മാണി തെറ്റുചെയ്തതായി വിശ്വസിക്കുന്നില്ല. ഹൈക്കോടതി ചില പൊതു പരാമര്‍ശങ്ങള്‍ നടത്തിയതല്ലാതെ മാധ്യമങ്ങളില്‍ വന്നപോലെ കുറ്റപ്പെടുത്തിയിട്ടില്ലെന്നും മുഖ്യമന്ത്രി വാദിച്ചു. ഈ പരാമര്‍ശങ്ങളുടെ പേരില്‍ ഉന്നതമായ രാഷ്ട്രീയമൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിച്ച് മാണി രാജിവെച്ചത് മാതൃകാപരമായ നടപടിയാണ്.
മാണി സ്വമേധയാ രാജിവെച്ചതാണ്. രാജി ആവശ്യപ്പെടാന്‍ കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് നിര്‍ദ്ദേശിച്ചെന്ന മാധ്യമവാര്‍ത്തകളും ശരിയല്ല. തീരുമാനമെടുക്കാന്‍ സംസ്ഥാന നേതൃത്വത്തിന് പൂര്‍ണ സ്വാതന്ത്ര്യം തന്നിരുന്നു.
മാണി രാജിവെക്കണമെന്ന് വി.ഡി.സതീശന്, ടി.എന്‍.പ്രതാപന് തുടങ്ങിയ കോണ്‍ഗ്രസ് നേതാക്കള്‍ ആവശ്യപ്പെട്ടത് ചൂണ്ടിക്കാട്ടിയപ്പോള്‍ മുഖ്യമന്ത്രി അവരെ വിമര്‍ശിച്ചു. ഈ അഭിപ്രായം നേതൃത്വത്തോട് പറയുന്നതിനുപകരം പരസ്യമായി പറയുന്നതിനോട് താന്‍ യോജിക്കുന്നില്ലെന്ന് അദ്ദേഹം പറഞ്ഞു. മാണിയെ മുഖ്യമന്ത്രി പ്രതിരോധിച്ചത് അതിരുകടന്നുവെന്ന സതീശന്റെ പരാമര്‍ശത്തെക്കുറിച്ചുള്ള ചോദ്യത്തിന് മുഖ്യമന്ത്രി ഇങ്ങനെ പ്രതികരിച്ചു- ''ഞാനെന്റെ മനഃസാക്ഷിയനുസരിച്ചേ പ്രവര്‍ത്തിക്കൂ. മനഃസാക്ഷി ശരിയെന്നുപറയുന്നത് പ്രവര്‍ത്തിക്കും. രാഷ്ട്രീയ എതിരാളികളോട് സംസാരിക്കുമ്പോഴും എനിക്ക് എന്റെ ശൈലിയുണ്ട്.''െഎക്യമുന്നണി സംവിധാനത്തില്‍ മന്ത്രിമാരുടെയും വകുപ്പുകളുടെയും കാര്യം അതത് പാര്‍ട്ടികളാണ് തീരുമാനിക്കുന്നത്. മന്ത്രി രാജിവെച്ചതോടെ വകുപ്പ് മുഖ്യമന്ത്രിയുടെ ചുമതലയില്‍ വരും. എന്നാല്‍, ഇത് ആര്‍ക്ക് കൈമാറണമെന്ന കാര്യം കെ.എം.മാണിയുടെ അഭിപ്രായപ്രകാരം തീരുമാനിക്കും. മന്ത്രിസഭയില്‍ ഒരു പുനഃസംഘടനയും ഉണ്ടാകില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു.
1975 മുതല്‍ കേരള കോണ്‍ഗ്രസും കെ.എം.മാണിയും യു.ഡി.എഫിന്റെ ശക്തിസ്രോതസ്സാണ്. അദ്ദേഹം തുടര്‍ന്നും ഈ നിലയില്‍ത്തന്നെ പ്രവര്‍ത്തിക്കുമെന്ന് പ്രസ്താവിച്ചിട്ടുണ്ട്. മാണിയുടെ സേവനം യു.ഡി.എഫിന് മുതല്‍ക്കൂട്ടാണ്.
ഈ കേസില്‍ ആദ്യം മുതലുള്ള സമീപനമാണ് യു.ഡി.എഫിന് ഇപ്പോഴും. എന്ത് ആരോപണം? 400 പേരെ ചോദ്യംചെയ്തിട്ടും തെളിവ് കിട്ടിയിട്ടില്ല. കോടതി പറഞ്ഞത് ചില പൊതുവായ കാര്യങ്ങള്‍ മാത്രമാണ്. അപ്പീല്‍പോയത് അബദ്ധമായെന്ന് തോന്നിയിട്ടില്ല. വിജിലന്‍സ് ഡയറക്ടറുടെ ഇടപെടലിനെപ്പറ്റിയായിരുന്നു പെറ്റീഷനിലെ പ്രധാന വാദം. അതെല്ലാം കോടതി അംഗീകരിച്ചു.
മാണി രാജിവെക്കാന്‍ വൈകിയില്ല. വിധിപ്പകര്‍പ്പ് കിട്ടിയത് തിങ്കളാഴ്ച രാത്രിയാണ്. ഒരു പാര്‍ട്ടിയും മുന്നണിയും ആകുമ്പോള്‍ ചര്‍ച്ചചെയ്തേ തീരുമാനമെടുക്കാനാവൂ. ചൊവ്വാഴ്ച രാവിലെ മുതല്‍ ഘടകകക്ഷികളുമായി ഉഭയകക്ഷിചര്‍ച്ച നടത്തി സാഹചര്യങ്ങള്‍ വിലയിരുത്തിയിരുന്നു. തുടര്‍ന്ന് വീണ്ടും യു.ഡി.എഫ്. യോഗം കൂടിയ അവസരത്തിലാണ് അദ്ദേഹം രാജിതീരുമാനം തന്നെ വിളിച്ചറിയച്ചത്.
ഈ സര്‍ക്കാരിന്റെ പ്രതിച്ഛായയ്ക്ക് ഇതൊന്നും മങ്ങലുണ്ടാക്കിയിട്ടില്ല. തദ്ദേശതിരഞ്ഞെടുപ്പില്‍ ഇടത് തരംഗമാണെന്ന് എല്ലാരും പറഞ്ഞെങ്കിലും വോട്ടുകണക്ക് വന്നപ്പോള്‍ രണ്ട് മുന്നണികളും തമ്മിലുള്ള വ്യത്യാസം വെറും 24,000 വോട്ടാെണന്ന് തെളിഞ്ഞില്ലേ? -മുഖ്യമന്ത്രി ചോദിച്ചു.