വകുപ്പുകളുടെ പേരു വെക്കാം
കണ്ണൂര്‍: 'കേരള സ്റ്റേറ്റ്' എന്ന ബോര്‍ഡ് സംസ്ഥാന മന്ത്രിമാര്‍ക്കോ തത്തുല്യപദവി വഹിക്കുന്നവര്‍ക്കോ നല്‍കിയിട്ടുള്ള വാഹനത്തില്‍ മാത്രമേ പ്രദര്‍ശിപ്പിക്കാവൂയെന്നും അല്ലാത്തവാഹനങ്ങളില്‍ കണ്ടാല്‍ നടപടിയെടുക്കാനും നിര്‍ദേശം.
ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണര്‍ ടോമിന്‍ ജെ.തച്ചങ്കരിയാണ് ഇതുസംബന്ധിച്ച് സംസ്ഥാനത്തെ മോട്ടോര്‍ വാഹനവകുപ്പധികൃതര്‍ക്ക് പ്രത്യേക നിര്‍ദേശം നല്കിയത്. സംസ്ഥാന സര്‍ക്കാര്‍ വാഹനങ്ങള്‍, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍, ഭരണഘടനാപരമായ അധികാര സ്ഥാപനങ്ങള്‍ എന്നിവയുടെ വാഹനത്തിലൊന്നും കേരള സ്റ്റേറ്റ് എന്ന ബോര്‍ഡ് പാടില്ല. പലയിടത്തും ചില വകുപ്പുകളുടെ വാഹനത്തില്‍ കേരള സര്‍ക്കാര്‍ എന്ന ബോര്‍ഡാണ് പ്രദര്‍ശിപ്പിച്ചിട്ടുള്ളത്. അത്തരം വാഹനങ്ങളില്‍ നിന്ന് ബോര്‍ഡ് നീക്കം ചെയ്യിക്കണമെന്നും പിഴയീടാക്കണമെന്നും നിര്‍ദേശമുണ്ട്.
ചട്ടവിരുദ്ധമായി ഏതെങ്കിലും വാഹനത്തില്‍ ബോര്‍ഡ് പ്രദര്‍ശിപ്പിച്ചിട്ടുണ്ടെങ്കില്‍ ഫോട്ടോ എടുത്തോ വാട്‌സ് ആപ്പ് വഴിയോ പൊതുജനത്തിന് മോട്ടോര്‍വാഹനവകുപ്പധികൃതരെ വിവരമറിയിക്കാം. പാര്‍ലമെന്റ് അംഗങ്ങളും എം.എല്‍.എമാരും അവരുടെ വാഹനത്തില്‍ മുന്‍വശത്തും പിറകുവശത്തും എം.പിയെന്നോ എം.എല്‍.എ. യെന്നോ ബോര്‍ഡ് പ്രദര്‍ശിപ്പിക്കാം. ബോര്‍ഡിന്റെ നിറം ചുവപ്പും അക്ഷരങ്ങളുടെ നിറം വെളുപ്പുമായിരിക്കണം.
കളക്ടര്‍മാരുടെ വാഹനത്തില്‍ മുന്നിലും പിന്നിലും ജില്ലാകളക്ടര്‍ എന്ന ബോര്‍ഡ് വെക്കാം. ചുവപ്പ് പ്രതലത്തില്‍ വെളുത്ത അക്ഷരങ്ങളായിരിക്കണം. പൊതുമേഖലാ സ്ഥാപനങ്ങള്‍, ബോര്‍ഡുകള്‍, അര്‍ധസര്‍ക്കാര്‍ സ്ഥാപനങ്ങള്‍ എന്നിവയ്ക്ക് അതത് സ്ഥാപനത്തിന്റെ പേരുള്ള ബോര്‍ഡ് മാത്രമേ വെക്കാവൂ. ചിലര്‍ അത്തരം വാഹനങ്ങള്‍ക്കും കേരള സ്റ്റേറ്റ് എന്ന് ബോര്‍ഡ് വെച്ച് പോകുന്നുണ്ട്. അത്തരം വാഹനങ്ങളുടെ ബോര്‍ഡ് മാറ്റുമെന്നും മോട്ടോര്‍വാഹനവകുപ്പധികൃതര്‍ പറഞ്ഞു. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ വാഹനത്തില്‍ മുന്നിലും പിന്നിലും തലവന്റെ ഔദ്യോഗിക പദവി സൂചിപ്പിക്കുന്ന ബോര്‍ഡ് വെക്കാം. രജിസ്‌ട്രേഷന്‍ നമ്പര്‍ മറയ്ക്കുന്ന രീതിയില്‍ ഒരു ബോര്‍ഡും പ്രദര്‍ശിപ്പിക്കാന്‍ പാടില്ല.
ഗവര്‍ണര്‍മുതല്‍ ഒദ്യോഗിക തലപ്പത്തുള്ളവര്‍ക്കും സര്‍വകലാശാലകള്‍ക്കും ഉപയോഗിക്കാവുന്ന ബോര്‍ഡുകളെ കുറിച്ചുള്ള വിവരങ്ങളും കമ്മീഷണര്‍ മോട്ടോര്‍വാഹനവകുപ്പിന് നല്‍കിയിട്ടുണ്ട്. അതിന് വിരുദ്ധമായി ബോര്‍ഡ് പ്രദര്‍ശിപ്പിക്കുന്ന വാഹനങ്ങള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കാനാണ് ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണറുടെ നിര്‍ദേശം.