modi at shankar statue uveilling ceremony
ആര്‍.ശങ്കറിന്റെ പ്രതിമ പ്രധാനമന്ത്രി അനാവരണം ചെയ്യുന്നു. ഫോട്ടോ:  സി.ആര്‍ ഗിരീഷ്‌കുമാര്‍

കൊല്ലം:  വിവാദങ്ങള്‍ക്കിടയില്‍ മുന്‍ മുഖ്യമന്ത്രിയും എസ്.എന്‍.ഡി.പി. യോഗം ജനറല്‍ സെക്രട്ടറിയുമായിരുന്ന ആര്‍.ശങ്കറിന്റെ പൂര്‍ണകായ പ്രതിമ പ്രധാനമന്ത്രി നരേന്ദ്രമോദി അനാവരണം ചെയ്തു. മന്നത്ത് പത്മനാഭനും ആര്‍.ശങ്കറും രൂപവത്കരിച്ച ഹിന്ദുമഹാമണ്ഡലത്തെ ഓര്‍മ്മിപ്പിച്ചും ജനസംഘത്തിന്റെ നേതാവ് ശ്യാമപ്രസാദ് മുഖര്‍ജിയുമായി ആര്‍ ശങ്കറിനുണ്ടായിരുന്ന ബന്ധം അനുസ്മരിച്ചുകൊണ്ടുമായിരുന്നു നരേന്ദ്ര മോദിയുടെ പ്രസംഗം. ഹിന്ദുമഹാമണ്ഡലത്തിന്റെ യോഗത്തില്‍ പങ്കെടുക്കാന്‍ ശ്യാമപ്രസാദ് മുഖര്‍ജിക്ക് ആര്‍ ശങ്കര്‍ ക്ഷണപത്രം അയച്ചകാര്യവും മോദി എടുത്തുപറഞ്ഞു. ആ ശ്യാമപ്രസാദ് മുഖര്‍ജി നേതൃത്വം കൊടുത്ത ജനസംഘമാണ് ഇന്നത്തെ ബി.ജെ.പിയെന്നും അതിന്റെ നേതാവായതില്‍ അഭിമാനിക്കുന്നുവെന്നും മോദി പറഞ്ഞു.

ദേഹാസ്വാസ്ഥ്യം കാരണം പക്ഷേ അന്ന് ഹിന്ദുമഹാമണ്ഡലത്തിന്റെ യോഗത്തില്‍ ശ്യാമപ്രസാദ് മുഖര്‍ജിക്ക് പങ്കെടുക്കാന്‍ കഴിഞ്ഞില്ല. പിന്നീടൊരിക്കല്‍ തിരുവനന്തപുരത്ത് വന്നപ്പോള്‍ ആര്‍.ശങ്കറിനെ അദ്ദേഹം കാണുകയുണ്ടായി. ജനസംഘത്തിന്റെ അഖിലേന്ത്യ സമ്മേളനത്തിലേക്ക് ശ്യാമപ്രസാദ് മുഖര്‍ജി ആര്‍.ശങ്കറിനെ ക്ഷണിച്ചിരുകാര്യവും അദ്ദേഹം അനുസ്മരിച്ചു.

നശീകരണത്തിന്റെ രാഷ്ട്രീയമാണ് കോണ്‍ഗ്രസ് നടത്തുന്നത്. ഞങ്ങള്‍ക്ക് ഭരണം നഷ്ടപ്പെട്ടു ഇനി മറ്റുള്ളവര്‍ ആരും ഭരിക്കേണ്ടെന്ന നിലപാടാണ് കോണ്‍ഗ്രസിന്റേതെന്ന് മോദി കുറ്റപ്പെടുത്തി. പാര്‍ലമെന്റ് നടപടികള്‍ തടസ്സപ്പെടുത്തുന്ന പ്രതിപക്ഷത്തെ രൂക്ഷമായ വിമര്‍ശനവും പരിഹാസവും നിറഞ്ഞതായിരുന്നു മോദിയുടെ പ്രസംഗത്തിന്റെ രണ്ടാം പാതി. രാഷ്ട്രപതി പറഞ്ഞകാര്യങ്ങള്‍ ഉദ്ധരിച്ച് ആഴ്ചകളോളം ചര്‍ച്ചചെയ്തവര്‍ കഴിഞ്ഞദിവസം അദ്ദേഹം പറഞ്ഞത് അവഗണിച്ചുവെന്ന് മോദി കുറ്റപ്പെടുത്തി. പാര്‍ലമെന്ററി സംവിധാനത്തെക്കുറിച്ച് മൂന്നു 'ഡി'കളാണ് രാഷ് ട്രപതി പറഞ്ഞത്. ഡിബേറ്റ്, ഡിസന്റ്, ഡിസിഷന്‍. ചര്‍ച്ചയ്ക്കുള്ള വേദി ഡിബേറ്റ്, വിയോജിപ്പിനുള്ള അവസരം ഡിസന്റ്, തീരുമാനമെടുക്കാനുള്ള ഘട്ടം ഡിസിഷന്‍, എന്നാല്‍ പ്രതിപക്ഷം ഇതെല്ലാം മറന്ന് പകരം മൂന്നു ഡികള്‍ കണ്ടുപിടിച്ചിരിക്കുകയാണ് ഡിസ്രപ്റ്റ്(തടസ്സപ്പെടുത്തുക), ഡിസ്‌ട്രോയി(തകര്‍ക്കുക), ഡിമോളിഷ്(ഇല്ലാതാക്കുക) ഇതാണ് പ്രതിപക്ഷം ഇപ്പോള്‍ കണ്ടുപിടിച്ചിരിക്കുന്നത്. രാഷ്ട്രപതി പറഞ്ഞ മൂന്നു ഡികള്‍ കൂടാതെ അതിന്റെ കൂടി നാലാമതായി ഡിവലപ്‌മെന്റ്(വികസനം) കൂടി ചേര്‍ത്താണ് നമ്മുടെ സര്‍ക്കാര്‍ പ്രവര്‍ത്തിക്കുന്നത് അദ്ദേഹം പറഞ്ഞു. 

modi at kollam
ആര്‍ ശങ്കറിന്റെ പ്രതിമ അനാവരണം ചെയ്യാനായി
പ്രധാനമന്ത്രി എത്തിയപ്പോള്‍. ഫോട്ടോ:  സി.ആര്‍ ഗിരീഷ്‌കുമാര്‍

വളരെ ചുരുക്കം ആളുകള്‍ മാത്രമേ ജനങ്ങളുടെ മനസ്സില്‍ ജീവിക്കുന്നവരായി തീരാറുള്ളൂ. മരിച്ച് ഇത്രയും കാലം കഴിഞ്ഞിട്ടും കേരളത്തിലെ ജനങ്ങളുടെ മനസ്സില്‍ ആര്‍ ശങ്കര്‍ ഇപ്പോഴും ജീവിച്ചിരിക്കുന്നു. രാഷ്ട്രീയക്കാര്‍ പലതരത്തിലുള്ള വിട്ടുവീഴ്ചകളും നടത്താറുണ്ട്. ആര്‍ ശങ്കര്‍ വിട്ടുവീഴ്ച ചെയ്ത് പ്രായോഗിക രാഷ്ട്രീയക്കാരനാകാന്‍ ശ്രമിച്ചില്ല. ഗുരുദേവന്റെ ദര്‍ശനങ്ങള്‍ അടിയുറച്ചാണ് അദ്ദേഹം പ്രവര്‍ത്തിച്ചത്‌. ദളിതര്‍, പീഡപ്പിക്കപ്പെട്ടവര്‍, ചൂഷണം ചെയ്യപ്പെട്ടവര്‍ അവരുടെ ജീവിതം മെച്ചപ്പെടുത്താനുള്ള ശ്രമങ്ങള്‍ ആര്‍ ശങ്കറിന്റെ ഭാഗത്ത് നിന്നുണ്ടായി. ഈ മഹാന്റെ പ്രതിമ അനാവരണം ചെയ്യാന്‍ എനിക്ക് അവസരം നല്‍കിയതില്‍ എസ്.എന്‍.ഡി.യോട് നന്ദിയുണ്ട്. പിന്നാക്കക്കാര്‍ക്ക് ഇന്നും അപമാനങ്ങള്‍ നേരിടേണ്ടിവരുന്നു. അത് അനുഭവിച്ച ആളാണ് ഞാന്‍. വെറും രണ്ട് വര്‍ഷം മുഖ്യമന്ത്രിയായിരുന്ന ആര്‍.ശങ്കറിനെ ഇന്നും ഓര്‍ക്കുന്നത് വെറും രാഷ്ട്രീയക്കാരന്‍ എന്നതിനപ്പുറം സാമൂഹികനേതാവ് എന്ന മഹത്വമുള്ളതുകൊണ്ടാണെന്നും മോദി പറഞ്ഞു. വെള്ളാപ്പള്ളി നടേശന്‍ ഉന്നയിച്ച ആവശ്യങ്ങള്‍ വളരെ ഗൗരവമുള്ളതാണെങ്കിലും പാര്‍ലമെന്റ് സമ്മേളനമായതിനാല്‍ പുതിയ പ്രഖ്യാപനങ്ങള്‍ നടത്താനാകില്ലെന്ന് മോദിപറഞ്ഞു. കേരളത്തിന്റെ വികസനത്തിന് വേണ്ടി കേന്ദ്രസര്‍ക്കാരിന്റെ ഭാഗത്ത് നിന്ന് ഒരു ഉപേക്ഷയുമുണ്ടാകില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

എറണാകുളത്തുനിന്ന് ഹെലികോപ്റ്ററില്‍ എത്തിയ പ്രധാനമന്ത്രി ഉച്ചയ്ക്ക് 3:05 ഓടെ ആശ്രാമം മൈതാനത്തെ ഹെലിപാഡില്‍ ഇറങ്ങി. മേയര്‍ വി.രാജേന്ദ്രബാബുവിന്റെയും കളക്ടര്‍ എ.ഷൈനാമോളുടെയും നേതൃത്വത്തില്‍ ഔദ്യോഗികമായി മോദിയെ സ്വീകരിച്ചു. പ്രതിമാനിര്‍മാണ കമ്മിറ്റിക്കുവേണ്ടി ജനറല്‍ കണ്‍വീനര്‍ എസ്.സുവര്‍ണകുമാര്‍ പ്രധാനമന്ത്രിക്ക് ബൊക്കെ നല്‍കി. ബി.ജെ.പി. ജില്ലാ പ്രസിഡന്റ് എം.സുനിലിന്റെ നേതൃത്വത്തില്‍ പാര്‍ട്ടി നേതാക്കളും സ്വീകരിച്ചു. ആശ്രാമം മൈതാനത്തുനിന്ന് ബുള്ളറ്റ് പ്രൂഫ് കാറില്‍ 10 മിനിട്ടുകൊണ്ട് എസ്.എന്‍.കോളേജിലെ ഉദ്ഘാടനവേദിയിലെത്തി. മുഖ്യമന്ത്രിയെ പ്രതിമ അനാച്ഛാദന ചടങ്ങില്‍ നിന്ന് ഒഴിവാക്കിയതോടെയാണ് പരിപാടി വിവാദത്തിലായത്. യോഗം വൈസ് പ്രസിഡന്റ് തുഷാര്‍ വെള്ളാപ്പള്ളി സ്വാഗതം പറഞ്ഞു. ഇന്ത്യ കണ്ട ഏറ്റവും കഠിനാധ്വാനിയായ പ്രധാനമന്ത്രിയും ആഗോളനേതാവുമാണ് മോദിയെന്ന് ഇംഗ്ലീഷില്‍ നടത്തിയ സ്വാഗത പ്രസംഗത്തില്‍ തുഷാര്‍ വെള്ളാപ്പള്ളി പറഞ്ഞു.

modi at kollam
ആര്‍ ശങ്കറിന്റെ പ്രതിമ അനാവരണം ചെയ്യാനായി
എത്തിയ പ്രധാനമന്ത്രിയെ വെള്ളാപ്പള്ളി നടേശന്‍ സ്വീകരിക്കുന്നു. 
ഫോട്ടോ:  സി.ആര്‍ ഗിരീഷ്‌കുമാര്‍

വിദ്യകൊണ്ട് പ്രബുദ്ധരാകുക എന്ന ഗുരുവിന്റെ ദര്‍ശനം പ്രായോഗികതലത്തില്‍ കൊണ്ടുവന്ന മഹാനാണ് ആര്‍.ശങ്കറെന്ന് വെള്ളാപ്പള്ളി നടേശന്‍ പറഞ്ഞു. കാസര്‍കോട് കേന്ദ്രസര്‍വകലാശാലയ്ക്ക് നവോത്ഥാനനായകനായ നാരായണഗുരുവിന്റെ പേര് നല്‍കണമെന്ന് പ്രസംഗത്തില്‍ മോദിയോട് വെള്ളാപ്പള്ളി അഭ്യര്‍ഥിച്ചു. ശബരിമലയെ ദേശീയതീര്‍ഥാടന കേന്ദ്രമായി പ്രഖ്യാപിക്കണമെന്നും ശബരി റെയില്‍വെ യാഥാര്‍ഥ്യമാക്കണമെന്നും വെള്ളാപ്പള്ളി ആവശ്യപ്പെട്ടു. മൈക്രോഫൈനാന്‍സ് പദ്ധതി വിപുലപ്പെടുത്താന്‍ ആവശ്യമായ സാമ്പത്തിക സഹായം നല്‍കണം. സച്ചാര്‍ കമ്മീഷന്‍ പ്രകാരം. സംവരണാനുകൂല്യം ലഭിക്കാത്ത മുന്നോക്കവിഭാഗത്തിലെ പിന്നാക്കവിഭാഗത്തിനും സംവരണം ലഭ്യമാക്കണമെന്നും അദ്ദേഹം പ്രസംഗത്തില്‍ ആവശ്യപ്പെട്ടു.

 

LIVE COVERAGE