പാലക്കാട്: കുഴല്‍മന്ദത്തുനിന്ന് നാലുമാസത്തിനകം രണ്ട് മെഗാവാട്ട് സൗരോര്‍ജ വൈദ്യുതി കെ.എസ്.ഇ.ബി.യുടെ വിതരണശൃംഖലയിലെത്തും. 14.58 കോടി ചെലവില്‍ അനെര്‍ട്ടാണ് സൗരോര്‍ജ വൈദ്യുതി പ്ലാന്റ് നിര്‍മിക്കുന്നത്. സര്‍ക്കാര്‍തലത്തില്‍ സംസ്ഥാനത്ത് പൂര്‍ത്തിയാവുന്ന ഏറ്റവും വലിയ പദ്ധതിയാവുമിത്.

കുഴല്‍മന്ദത്ത് പുല്ലൂപ്പാറയില്‍ പോളിടെക്‌നിക്കിനുസമീപം പത്തേക്കറിലാണ് സൗരോര്‍ജ പാനലുകള്‍ സ്ഥാപിക്കുക. പാനലുകള്‍ സ്ഥാപിക്കുന്ന ജോലി മൂന്നുമാസത്തിനകം പൂര്‍ത്തിയാവും. ഉത്പാദിപ്പിക്കുന്ന വൈദ്യുതി കെ.എസ്.ഇ.ബി.യുടെ കൊടുവായൂര്‍ സബ്‌സ്റ്റേഷനിലേക്കാണ് വിതരണത്തിനെത്തിക്കുക. തറനിരപ്പിലാണ് പാനലുകള്‍ സ്ഥാപിക്കുക. ബോഷ് കമ്പനിക്കാണ് നിര്‍മാണച്ചുമതല.
നെടുമ്പാശ്ശേരി വിമാനത്താവളത്തിലെ 12 മെഗാവാട്ട് സൗരോര്‍ജപദ്ധതിയും ഇതേ കമ്പനിയാണ് പൂര്‍ത്തിയാക്കിയത്.

കുഴല്‍മന്ദത്ത് സ്ഥാപിക്കുന്ന സൗരോര്‍ജ വൈദ്യുതികേന്ദ്രത്തിനൊപ്പം ഈ രംഗത്തെ ഗവേഷണത്തിനും പരിശീലനപരിപാടികള്‍ക്കും സൗകര്യമൊരുക്കാനും പദ്ധതിയുണ്ട്.
കേന്ദ്രനയമനുസരിച്ച് കെ.എസ്.ഇ.ബി. ഉള്‍പ്പെടെ വൈദ്യുതിവിതരണ സ്ഥാപനങ്ങള്‍ നല്‍കുന്ന വൈദ്യുതിയുടെ മൂന്നുശതമാനം പാരമ്പര്യേതര ഊര്‍ജമേഖലയില്‍ നിന്നാവണം. ഇതില്‍ 25 ശതമാനം സൗരോര്‍ജ വൈദ്യുതിയാവണം. അതിനാല്‍ പദ്ധതി സമയബന്ധിതമായി യാഥാര്‍ഥ്യമാവും.

കെ.എസ്.ഇ.ബി.യുടെ സംസ്ഥാനത്തെ ആദ്യ സൗരോര്‍ജ വൈദ്യുതപദ്ധതി ആഗസ്തില്‍ കഞ്ചിക്കോട്ട് പ്രവര്‍ത്തനം തുടങ്ങി. ഒരു മെഗാവാട്ടാണ് ശേഷി. കുഴല്‍മന്ദത്തെ പ്ലാന്റില്‍നിന്ന് പ്രതിവര്‍ഷം 30 ലക്ഷം യൂണിറ്റ് വൈദ്യുതി കെ.എസ്.ഇ.ബി. ഗ്രിഡ് വഴി നല്‍കാന്‍ കഴിയും.

പാനലുകള്‍ സ്ഥാപിക്കുന്ന ജോലി വേഗം പൂര്‍ത്തിയാവും. നിയന്ത്രണമുറിയുടെ നിര്‍മാണത്തിനാണ് സമയം വേണ്ടിവരിക. പൊടിപടലങ്ങള്‍ അടിയാതെ പാനലുകള്‍ വൃത്തിയായി സൂക്ഷിക്കുന്നതുള്‍പ്പെടെ അറ്റകുറ്റപ്പണികള്‍ക്കും സംവിധാനമൊരുക്കും. നിര്‍മാണോദ്ഘാടനം മന്ത്രി ആര്യാടന്‍ മുഹമ്മദ് വെള്ളിയാഴ്ച 10ന് അനെര്‍ട്ട് പ്രോജക്ട് സൈറ്റില്‍ നിര്‍വഹിക്കും.