തിരുവനന്തപുരം:  താരപ്പകട്ടില്‍ ജനവിധി അനുകൂലമായത് ഗായിക ദലീമയ്ക്ക് മാത്രം. പിന്നണിഗായികയായ ദലീമ പാട്ടുപാടി ആലപ്പുഴ ജില്ലാപഞ്ചായത്തിലെ അരൂര്‍ ഡിവിഷനില്‍ നിന്ന് ജയിച്ചുകയറിയപ്പോള്‍ സിനിമ, സീരിയല്‍, നാടകരംഗത്ത് നിന്ന് ജനവിധി തേടിയവരെല്ലാം തോറ്റു. കോണ്‍ഗ്രസിലെ ഗിരിജ ദയാനന്ദനെയാണ് സി.പി.എം സ്ഥാനാര്‍ഥിയായി മത്സരിച്ച ദലീമ ജോജോ 2659 വോട്ടുകളുടെ ഭൂരിപക്ഷത്തില്‍ തോല്‍പിച്ചത്. ചലച്ചിത്രസംവിധായകന്‍ അലി അക്ബര്‍, ടി.വി അവതാരക വീണ എസ് നായര്‍, നടി സോണിയ ജോസ്, നിര്‍മ്മാതാവ് മമ്മി സെഞ്ച്വറി തുടങ്ങിയവരെല്ലാം തോല്‍വി അറിഞ്ഞു. കോഴിക്കോട് കോര്‍പറേഷനിലെ ബി.ജെ.പിയുടെ മേയര്‍സ്ഥാനാര്‍ഥിയായിരുന്ന അലി അക്ബര്‍ സി.പി.എമ്മിന്റെ മേയര്‍സ്ഥാനാര്‍ഥി വി.കെ.സി മമ്മദ് കോയയോടാണ്് തോറ്റത്. വി.കെ.സിക്ക് 1848 വോട്ട് കിട്ടിയപ്പോള്‍ അലി അക്ബറിന് ആകെ കിട്ടിയത് 396 വോട്ടാണ്. 

തിരുവനന്തപുരം നഗരസഭയില്‍ ശാസ്തമംഗലം വാര്‍ഡില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായി മത്സരിച്ച ടി.വി അവതാരക വീണ എസ് നായരും തോല്‍വിയറിഞ്ഞു. സി.പി.എം സ്ഥാനാര്‍ഥിയോട് 125 വോട്ടിനാണ് തോറ്റത്. കൊച്ചി കോര്‍പറേഷനില്‍ ശിവസേന മേയര്‍സ്ഥാനാര്‍ഥിയായി നിര്‍ത്തിയ സിനിമാസീരിയല്‍ നടി സോണിയജോസും തോറ്റവരില്‍ ഉള്‍പ്പെടുന്നു. സിനിമസംവിധായകനും നിര്‍മാതാവും തിരക്കഥാകൃത്തുമായ മമ്മി സെഞ്ച്വറി എറണാകുളം ജില്ലാ പഞ്ചായത്തില്‍ കീഴ്മാടി ഡിവിഷനില്‍ തോറ്റു. എന്‍.സി.പി സ്ഥാനാര്‍ഥിയായാണ് അദ്ദേഹം ജനിവിധി തേടിയത്. കോണ്‍ഗ്രസിന്റെ പ്രമുഖ നേതാവ് അബ്ദുള്‍ മുത്തലിബിനോട് 4236 വോട്ടിനാണ് പരാജയപ്പെട്ടത്.

ഇടതുസ്വതന്ത്രനായി അങ്കത്തിനിറങ്ങിയ മിമിക്രികലാകാരന്‍ പുന്നപ്ര മധുവും തോല്‍വിയറിഞ്ഞു. പുന്നപ്ര തെക്ക് പഞ്ചായത്ത് 15ാം വാര്‍ഡില്‍ ജനവിധി തേടിയ മധുവിനെ മൂന്നാംസ്ഥാനത്തേക്ക് പിന്തള്ളിക്കൊണ്ട് ബി.ജെ.പി  സ്ഥാനാര്‍ഥിയാണ് അവിടെ വിജയിച്ചത്. 

വയലിന്‍കലാകാരന്‍ സുലേഖ വര്‍മ്മ പറവൂര്‍ നഗരസഭയിലെ ടൗണ്‍ഹാള്‍ വാര്‍ഡില്‍ തോറ്റു. കോണ്‍ഗ്രസിലെ ജെസ്സി രാജുവിനോടാണ് അവര്‍ തോറ്റത്. പ്രേമം സിനിമയിലെ താരങ്ങളില്‍ ഒരാളായ ശബരീഷിന്റെ മാതാവാണ് സുലേഖ. പടയണി ആചാര്യന്‍ പ്രഫ.കടമ്മനിട്ട വാസുദേവന്‍പിള്ളയുടെ ഭാര്യ ഓമനകുമാരിയും തോറ്റവരില്‍ ഉള്‍പ്പെടുന്നു. കടമ്മനിട്ട വാര്‍ഡില്‍ ബി.ജെ.പിയിലെ അമ്പിളി ഹരിദാസിനോടാണ് അവര്‍ തോറ്റത്. കൊല്ലം കോര്‍പറേഷനില്‍ മത്സരിച്ച നാടകരചയിതാവും നടനും സംവിധായകനുമായ കെ.ഭാസ്‌കരനും ജനവിധി എതിരായി. വടക്കേവിള വാര്‍ഡില്‍ പോരാട്ടത്തിനിറങ്ങിയ ഭാസ്‌കരന് കേവനം 65 വോട്ടാണ് കിട്ടിയത്. സിനിമ, സീരിയല്‍ നടന്‍ കൂടിയായ കോട്ടയം പദ്മന്‍ എന്ന പദ്മകുമാര്‍ കോട്ടയം നഗരസഭയിലെ മുള്ളന്‍കുഴിയില്‍ സ്വതന്ത്രനായി മത്സരിച്ച കേവലം 184 വോട്ടാണ് കിട്ടിയത്.