അറുപത് വര്‍ഷത്തെ ചരിത്രമുള്ള  സംസ്ഥാനത്തെ ഭരിച്ച പന്ത്രണ്ട് മന്ത്രിസഭകളില്‍ അംഗമായ ഒരാള്‍,  58 വര്‍ഷം പ്രായമുള്ള കേരള നിയമസഭയുടെ അന്‍പത് വര്‍ഷത്തിനും സാക്ഷിയായ ഒരാള്‍ അതാണ് അതാണ് കരിങ്ങോഴിക്കല്‍ മാണി മാണി എന്ന കെ.എം.മാണി. പാലാക്കാരുടെ മാണി സാര്‍. 

അന്‍പത് വര്‍ഷത്തിലേറെ എം.എല്‍.എയായ, പന്ത്രണ്ട് മന്ത്രിസഭകളില്‍ അംഗമായ, ഏറ്റവും കൂടുതല്‍ ബജറ്റുകള്‍ അവതരിപ്പിച്ച, ഒരു മണ്ഡലത്തില്‍ നിന്ന് ഏറ്റവും കൂടുതല്‍ തവണ ജയിച്ചു കയറി റെക്കോര്‍ഡ് സൃഷ്ടിച്ച മാണിയുടെ ചരിത്രം കേരളകോണ്‍ഗ്രസിന്റെ ചരിത്രമാണ്, പാലയുടേയും മധ്യതിരുവിതാംകൂറിന്റേയും ചരിത്രമാണ്. ഇന്ത്യന്‍ ഭരണഘടന കെ.എം.മാണിക്ക് കാണാപ്പാഠമാണെന്ന് അദേഹത്തിന്റെ അനുയായികള്‍ സാക്ഷ്യപ്പെടുത്തുന്നു. കീഴ് വഴക്കങ്ങളുടേയും റൂളിംഗുകളുടേയും ആധികാരിക ഗ്രന്ഥമായ ശക്തന്‍ ആന്റെ കൗള്‍ ആണ് അദേഹത്തിന്റെ പ്രിയപ്പെട്ട പുസത്കമെന്നും അവര്‍ പറയുന്നു. കേരള കോണ്‍ഗ്രസിന് ഒരു രാഷ്ട്രീയ ദര്‍ശനമുണ്ടാക്കണമെന്ന ലക്ഷ്യത്തോടെ അദേഹം സൃഷ്ടിച്ച അദ്ധ്വാനവര്‍ഗ്ഗസിദ്ധാന്തം ഒരു ശരാശരി രാഷ്ട്രീയക്കാരനില്‍ നിന്നും പ്രതീക്ഷിക്കാവുന്ന ഒന്നല്ല. 2009-ല്‍ ഒരു പുരസ്‌കാരദാനചടങ്ങിനിടെ മാണിയെ ആവോളം പുകഴ്ത്തിയ ഉമ്മന്‍ചാണ്ടി അദേഹത്തെ കോണ്‍ഗ്രസിലേക്ക് ക്ഷണിച്ചിരുന്നു, എന്നാല്‍ കേരള കോണ്‍ഗ്രസാണ് തനിക്ക് എല്ലാമെന്ന് പറഞ്ഞ് മാണി ആ ക്ഷണം നിരസിച്ചു. 

പിളരും തോറും വളരുകയും വളരും തോറും പിളരുകയും ചെയ്യുന്ന പാര്‍ട്ടി എന്നാണ് സ്വന്തം പാര്‍ട്ടിയായ കേരള കോണ്‍ഗ്രസിനെ മാണി വിശേഷിപ്പിക്കുന്നത്. അടിയൊഴുകള്‍ നിറഞ്ഞ, അസ്ഥിരമായ അത്തരമൊരു പാര്‍ട്ടിയുമായാണ് മാണി രാഷ്ട്രീയജീവിതത്തിലെ പടവുകളോരോന്നും ചവിട്ടിക്കയറിയത്. 2011-ല്‍ ജീവിതത്തില്‍ പതിമൂന്നാം തവണ മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത മാണി പിന്നീട് എപ്പോഴോ മാണി യു.ഡി.എഫ് വിടുമെന്നും അദേഹം എല്‍.ഡിഎഫിനൊപ്പം ചേര്‍ന്ന് കേരളമുഖ്യമന്ത്രിയാവുമെന്നും അഭ്യൂഹങ്ങളുണ്ടായി മാണിയെ പുകഴ്ത്തിയും വാഴ്ത്തിയും ഇടതുപക്ഷ നേതാക്കള്‍ നിരന്നപ്പോള്‍ രാഷ്ട്രീയലോകം പോലും അത് കൗതുകത്തോടെയാണ് കണ്ടത്. പക്ഷേ വാഴ്ത്തിയവര്‍ തന്നെ രാജിവച്ചു ഇറങ്ങിപോകാന്‍ പറയുന്നവണ്ണം മാണിക്ക് അടിതെറ്റിയത് എവിടെയാണ്. അരനൂറ്റാണ്ട് നീണ്ട രാഷ്ട്രീയജീവിതത്തില്‍ മണി പയറ്റാത്ത അടവുകള്‍ കുറവാണ്. എന്നാല്‍ ജീവിത സായാഹ്നത്തില്‍ മാണി പയറ്റുന്ന അടവുകള്‍ കേരളരാഷ്ട്രീയം ഇതുവരെ കാണാത്തതാണ്. 

 

പാലാ സെന്റെ തോമസിലെ വിദ്യാഭ്യാസക്കാലത്ത് ഉത്തരവാദഭരണത്തിന് വേണ്ടിയുള്ള സമരത്തില്‍ പങ്കെടുത്ത കുട്ടിക്കളുടെ നേതാവായാണ് കെ.എം.മാണി തന്റെ രാഷ്ട്രീയ ജീവിതത്തിന് തുടക്കമിടുന്നത്. ഡിഗ്രി പൂര്‍ത്തിയാക്കിയ േേശഷം മദ്രാസ് ലോകോളേജില്‍ നിന്ന് ലോയില്‍ ബിരുദം നേടിയ മാണി കോഴിക്കോട് നഗരത്തിലാണ് തന്റെ അഭിഭാഷക പരിശീലനം ആരംഭിക്കുന്നത്.  പരേതനായ മുന്‍ഹൈക്കോടതി ജഡ്ജി പി.ഗോവിന്ദമേനോന് കീഴിലാണ് മാണി അഭിഭാഷക പരിശീലനം ആരംഭിച്ചത്. അക്കാലത്ത് നടന്ന മുന്‍സിപ്പല്‍ ചെയര്‍മാന്‍ തിരഞ്ഞെടുപ്പില്‍ പി.ഗോവിന്ദമേനോന്‍ മത്സരിച്ചപ്പോള്‍ പ്രചരണകമ്മിറ്റിയുടെ ചുമതലവഹിച്ചവരില്‍ പ്രധാനി കെ.എം.മാണിയായിരുന്നു. പിന്‍കാലത്ത് പന്ത്രണ്ട് തവണ പാലായില്‍ നിന്ന്  മത്സരിച്ച് ജയിച്ച് റെക്കോര്‍ഡിട്ട മണി ആദ്യമായി ഒരു തിരഞ്ഞെടുപ്പിന്റെ ഭാഗമായത് കോഴിക്കോട്ടെ ഈ മുന്‍സിപ്പില്‍ തിരഞ്ഞെടുപ്പിലാണ്. ഒരു വര്‍ഷത്തെ പരിശീലനം പൂര്‍ത്തിയാക്കി ജന്മനാട്ടില്‍ തിരിച്ചെത്തിയ മാണി, കോട്ടയം കോടതിയില്‍ തന്റെ ഔദ്യോഗിക അഭിഭാഷക ജീവിതം ആരംഭിച്ചു. ഒപ്പം മദ്ധ്യതിരുവിതാംകൂര്‍ കേന്ദ്രീകരിച്ച് രാഷ്ട്രീയപ്രവര്‍ത്തനവും സജീവമാക്കി. ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ സജീവപ്രവര്‍ത്തകനായ മാണി  ഇലയ്ക്കാട് മണ്ഡലം കോണ്‍ഗ്രസ് പ്രസിഡന്റൊയാണ് അധികാരരാഷ്ട്രീയത്തിന്റെ ഹരിശ്രീ കുറിച്ചത്. 1959-ല്‍ കെ.പി.സി.സി അംഗമായ മാണി, 1964-കോട്ടയം ഡിസിസി പ്രസിഡന്റൊയി.

ഈ കാലത്താണ് അഭ്യന്തരമന്ത്രി പി.ടി.ചാക്കോയ്‌ക്കെതിരെ കോണ്‍ഗ്രസ്സ്  ഗ്രൂപ്പ് പോരിന്റെ ഫലമായി ചില ആരോപണങ്ങളും അപവാദപ്രചരണങ്ങളും ഉണ്ടാവുന്നത്. ഇത് സംസ്ഥാന രാഷ്ട്രീയത്തെ തന്നെ പിടിച്ചുകുലുക്കി. വിവാദങ്ങള്‍ ആളിക്കത്തവേ ഹൃദയസ്തംഭനത്തെ തുടര്‍ന്ന് പി.ടി.ചാക്കോ അപ്രതീക്ഷിതമായി മരണപ്പെട്ടു. പിന്നീട് പാര്‍ട്ടിയിലുണ്ടായ അഭ്യന്തരസംഘര്‍ഷങ്ങള്‍ക്കൊടുവില്‍ കെ.എം.ജോര്‍ജിന്റെ നേത്യത്വത്തില്‍ പതിനഞ്ചോളം കോണ്‍ഗ്രസ് എം.എല്‍.എമാര്‍ പാര്‍ട്ടി പിളര്‍ത്തി പുറത്തു വന്നു. 1964-ല്‍ കോട്ടയം തിരുനക്കര മൈതാനിയില്‍ കെ.എം.ജോര്‍ജ് ചെയര്‍മാനായി കേരള കോണ്‍ഗ്രസ്സ് രൂപീകരിക്കുമ്പോള്‍ കെ.എം.മാണിയും നേത്യസ്ഥാനത്തുണ്ടായിരുന്നു. തുടര്‍ന്ന്  1965-ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ പുതുതായി രൂപം കൊണ്ട പാല നിയോജകമണ്ഡലത്തില്‍ കേരള കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായി മാണി തന്റെ കന്നി അങ്കത്തിനിറങ്ങി. ആ തിരഞ്ഞെടുപ്പില്‍ ഇരുപത്തിയഞ്ച് എം.എല്‍.എമാരുമായി കേരളകോണ്‍ഗ്രസ് ജയിച്ചു കയറിയപ്പോള്‍ അതിലൊന്ന് മാണിയായിരുന്നു. പിന്നീട് 1967-ലും 1970-ലും മാണി പാല നിയോജകമണ്ഡലത്തില്‍ തന്റെ വിജയം ആവര്‍ത്തിച്ചു.1976 ഡിസംബര്‍ 26-നാണ് കെ.എം.മാണി ആദ്യമായി മന്ത്രിയാവുന്നത്.  കേരളകോണ്‍ഗ്രസ് മന്ത്രിസഭയില്‍ ചേരണമെന്ന ഇന്ദിരാഗാന്ധിയുടെ നിര്‍ദേശമാണ് അന്ന് മാണിക്ക് മന്ത്രിപദത്തിലേക്ക് വഴി തുറന്നത്. സി.അച്യുതമേനോന്‍ മന്ത്രിസഭയില്‍ ധനകാര്യമന്ത്രിയായിട്ടായിരുന്നു മാണിയുടെ കന്നിമന്ത്രിസഭാ പ്രവേശനം. മാണിയെ കൂടാതെ ആര്‍.ബാലകൃഷ്ണപിള്ളയും അന്ന് മന്ത്രിയായി. 1977-ല്‍ പാര്‍ട്ടി ചെയര്‍മാന്‍ കെ.എം.ജോര്‍ജുമായുള്ള അഭിപ്രായഭിന്നത രൂക്ഷമായതോടെയാണ് പിളര്‍പ്പിന്റെ രാഷ്ട്രീയം മാണി കളിച്ചു തുടങ്ങുന്നത്.   അനുയായികളേയും കൂട്ടി പാര്‍ട്ടി പിളര്‍ത്തിയ മാണി മുന്നണി വിട്ട് പുറത്ത് വന്നു. ആ വര്‍ഷം നടന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ 22 സീറ്റില്‍ 20 സീറ്റും നേടി മാണി വിഭാഗം കരുത്ത് കാട്ടി. തുടര്‍ന്ന് വന്ന കെ.കരുണാകരന്‍ മന്ത്രിസഭയില്‍ അഭ്യന്തരമന്ത്രിയായി മാണി മന്ത്രിസഭയില്‍ തിരിച്ചെത്തി. പിന്നീട് ആന്റെണി മന്ത്രിസഭയിലും പി.കെ.വാസുദേവന്‍ നായര്‍ മന്ത്രിസഭയിലും മാണി അഭ്യന്തരമന്ത്രിയായി തുടര്‍ന്നു. 


1979-ലാണ് കേരള കോണ്‍ഗ്രസ് എം എന്ന പേരില്‍ മാണി സ്വന്തം പാര്‍ട്ടി രൂപികരിച്ചത് പക്ഷേ അതുവരെ ഉറ്റഅനുനായിയായി കൂടെ നിന്ന പി.ജെ.ജോസഫ് ആ വര്‍ഷം മാണിയെ വിട്ടുപിരിഞ്ഞു. മാണി വിഭാഗത്തിന്റെ ആകെയുള്ള ഇരുപത് എം.എല്‍എമാരില്‍ ആറ് പേരും അന്ന് ജോസഫിനൊപ്പം പാര്‍ട്ടിവിട്ടു. ആര്‍.ബാലകൃഷ്ണപിള്ളയും ഇതിനോടകം പാര്‍ട്ടി വിട്ടു ജനതാ പാര്‍ട്ടിയ്‌ക്കൊപ്പം ചേര്‍ന്നിരുന്നു.  പിന്നീട് അതേ വര്‍ഷം പി.കെ.വാസുദേവന്‍ നായര്‍ മുഖ്യമന്ത്രി സ്ഥാനം രാജിവച്ചപ്പോള്‍ മുഖ്യമന്ത്രിസ്ഥാനത്തേക്ക് ഉയര്‍ന്ന് കേട്ട പ്രധാനപേര് കെ.എം.മാണിയുടേതായിരുന്നു. പക്ഷേ ചുണ്ടിനും കപ്പിനുമിടയില്‍ അന്ന് മാണിക്ക് മുഖ്യമന്ത്രി പദം നഷ്ടമായി പകരം സി.എച്ച്.മുഹമ്മദ് കോയ കേരള മുഖ്യമന്ത്രിയായി അധികാരമേറ്റു. എന്നാല്‍ സത്യപ്രതിജ്ഞ ചെയ്ത് 51-ാം ദിവസം മാണി സര്‍ക്കാരിനുള്ള പിന്തുണ പിന്‍വലിച്ചതോടെ മന്ത്രിസഭ താഴെ വീണു. കേരളത്തില്‍ രാഷ്ട്രപതി ഭരണം നിലവില്‍ വന്നു.

1980-ല്‍ അടുത്ത തിരഞ്ഞെടുപ്പ് നടക്കുമ്പോള്‍ മാണി കോണ്‍ഗ്രസ് വിട്ട് ഇടതുമുന്നണിയില്‍ എത്തിയിരുന്നു. പാലായില്‍ നിന്ന് വീണ്ടും ജയിച്ച മാണി നായനാര്‍ മന്ത്രിസഭയില്‍ ധനകാര്യ-നിയമ മന്ത്രിയായി അധികാരമേറ്റു. പിന്നീട് കരുണാകരന്‍ അധികാരത്തില്‍ വന്നപ്പോള്‍ ഒപ്പം ചേര്‍ന്ന മാണി ആ മന്ത്രിസഭയിലും ധനകാര്യ-നിയമമന്ത്രിയായി തുടര്‍ന്നു ഈ സമയത്ത് ജോസഫ് വിഭാഗം യു.ഡി.എഫിലായിരുന്നു. പിന്നീട് 1982-ല്‍ മാണി വീണ്ടും യു.ഡി.എഫിലെത്തി ഇടയ്ക്ക് മാണിയുമായി വഴിപിരിഞ്ഞു പുറത്തു പോയ ആര്‍.ബാലകൃഷ്ണപിള്ളയും ഈ ഘട്ടത്തില്‍ യു.ഡി.എഫിലെത്തിയതോടെ ഇരുകൂട്ടരും ലയിച്ചു. ആ വര്‍ഷം നടന്ന തിരഞ്ഞെടുപ്പില്‍ കരുണാകരന്‍ വീണ്ടും അധികാരത്തില്‍ തിരിച്ചെത്തിയപ്പോള്‍ മാണി വീണ്ടും ധനകാര്യ-നിയമമന്ത്രി സ്ഥാനത്ത് തിരിച്ചെത്തി. 1985-ല്‍ ജോസഫ് യു.ഡി.എഫിലേക്ക് തിരിച്ചെത്തുകയും കേരള കോണ്‍ഗ്രസ് എമ്മുമായി വീണ്ടും ലയിക്കുകയും ചെയ്തു. 1987-ല്‍ പക്ഷേ ഇരുനേതാക്കളും വീണ്ടും ഇടഞ്ഞു. അതുവരെ പി.ജെ.ജോസഫിനൊപ്പം ഉറച്ചു നിന്ന ടി.എം.ജേക്കബ് മറുകണ്ടം ചാടി മാണിക്കൊപ്പം ചേര്‍ന്നു. എന്നാല്‍ ബാലകൃഷ്ണപിള്ള ജോസഫിനൊപ്പം ഉറച്ചു നിന്നു. ഇരു കൂട്ടരും  പരസ്പരം കാലു വരിയ 1987-ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ മാണിക്ക് നാലും ജോസഫിന് അഞ്ചും എം.എല്‍.എമാരെ മാത്രമേ കിട്ടിയുള്ളൂ. തുടര്‍ന്ന് 1989-ലെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ സീറ്റിനെച്ചൊല്ലിയുള്ള കലഹത്തിനൊടുവില്‍ ജോസഫും സംഘവും ഇടതുമുന്നണിയിലേക്ക് കുടിയേറി. 

1991-ല്‍ കോണ്‍ഗ്രസ് നയിച്ച് ഐക്യജനാധിപത്യമുന്നണി വീണ്ടും അധികാരത്തിലെത്തി. കെ.കരുണാകരന്‍ മുഖ്യമന്ത്രിയായി. റവന്യൂ-നിയമവകുപ്പുകളാണ് ഇക്കുറി മാണിക്ക് കിട്ടിയത്. ഇതിനിടെ 1993-ല്‍ ടി.എം.ജേക്കബ് മാണിയുമായി പിണങ്ങി വേറെ ഗ്രൂപ്പുണ്ടാക്കി, പിന്നാലെ ബാലകൃഷ്ണപിള്ളയും സ്വന്തം ഗ്രൂപ്പുമായി മാണിയില്‍ നിന്ന് വേര്‍പെട്ടു പക്ഷേ കലഹത്തിനൊടുവിലും മൂന്ന് കൂട്ടരും യു.ഡി.എഫില്‍ തന്നെ തുടര്‍ന്നു. 1996-ല്‍ യു.ഡി.എഫ് തിരഞ്ഞെടുപ്പില്‍ തോല്‍ക്കുന്നത് വരെ മാണി മന്ത്രിയായി തുടര്‍ന്നു. 1997-ല്‍ ടി.വി.എബ്രഹാമിന്റെ നേത്യത്വത്തില്‍ ഒരു വിഭാഗം ജോസഫിനോട് ഉടക്കി സാമന്തരഗ്രൂപ്പുണ്ടാക്കി, ഇവര്‍ പിന്നീട് മാണിക്കൊപ്പം ചേര്‍ന്നു. 2001-ല്‍ ഐക്യജനാധിപത്യമുന്നണി വീണ്ടും അധികാരത്തിലെത്തി എ.കെ ആന്റെണി മുഖ്യമന്ത്രിയായി, റവന്യൂ-നിയമവകുപ്പിലേക്ക് മന്ത്രിയായി മാണി തിരിച്ചെത്തി. 2003-ല്‍ കേരള കോണ്‍ഗ്രസ് വീണ്ടും പിളര്‍പ്പിന് സാക്ഷിയായി. മാണിയോട് പിണങ്ങി പുറത്തു പോയ പി.സി.തോമസ് ഐ.എഫ്.ഡി.പി എന്ന പുതിയ പാര്‍ട്ടിയുമായി രംഗത്തെത്തി. ജോസഫിനോട് ഇടഞ്ഞ പി.സി. ജോര്‍ജ് കേരള കോണ്‍ഗ്രസ് സെക്യൂലര്‍ എന്ന പുതിയ പാര്‍ട്ടിയുണ്ടാക്കി.പിന്നീട് ജോര്‍ജ് കേരള കോണ്‍ഗ്രസ് എമ്മില്‍ ലയിച്ചു. 2010-ല്‍ ഇരുപത്തിമൂന്ന് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം പി.ജെ.ജോസഫ് തന്റെ അനുനായികളുമായി ഇടതുമുന്നണി വിട്ടു കേരള കോണ്‍ഗ്രസ് എമ്മില്‍ വീണ്ടും ലയിച്ചു. അങ്ങനെ കെ.എം.മാണി ചെയര്‍മാനും പി.ജെ.ജോസഫ് വര്‍ക്കിംഗ് ചെയര്‍മാനും പി.സി.ജോര്‍ജ് വൈസ് ചെയര്‍മാനുമായി കേരള കോണ്‍ഗ്രസ് എം പുനസംഘടിപ്പിച്ചു. തുടര്‍ന്ന് 2011-ല്‍ നടന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ ഉമ്മന്‍ചാണ്ടിയുടെ നേത്യത്വത്തില്‍ യു.ഡി.എഫ് അധികാരത്തിലെത്തിയപ്പോള്‍ കെ.എം.മാണി ധനകാര്യ-നിയമമന്ത്രിയായും, പി.ജെ.ജോസഫ് ജലവിഭവവകുപ്പ് മന്ത്രിയായും പി.സി.ജോര്‍ജ് സര്‍ക്കാര്‍ ചീഫ് വിപ്പായും ചുമതലയേറ്റു. 

രണ്ട് എം.എല്‍.എമാരുടെ മാത്രം ഭൂരിപക്ഷത്തില്‍ അധികാരത്തിലെത്തിയ ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ നിരവധി പ്രതിസന്ധികള്‍ മറികടന്നായിരുന്നു അധികാരത്തില്‍ തുടര്‍ന്നത്. സര്‍ക്കാരിനെ വീഴ്ത്താന്‍ പല സാധ്യതകളും പ്രതിപക്ഷം പരീക്ഷിച്ചിരുന്നു. യു.ഡി.എഫിലെ ഘടകകക്ഷികളെ ഇക്കരെ ചാടിച്ച് സര്‍ക്കാരിനെ മറിക്കുക എന്നതായിരുന്നു എല്‍.ഡി.എഫിന്റെ പ്രധാനതന്ത്രം ഇതിനായി പാര്‍ട്ടി പ്രധാനമായും നോട്ടമിട്ടത്. കെ.എം.മാണിയുടെ കേരള കോണ്‍ഗ്രസ് എമ്മിനെയായിരുന്നു. സിപിഎം പാര്‍ട്ടി പ്ലീനത്തിന്റെ ഭാഗമായി നടന്ന സെമിനാറില്‍ തന്റെ അദ്ധ്വാന വര്‍ഗ്ഗസിദ്ധാന്തവുമായി മാണി എത്തിയത്. അത്തരം അഭ്യൂഹങ്ങള്‍ക്ക് ശക്തിവര്‍ധിപ്പിച്ചു. 2014-ല്‍ കേരള കോണ്‍ഗ്രസ് അവരുടെ അന്‍പതാം വാര്‍ഷികാഘോഷങ്ങള്‍ക്ക് ആരംഭം കുറിച്ചപ്പോള്‍ അന്‍പത് വര്‍ഷമായിട്ടും പാര്‍ട്ടിയ്‌ക്കൊരു മുഖ്യമന്ത്രി ഇല്ലാതെ പോയതിലുള്ള നിരാശ പാര്‍ട്ടി നേതാക്കള്‍ തന്നെ പങ്കുവച്ചു. മാണിയെ ഇടതുമുന്നണിയിലേക്ക് സ്വാഗതം ചെയ്യുന്ന തരത്തില്‍ ഇടതുനേതാക്കളില്‍ നിന്നുണ്ടായ പ്രസ്താവനകള്‍ യു.ഡി.എഫ് മന്ത്രിസഭ നിലത്തു വീണേക്കാം എന്ന തരത്തിലുള്ള അഭ്യൂഹങ്ങളെ ശക്തമാക്കി. 

ഇത്തരം ചര്‍ച്ചകള്‍ സജീവമായി നിലനില്‍ക്കെയാണ് നിലവാരമില്ലാത്ത ബാറുകളുടെ ലൈസന്‍സ് പുതുക്കി നല്‍കേണ്ടതില്ലെന്ന കോടതിയുടെ വിധിയുണ്ടായത്. നിലവാരം ഉയര്‍ത്തിയ ശേഷം ബാറുകള്‍ക്ക് ലൈസന്‍സ് അനുവദിക്കാം എന്നായിരുന്നു സര്‍ക്കാര്‍ നിലപാടെങ്കിലും നിലവാരമില്ലാത്ത ബാറുകള്‍ തുറക്കരുതെന്ന നിലപാടുമായി വി.എം.സുധീരന്‍ രംഗത്തെത്തുകയും, ഇതിന് ജനകീയ പിന്തുണ ലഭിക്കുകയും ചെയ്തതോടെ സര്‍ക്കാര്‍ വെട്ടിലായി. ഒടുവില്‍ സമ്പൂര്‍ണ മദ്യനിരോധനം പ്രഖ്യാപിച്ചാണ് ഉമ്മന്‍ചാണ്ടി സുധീരന്‍ ഉയര്‍ത്തിയ പ്രതിച്ഛായ പ്രശ്‌നത്തിന് പരിഹാരം കണ്ടത്. നിരോധനം പ്രഖ്യാപിച്ച അതേ ദിവസം തന്നെ ബാര്‍ അസോസിയേഷന്‍ ഭാരവാഹിയും പ്രമുഖ വ്യവസായിയുമായ ബിജു രമേശ് അടച്ചിട്ട ബാറുകള്‍ തുറക്കുന്നതിനായി കെ.എം.മാണിക്ക് കോഴ നല്‍കിയ കാര്യം ചാനല്‍ ചര്‍ച്ചയ്ക്കിടെ തുറന്ന് പറഞ്ഞു.  കഴിഞ്ഞ ഒന്നരവര്‍ഷമായി കെ.എം.മാണിയെ വിടാതെ പിന്തുടരുന്ന ബാര്‍കോഴ വിവാദത്തിന്റെ ആരംഭം ഇവിടെയാണ്. പിന്നെ ഒന്നരവര്‍ഷത്തോളം കേരളരാഷ്ട്രീയം കണ്ടത് മാണിയേയും ബാര്‍കോഴയേയും ചൊല്ലിയുള്ള രാഷ്ട്രീയ പ്രത്യോരോപണങ്ങളും, നിയമനടപടികളും, സമരകാഹളങ്ങളുമാണ്. പതിമൂന്നാം നിയമസഭയുടെ നാലാം ബജറ്റ് സെക്ഷനെ യുദ്ധകളമാക്കി മാറ്റിയത് തന്നെ മാണിയുടെ രാജി സംബന്ധിച്ച വിവാദങ്ങളാണ്. ഒരു മന്ത്രിയുടെ രാജിയെ ഇത്രകാലം നീണ്ട വിവാദങ്ങള്‍ കേരള ചരിത്രത്തില്‍ ഇതിന് മുന്‍പ് ഉണ്ടായിട്ടില്ല. വിവാദങ്ങളുടെ തുടക്കത്തില്‍ മാണിക്കൊപ്പം ഉറച്ചു നിന്ന പി.സി.ജോര്‍ജാവട്ടെ ഇപ്പോള്‍ പാര്‍ട്ടിക്കും മുന്നണിക്കും പുറത്ത് നിന്ന് മാണിക്കും സര്‍ക്കാരിനുമെതിരായ പോരാട്ടത്തിലാണ്. മറ്റൊരു നിയമസഭാ തിരഞ്ഞെടുപ്പ് വിളിപ്പാടകലെ നില്‍ക്കേ പിളരാന്‍ വെമ്പുന്ന പാര്‍്ട്ടിയും കോട്ടം തട്ടിയ പ്രതിച്ഛായയുമായി മാണി നേരിടുന്നത് അരനൂറ്റാണ്ട് നീണ്ട രാഷ്ട്രീയ ജീവിതത്തിലെ ഏറ്റവും കടുത്ത പ്രതിസന്ധിയെയാണ്.