ്ടകള്‍ തൂത്തുക്കുടിയിലും മലബാറിലുമായി നിര്‍മിച്ചതാവാന്‍ സാധ്യതയുണ്ടെന്ന് അവര്‍ കരുതുന്നു. തിങ്കളാഴ്ച സാംസ്‌കാരിക മന്ത്രി കെ.സി.ജോസഫ് കോട്ട സന്ദര്‍ശിക്കും.