ന്യൂഡല്‍ഹി: തൃശ്ശൂര്‍ പൂരത്തിന് എഴുന്നള്ളിച്ച ആനകള്‍ ക്രൂരമായ പീഡനത്തിന് ഇരയായെന്ന് മൃഗക്ഷേമ ബോര്‍ഡിന്റെ റിപ്പോര്‍ട്ട്. സുപ്രീംകോടതിയില്‍ ബോര്‍ഡ് സമര്‍പ്പിച്ച റിപ്പോര്‍ട്ടിലാണ് ഇക്കാര്യമുള്ളത്.
പൂരത്തിന് എഴുന്നള്ളിച്ച ആനകളില്‍ കണ്ണുകള്‍ക്ക് ഗുരുതരമായി പരിക്കേറ്റവയും മാരകമായി മുറിവേറ്റവയും ഉണ്ടായിരുന്നു. പല ആനകളുടെയും കാല്‍നഖങ്ങള്‍ പൊട്ടിയ നിലയിലായിരുന്നു. മുറിവുകള്‍ കറുത്ത തുണികൊണ്ട് മറയ്ക്കപ്പെട്ടിരുന്നതായും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. കടുത്ത ചൂടില്‍ കുടിക്കാന്‍ ആവശ്യമായ വെള്ളം നല്‍കാതെ കാലുകള്‍ ചങ്ങലയ്ക്കിട്ട നിലയിലായിരുന്നു ആനകളെന്നും നിയന്ത്രിക്കുന്നതിന് തോട്ടി പോലുള്ള നിരോധിക്കപ്പെട്ട ഉപകരണങ്ങള്‍ ഉപയോഗിച്ചിരുന്നെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.
ആനകളില്‍ മിക്കതിനും വിവിധ രോഗങ്ങള്‍ ഉള്ളവയാണെന്ന് പ്രത്യക്ഷത്തില്‍ത്തന്നെ വ്യക്തമായിരുന്നെന്നും വനം-വന്യജീവി വകുപ്പും മൃഗസംരക്ഷണ വകുപ്പും നല്‍കിയ ഫിറ്റ്നസ്സ് സര്‍ട്ടിഫിക്കറ്റ് നിയമാനുസൃതമല്ലായിരുന്നെന്നും റിപ്പോര്‍ട്ടിലുണ്ട്.
മൃഗസംരക്ഷണവുമായി ബന്ധപ്പെട്ട് നിലവിലുള്ള പല നിയമങ്ങളും ലംഘിച്ചുകൊണ്ടാണ് ആനകളെ ഉപയോഗിച്ചത്. എഴുന്നള്ളിക്കപ്പെട്ട 67 ആനകളില്‍ 31 എണ്ണത്തെയും അനധികൃതമായാണ് ഇവിടെ എത്തിച്ചതെന്നും ഇവയ്ക്ക് ഉടമസ്ഥാവകാശ സര്‍ട്ടിഫിക്കറ്റ് ഇല്ലായിരുന്നെന്നും റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാണിക്കുന്നുണ്ട്.
ആനകള്‍ അനുഭവിച്ച ക്രൂരത വ്യക്തമാക്കുന്ന ഫോട്ടോകളും വീഡിയോകളും ഉള്‍ക്കൊള്ളുന്നതാണ് മൃഗക്ഷേമ ബോര്‍ഡ് കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ട്.
എഴുന്നള്ളിക്കപ്പെട്ട മുഴുവന്‍ ആനകളെയും വീണ്ടും പരിശോധനയ്ക്ക് വിധേയമാക്കുവാനും അവയുടെ ആരോഗ്യം, ഉടമസ്ഥാവകാശം എന്നിവ പരിശോധിച്ച് നടപടി സ്വീകരിക്കാനും റിപ്പോര്‍ട്ട് ആവശ്യപ്പെട്ടിട്ടുണ്ട്. ഇപ്രകാരം ഉപയോഗിക്കുന്ന ആനകളെ 2001ലെ പെര്‍ഫോമിംഗ് ആനിമല്‍സ് റൂള്‍സ് പ്രകാരം മൃഗക്ഷേമ ബോര്‍ഡില്‍ രജിസ്റ്റര്‍ ചെയ്യണമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
പൂരത്തിന് മുന്നോടിയായി ആനകളെ പരിശോധിക്കുന്നതിന് ഏപ്രില്‍ 16ന് ആനിമല്‍ വെല്‍ഫെയര്‍ ബോര്‍ഡ് സംഘത്തിന് അധികൃതര്‍ അനുമതി നിഷേധിച്ചിരുന്നു. പരിശോധനാ ഉദ്യോഗസ്ഥരെ ജോലിചെയ്യാന്‍ അനുവദിക്കാതിരുന്ന ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് സംസ്ഥാന സര്‍ക്കാരിന് പരാതിയും നല്‍കിയിട്ടുണ്ട്.
ഏപ്രില്‍ 17, 18 തീയതികളിലാണ് സംഘം ആനകളെ പരിശോധിച്ചത്. ആനിമല്‍ വെല്‍ഫെയര്‍ ബോര്‍ഡ് അംഗങ്ങളെ കൂടാതെ പീപ്പിള്‍ ഫോര്‍ എത്തിക്കല്‍ ട്രീറ്റ്മെന്റ് ഓഫ് ആനിമല്‍സ് (പീട്ടാ)ന്റെ ഭാഗമായ 'ആനിമല്‍ രാഹതി'ല്‍ നിന്നുള്ള വിദഗ്ധരും കേരളത്തിലെ വിവിധ മൃഗസ്നേഹികളുടെ സംഘടനയിലെ അംഗങ്ങളും പരിശോധനാസംഘത്തില്‍ ഉള്‍പ്പെട്ടിരുന്നു.
റിപ്പോര്‍ട്ടും ചിത്രങ്ങളും പൂര്‍ണ രൂപത്തില്‍