കോട്ടയം: കാര്‍ട്ടൂണിസ്റ്റ് ടോംസിന്റെ ആത്മകഥ 'എന്റെ ബോബനും മോളിയും' മമ്മൂട്ടി പ്രകാശനം ചെയ്തു. കാര്‍ട്ടൂണുകളിലെ ബോബന്റെയും മോളിയുടെയും ജീവിക്കുന്ന പ്രതിരൂപങ്ങളും ടോംസിന്റെ ഭാര്യയും മക്കളും കൊച്ചുമക്കളും സാക്ഷികളായി. പ്രായാധിക്യംമൂലമുള്ള പ്രശ്‌നങ്ങളുള്ളതിനാല്‍ ടോംസിന് എത്താനായില്ല. ടോംസിന്റെ നര്‍മ്മങ്ങളുടെ ആരാധകന്‍കൂടിയായ മമ്മൂട്ടി, നടന്റെ അലങ്കാരങ്ങളെല്ലാം മാറ്റിവച്ച് അദ്ദേഹത്തെ മുട്ടമ്പലത്തെ വീട്ടില്‍ച്ചെന്ന് കണ്ടു.

കാര്‍ട്ടൂണിസ്റ്റുകളും ആസ്വാദകരും പത്രപ്രവര്‍ത്തകരും നിറഞ്ഞ സദസ്സില്‍ കോട്ടയം പ്രസ്‌ക്ലബ് ഹാളില്‍ നടന്ന ചടങ്ങിലാണ് മമ്മൂട്ടി പ്രകാശനം നിര്‍വഹിച്ചത്. കാര്‍ട്ടൂണ്‍ വരയ്ക്കാന്‍ കാരണക്കാരായ ബോബനും മോളിയും ചേര്‍ന്ന് ഏറ്റുവാങ്ങി. സഹോദരങ്ങളായ ഇവര്‍, നേരത്തെ ടോംസിന്റെ കുട്ടനാട്ടിലെ വീടിനു സമീപമാണ് താമസിച്ചിരുന്നത്. ഇവരുടെ കുസൃതികളാണ് ബോബനും മോളിയുമെന്ന കാര്‍ട്ടൂണ്‍ കഥാപാത്രങ്ങളായി ജനമനസ്സുകളിലേക്ക് കുടിയേറിയത്. കഥാപാത്രങ്ങളോടുള്ള ഇഷ്ടംകൊണ്ട് തന്റെ രണ്ട് മക്കള്‍ക്ക് ടോംസ് ബോബനെന്നും മോളിയെന്നും പേരും നല്‍കി.

ടോംസിന്റെ രചനകളുമായി ഇറങ്ങിയ പ്രസിദ്ധീകരണങ്ങള്‍ 'അറബി പോലെ'യാണ് ജനം വായിച്ചതെന്ന് മമ്മൂട്ടി പറഞ്ഞു. അവസാന പുറത്തിലെ കാര്‍ട്ടൂണും അതിലെ നര്‍മ്മങ്ങളുമാണ് താനുള്‍പ്പെടെയുള്ളവര്‍ ആദ്യം ആസ്വദിച്ചത്. അവ കൂടുതല്‍ വായനയിലേക്ക് മലയാളിയെ കൂട്ടിക്കൊണ്ടുപോയ കാലം അദ്ദേഹം അനുസ്മരിച്ചു. അന്നത്തെ സാമൂഹ്യ, രാഷ്ട്രീയ സാഹചര്യം ചര്‍ച്ച ചെയ്തിരുന്ന ബോബനും മോളിയും മലയാളിയുള്ളിടത്തോളംകാലം ഓര്‍ക്കും.

ബോബനും മോളിയും പകരക്കാരില്ലാത്ത കഥാപാത്രങ്ങളാണ്. എന്നാല്‍ ബോബനെയും മോളിയെയും കഥാപാത്രങ്ങളാക്കി സിനിമയെടുത്തെങ്കിലും വിജയിച്ചില്ല. പിന്നീട് കണ്ടപ്പോള്‍ ഇവരെവെച്ച് വീണ്ടും സിനിമയെടുക്കണമെന്ന് ടോംസ് പറഞ്ഞു. അതില്‍ പോത്തന്‍വക്കീലിന്റെ വേഷം ചെയ്യണമെന്നും നിര്‍ദേശിച്ചു. എന്നാല്‍ താന്‍ അത് നിരുത്സാഹപ്പെടുത്തി. ബോബനും മോളിയും ജനപ്രീതി നേടിയ കാര്‍ട്ടൂണ്‍ കഥാപാത്രങ്ങളാണ്. അവര്‍ അങ്ങനെതന്നെ എന്നും നിലനില്‍ക്കണമെന്നാണ് ആഗ്രഹമെന്നും മമ്മൂട്ടി പറഞ്ഞു.

കേരള കാര്‍ട്ടൂണ്‍ അക്കാദമി ചെയര്‍മാന്‍ പ്രസന്നന്‍ ആനിക്കാട് അധ്യക്ഷനായിരുന്നു. കാര്‍!ട്ടൂണ്‍രംഗത്തെ പ്രതിഭയായ ടോംസിന് പത്മശ്രീ ബഹുമതി ലഭിക്കാന്‍ അര്‍ഹതയുണ്ടെന്ന് പ്രസന്നന്‍ പറഞ്ഞു. രാഷ്ട്രപതി പ്രണബ് മുഖര്‍ജിയുടെ സന്ദേശം, കേരള കാര്‍ട്ടൂണ്‍ അക്കാദമി സെക്രട്ടറി സുധീര്‍നാഥ് വായിച്ചു.

പ്രസ്‌ക്ലബ് പ്രസിഡന്റ് എസ്.മനോജ് ആമുഖപ്രഭാഷണം നടത്തി. മലയാള മനോരമ എഡിറ്റോറിയല്‍ ഡയറക്ടര്‍ തോമസ് ജേക്കബ്, കാര്‍ട്ടൂണിസ്റ്റ് സുകുമാര്‍, കേരള കാര്‍ട്ടൂണ്‍ അക്കാദമി വൈസ്‌ചെയര്‍മാനും മാതൃഭൂമി ചീഫ് സബ് എഡിറ്ററുമായ കെ.ഉണ്ണികൃഷ്ണന്‍, പ്രസ്‌ക്ലബ് സെക്രട്ടറി ഷാലു മാത്യു, അനില്‍ വേഗ, രതീഷ് രവി തുടങ്ങിയവര്‍ പങ്കെടുത്തു.

മുട്ടമ്പലത്തെ വീട്ടിലെത്തിയ മമ്മൂട്ടിയെ, ടോംസിന്റെ ഭാര്യ ത്രേസ്യക്കുട്ടി, മക്കളായ ബോബന്‍, ബോസ്, മോളി, റാണി, ബോബന്റെ ഭാര്യ ഇന്ദിര ട്രീസ, മകള്‍ റോസെല്ല മരിയ തുടങ്ങിയവര്‍ ചേര്‍ന്ന് സ്വീകരിച്ചു.