തിരുവനന്തപുരം:  യു.ഡി.എഫ് വിട്ട് എല്‍.ഡി.എഫിന്റെ പടിവാതിലില്‍ മുന്നണി പ്രവേശനത്തിനായി കാത്തുനില്‍ക്കുന്ന പി.സി ജോര്‍ജ് തിരഞ്ഞെടുപ്പ് ഫലത്തിലൂടെ തന്റെ ശക്തി തെളിച്ചപ്പോള്‍ ബാലകൃഷ്ണപിള്ളയ്ക്ക് അടിതെറ്റി.

പൂഞ്ഞാര്‍ മണ്ഡലത്തിലെ പലയിടങ്ങളിലും ജോര്‍ജിന്റെ കേരള കോണ്‍ഗ്രസ് സെക്കുലര്‍ അക്കൗണ്ട് തുറന്നു. മാണിയുടെ തട്ടകമായ പാലായില്‍ പോലും കേരള കോണ്‍ഗ്രസ് സെക്കുലര്‍ സാന്നിധ്യം അറിയിച്ചു. കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡന്റായിരുന്ന കേരള കോണ്‍ഗ്രസ് എമ്മിന്റെ നിര്‍മ്മല ജിമ്മിയെ പൂഞ്ഞാറില്‍ തോല്‍പിച്ചാണ് ജോര്‍ജ് മാണിക്ക് തിരിച്ചടി നല്‍കിയത്.

ആദ്യമായി നഗരസഭയായി മാറിയ ഈരാറ്റുപേട്ടയില്‍ പോലും എല്‍.ഡി.എഫ് സ്വതന്ത്രരുടെ പിന്തുണയോടെ ഭരണത്തിലേറുന്നതില്‍ ജോര്‍ജിന്റെ സ്ഥാനാര്‍ഥികളുടെ വിജയം നിര്‍ണായകമായി. ഈരാറ്റുപേട്ടയില്‍ യു.ഡി.എഫിലെ ഒരു വിഭാഗം ജോര്‍ജിന്റെ സ്ഥാനാര്‍ഥികള്‍ക്ക് വോട്ടുമറിച്ചെന്ന് കെ.എം മാണി ആരോപിച്ചു കഴിഞ്ഞു.

ജോര്‍ജ് നേട്ടം കൊയ്തപ്പോള്‍ ആര്‍ ബാലകൃഷ്ണപിള്ളയേയും കേരള കോണ്‍ഗ്രസ് ബിയേയും കൂടെക്കൂട്ടിയത് എല്‍.ഡി.എഫിന് യാതൊരു പ്രയോജനവുമുണ്ടാക്കിയില്ല. പിള്ളയുടെ തട്ടകമായ കൊട്ടാരക്കരയില്‍ കേരള കോണ്‍ഗ്രസ് ബി മത്സരിച്ച എട്ട് സീറ്റില്‍ ആറിടത്തും തോല്‍വി നേരിട്ടു.

അതേ സമയം പിള്ളയ്ക്ക് കൊടുത്ത സീറ്റ് നഷ്ടപ്പെട്ടെങ്കിലും എല്‍.ഡി.എഫിന് കൊട്ടാരക്കര ഉള്‍പ്പടെ ജില്ലയിലെ എല്ലാ മുനിസിപ്പാലിറ്റിയിലും ഭരണം നേടാനായി.

എം.എല്‍.എ സ്ഥാനത്ത് നിന്ന് അയോഗ്യനാക്കപ്പെടുമെന്ന് ഉറപ്പായതോടെ എം.എല്‍.എ പദവി രാജിവെക്കുമെന്ന് പ്രഖ്യാപിച്ചുകഴിഞ്ഞ പി.സി ജോര്‍ജിന് ജനിവിധി അനുകൂലമായതോടെ ഇടതുമുന്നണിയില്‍ ഇടംകിട്ടുമെന്ന് ഉറപ്പായി. അതേ സമയം ബാലകൃഷ്ണപിള്ളയുടെ കാര്യത്തില്‍ എല്‍.ഡി.എഫും സി.പി.എമ്മും വീണ്ടുവിചാരത്തിന് തയാറായേക്കും

സമ്പൂര്‍ണ തിരഞ്ഞെടുപ്പ് ഫലം