തിരുവനന്തപുരം: ബാര്‍ കോഴ കേസിലെ പ്രതികൂല കോടതിവിധിയെ തുടര്‍ന്ന് മന്ത്രി കെ.എം.മാണി രാജിവെച്ചു. അദ്ദേഹത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് ചീഫ് വിപ്പ് തോമസ് ഉണ്ണിയാടനും രാജി നല്‍കി. ഒന്നര ദിവസത്തെ അനിശ്ചിതത്വത്തിനും രാഷ്ട്രീയനീക്കങ്ങള്‍ക്കും ഒടുവില്‍ ചൊവ്വാഴ്ച രാത്രി എട്ടുമണിയോടെയായിരുന്നു രാജിപ്രഖ്യാപനം.

രാജിക്കത്തുകള്‍ റോഷി അഗസ്റ്റിനും ജോസഫ് എം.പുതുശ്ശേരിയും ക്ലിഫ്ഹൗസിലെത്തി മുഖ്യമന്ത്രിക്ക് കൈമാറി. ഈ സമയം ക്ലിഫ്ഹൗസില്‍ യു.ഡി.എഫ്. യോഗം നടക്കുകയായിരുന്നു. മാണിയുടെ രാജി അംഗീകരിക്കുന്നതായി മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പിന്നീട് പത്രസമ്മേളനത്തില്‍ അറിയിച്ചു. എന്നാല്‍, ചീഫ് വിപ്പ് ഉണ്ണിയാടന്റെ രാജി അംഗീകരിച്ചിട്ടില്ല. അദ്ദേഹം രാജിവെച്ചത് പെട്ടെന്നുള്ള പ്രതികരണത്തിന്റെ അടിസ്ഥാനത്തിലായതിനാല്‍, മാണി ഉള്‍െപ്പടെയുള്ളവരുമായി കൂടുതല്‍ ചര്‍ച്ചകള്‍ക്ക് ശേഷമേ അംഗീകരിക്കുന്നതിനെപ്പറ്റി തീരുമാനമെടുക്കൂവെന്നും മുഖ്യമന്ത്രി പറഞ്ഞു.

തന്നോടൊപ്പം പി.ജെ.ജോസഫും രാജിവെച്ച് സര്‍ക്കാരിനെ പുറത്തുനിന്ന് പിന്തുണയ്ക്കാമെന്ന നിര്‍ദ്ദേശം ജോസഫ് തള്ളിയതോടെ മാണി ഒറ്റയ്ക്കായി. പാര്‍ട്ടിയില്‍ മാണി-ജോസഫ് വിഭാഗങ്ങള്‍ തമ്മില്‍ കടുത്ത ഭിന്നതയ്ക്ക് ഇത് വഴിവെച്ചു. ആവര്‍ത്തിച്ചുള്ള രാജിയാവശ്യത്തിനുമുമ്പിലും ജോസഫ് മുഖംതിരിച്ചതോടെ, മാണി ഒറ്റയ്ക്കല്ലെന്ന സന്ദേശം പകരാനാണ് തോമസ് ഉണ്ണിയാടനെക്കൂടി രാജിവയ്പിക്കാന്‍ തീരുമാനിച്ചത്.

പി.ജെ.ജോസഫ് രാജിക്ക് തയ്യാറാകാഞ്ഞതോടെ കേരള കോണ്‍ഗ്രസില്‍ ചേരിതിരിവ് ശക്തമായി. രാജിയാവശ്യം നിരസിച്ച ജോസഫും അദ്ദേഹത്തോടൊപ്പമുള്ളവരും മാണിയുടെ വീട്ടില്‍നിന്ന് നേരത്തെ മടങ്ങിയിരുന്നു. രാജിസമയത്ത് ജോസഫും കൂട്ടരും മാണിയോടൊപ്പമുണ്ടായിരുന്നില്ല.

അഴിമതിക്കേസില്‍ കോടതിവിധി എതിരായതിനെ തുടര്‍ന്നുള്ള രാജിയില്‍ താനും ഒപ്പം കൂടേണ്ടെന്നാണ് ജോസഫിന്റെ തീരുമാനം. കേരള കോണ്‍ഗ്രസിലെ കലഹം സര്‍ക്കാരിനെയും ബാധിക്കുമെന്നതിനാല്‍ കോണ്‍ഗ്രസ്, പി.ജെ.ജോസഫിന്റെ നിലപാടിന് പിന്തുണ നല്‍കി. കൂടുതല്‍ എം.എല്‍.എ.മാരെ ഒപ്പംനിര്‍ത്താന്‍ ജോസഫിന് കോണ്‍ഗ്രസ് നിര്‍ദേശം നല്‍കി.

മാണിഗ്രൂപ്പിന് മൃഗീയഭൂരിപക്ഷമുള്ള സ്റ്റിയറിങ് കമ്മിറ്റിയാണ് രാജിക്കാര്യം ചര്‍ച്ചചെയ്യാനായി മാണി വിളിച്ചത്. സാധാരണ പ്രധാനപ്പെട്ട തീരുമാനങ്ങള്‍ക്ക് ഉന്നതാധികാരസമിതിയാണ് വിളിക്കുക. സ്റ്റിയറിങ് കമ്മിറ്റി യോഗത്തില്‍ പാര്‍ട്ടി തീരുമാനം ജോസഫിനെക്കൊണ്ട് അംഗീകരിപ്പിക്കാമെന്നായിരുന്നു പ്രതീക്ഷ. എന്നാല്‍, രാജിക്കോ യു.ഡി.എഫിനെതിരായ നിലപാടിനോ തങ്ങളില്ലെന്ന് ജോസഫ്ഗ്രൂപ്പ് അസന്നിഗ്ദ്ധമായി വ്യക്തമാക്കി.

ഒരുദിവസം മുഴുവന്‍ നീണ്ട ചര്‍ച്ചകള്‍ക്കും പിരിമുറുക്കങ്ങള്‍ക്കും അവസാനമാണ് മാണിയുടെ രാജി. രാവിലെ ക്ലിഫ്ഹൗസില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി, കെ.പി.സി.സി. പ്രസിഡന്റ് വി.എം.സുധീരന്‍, മന്ത്രി രമേശ് ചെന്നിത്തല എന്നിവര്‍ നടത്തിയ കൂടിയാലോചനയോടെയായിരുന്നു ചര്‍ച്ചകളുടെ തുടക്കം. പിന്നാലെ പി.കെ.കുഞ്ഞാലിക്കുട്ടി, വറുഗീസ് ജോര്‍ജ്ജ്, ഷിബു ബേബിജോണ്‍ തുടങ്ങിയ ഘടകകക്ഷി നേതാക്കളെത്തി. ഹൈക്കോടതിവിധിയും എതിരായതോടെ രാജി അനിവാര്യമാണെന്ന നിലപാടായിരുന്നു എല്ലാവര്‍ക്കും.

മാണിയെക്കൂടി ക്ലിഫ്ഹൗസിലേക്ക് ക്ഷണിച്ചെങ്കിലും കേരള കോണ്‍ഗ്രസ് സ്റ്റിയറിങ് കമ്മിറ്റിയുള്ളതിനാല്‍ അങ്ങോട്ടേക്കില്ലെന്ന് അദ്ദേഹം അറിയിച്ചു. മുന്നണിയിലെ പൊതു അഭിപ്രായം മുഖ്യമന്ത്രി മാണിയെ അറിയിച്ചു.

തുടര്‍ന്ന് ചേര്‍ന്ന കേരള കോണ്‍ഗ്രസ് സ്റ്റിയറിങ് കമ്മിറ്റിയില്‍ താന്‍ രാജിവെക്കാന്‍ സന്നദ്ധനാണെന്ന് മാണി വ്യക്തമാക്കി. എന്നാല്‍, മാണി മാത്രമല്ല, മന്ത്രി ജോസഫും ചീഫ് വിപ്പ് തോമസ് ഉണ്ണിയാടനും രാജിവെക്കണമെന്ന നിലപാടാണ് മാണിഗ്രൂപ്പുകാര്‍ സ്വീകരിച്ചത്. ഇടതുപക്ഷം പാര്‍ട്ടിയെ ഒപ്പംകൂട്ടാന്‍ ശ്രമിച്ചപ്പോള്‍, കോണ്‍ഗ്രസ് നടത്തിയ ഗൂഢാലോചനയാണ് കേസെന്നും ഇത് പാര്‍ട്ടിക്കെതിരായ നീക്കമാണെന്നും അവര്‍ വാദിച്ചു.
എന്നാല്‍, ജോസഫ് ഗ്രൂപ്പുകാര്‍ ഇതിനെ എതിര്‍ത്തു. യോഗത്തിന് വരുംമുമ്പ് ജോസഫ് ഗ്രൂപ്പുകാര്‍ പ്രത്യേക യോഗം ചേര്‍ന്ന് രാജിവെക്കേണ്ടെന്ന നിലപാെടടുത്തിരുന്നു.

അഞ്ച് മണിക്കൂറോളം യോഗം തുടര്‍ന്നെങ്കിലും ഇരുപക്ഷവും തങ്ങളുടെ വാദങ്ങളില്‍ ഉറച്ചുനിന്നു. ജോസഫ് രാജിവെക്കണമെന്ന് മാണി നേരിട്ടോ താന്‍ രാജിവെക്കില്ലെന്ന് ജോസഫ് നേരിട്ടോ പറഞ്ഞില്ല. ഇരുവരും തങ്ങളുടെ അനുയായികളൈക്കാണ്ടാണ് ഇക്കാര്യം പറയിച്ചത്. തീരുമാനത്തിലെത്താനാകാതെ യോഗം പിരിഞ്ഞപ്പോള്‍ സമവായത്തിലെത്താന്‍ മാണിയെയും ജോസഫിനെയുംതന്നെ ചുമതലപ്പെടുത്തി.

ഇരുവരും പത്ത് മിനുട്ടോളം സംസാരിച്ചു. എന്നാല്‍, രാജിക്ക് ജോസഫ് തയ്യാറായില്ല. സമ്മര്‍ദ്ദമേറിയപ്പോള്‍ ആലോചിച്ച് പറയാമെന്ന് വ്യക്തമാക്കി ജോസഫ് വീട്ടിലേക്കുമടങ്ങി. അവിടെ ജോസഫ്ഗ്രൂപ്പ് നേതാക്കളായ ഫ്രാന്‍സിസ് ജോര്‍ജ്ജ്, ടി.യു.കുരുവിള, മോന്‍സ് ജോസഫ്, ആന്റണി രാജു എന്നിവരുമായി വീണ്ടും ചര്‍ച്ച നടത്തി. ഏഴുമണിയോടെ ജോസഫ് രാജിക്കില്ലെന്ന അവസാന തീരുമാനം ആന്റണി രാജു മാണിയെ വീട്ടിലെത്തി അറിയിച്ചു.
ഇതിനിടെ, അഞ്ചുമണിയോടെ യു.ഡി.എഫ്. യോഗം കൂടി മാണിയുടെ രാജി സര്‍ക്കാരിന്റെ ഭാവിയെ ബാധിക്കുമോയെന്ന് ചര്‍ച്ചചെയ്തു. സര്‍ക്കാരിന് എം.എല്‍.എ.മാരുടെ പിന്തുണ ഉറപ്പാക്കാന്‍ തീരുമാനിച്ചു. പരമാവധി എം.എല്‍.എ.മാരെ ഒപ്പംനിര്‍ത്തണമെന്ന മുഖ്യമന്ത്രിയുടെ സന്ദേശവുമായി കെ.സി.ജോസഫ് പി.ജെ.ജോസഫിനെ കണ്ടു.

മാണിയുടെ തീരുമാനം കാത്ത് സന്ധ്യക്ക് ആറുമണിയോടെ യു.ഡി.എഫ്. യോഗം തുടങ്ങി. മാണിയുടെ രാജിക്കത്ത് കിട്ടിയയുടന്‍ എട്ടേകാലിന് യോഗം പിരിഞ്ഞു.