ചരിത്രം കുറിച്ച് മലയാളസിനിമ


തിരുവനന്തപുരം: കേരള രാജ്യാന്തരചലച്ചിത്രമേളയുടെ ഇരുപത് വര്‍ഷത്തെ ചരിത്രത്തിലാദ്യമായി മലയാളസിനിമ അവാര്‍ഡുകള്‍ തൂത്തുവാരി.
ആര്‍.ജയരാജ് സംവിധാനം ചെയ്ത 'ഒറ്റാല്‍' മികച്ച ചിത്രത്തിനുള്ള സുവര്‍ണചകോരം നേടി. ഇതിനുപുറമേ ചലച്ചിത്ര നിരൂപകരുടെ രാജ്യാന്തര സംഘടനയായ ഫിപ്രസിയുടെ മികച്ച ചിത്രം, പ്രേക്ഷകരുടെ മികച്ച ചിത്രം, ഏഷ്യന്‍ സിനിമയുടെ പ്രോത്സാഹനത്തിനുള്ള സംഘടനയായ നെറ്റ്പാക് ന്റെ മികച്ച മലയാളചിത്രം എന്നീ പുരസ്‌കാരങ്ങള്‍ കൂടി നേടി 'ഒറ്റാല്‍' ചരിത്രം കുറിച്ചു. കനകക്കുന്ന് നിശാഗന്ധി ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ ഗവര്‍ണര്‍ പി. സദാശിവം പുരസ്‌കാരങ്ങള്‍ സമ്മാനിച്ചു. ജയരാജ് പുരസ്‌കാരങ്ങള്‍ ഏറ്റുവാങ്ങി. പ്രശസ്ത ഇറാനിയന്‍ സംവിധായകന്‍ ദാരിയുഷ് മെഹറൂജിക്ക് ആജീവനാന്തനേട്ടത്തിനുള്ള പുരസ്‌കാരം ഗവര്‍ണര്‍ ചടങ്ങില്‍ സമ്മാനിച്ചു.
പതിനഞ്ച് ലക്ഷം രൂപയും സാക്ഷ്യപത്രവും ഫലകവുമടങ്ങിയതാണ് സുവര്‍ണചകോരം പുരസ്‌കാരം. സംവിധായകന്‍ ജയരാജും നിര്‍മാതാവ് കെ.മോഹനും ഇത് പങ്കിടും. രജതചകോരം പുരസ്‌കാരം 'ഷാഡോ ബിഹൈന്‍ഡ് ദി മൂണ്‍' എന്ന ചിത്രത്തിന്റെ സംവിധായകന്‍ ജൂന്‍ റോബ്ള്‍ സ്ലാനയ്ക്ക് സമ്മാനിച്ചു. നാലുലക്ഷം രൂപയും ഫലകവും സാക്ഷ്യപത്രവുമടങ്ങുന്നതാണ് പുരസ്‌കാരം.
മികച്ച നവാഗത സംവിധായകനുള്ള രജതചകോരം 'ജലാല്‍സ് സ്റ്റോറി' സംവിധാനം ചെയ്ത അബുഷാഹിദ് ഇമോന്‍ നേടി. മൂന്നുലക്ഷം രൂപയും ഫലകവും സാക്ഷ്യപത്രവുമടങ്ങിയതാണ് ഈ അവാര്‍ഡ്. പ്രശസ്ത ഇറാനിയന്‍ സംവിധായകന്‍ ദാരിയുഷ് മെഹറൂജിക്ക് ആജീവനാന്തനേട്ടത്തിനുള്ള പുരസ്‌കാരം ഗവര്‍ണര്‍ ചടങ്ങില്‍ സമ്മാനിച്ചു.
ഫിപ്രസിയുടെ മികച്ച മലയാളചിത്രത്തിനുള്ള പുരസ്‌കാരം സനല്‍കുമാര്‍ ശശിധരന്‍ സംവിധാനം ചെയ്ത 'ഒഴിവുദിവസത്തെ കളി' എന്ന ചിത്രത്തിന് ലഭിച്ചു. 'ഒറ്റാലി'ലെ അഭിനയത്തിന് കുമരകം വാസുദേവനും ബാലതാരമായ അശാന്ത് കെ.ഷായും ജൂറിയുടെ പ്രത്യേക പരാമര്‍ശത്തിനര്‍ഹരായി.
നേരത്തെ പ്രഖ്യാപിച്ച പത്തുലക്ഷം രൂപയുടെ ആദ്യ ഫെഫ്ക അവാര്‍ഡ് കെ.ജി.ജോര്‍ജിന് ദാരിയുഷ് മെഹ്‌റൂജി സമ്മാനിച്ചു. മേളയുടെ അവതരണചിത്രത്തിനുള്ള പുരസ്‌കാരം ഷമീര്‍ബാബുവിന് ഗവര്‍ണര്‍ സമ്മാനിച്ചു.