കണ്ണൂര്‍:  ഇതാദ്യമായി കോര്‍പറേഷനായി മാറിയ കണ്ണൂരില്‍ മുഴുവന്‍ വാര്‍ഡുകളിലേയും ഫലങ്ങള്‍ അറിവായപ്പോള്‍ യു.ഡി.എഫും എല്‍.ഡി.എഫും 27 സീറ്റുകള്‍ വീതം നേടി ഒപ്പത്തിനൊപ്പം. 55 അംഗ കോര്‍പറേഷനില്‍ അതോടെ സ്വതന്ത്രനായി ജയിച്ച കോണ്‍ഗ്രസ് റിബല്‍ പി.കെ രാഗേഷായി ശ്രദ്ധാകേന്ദ്രം.

സീറ്റ് നിഷേധിച്ചതില്‍ പ്രതിഷേധിച്ച് പഞ്ഞിക്കല്‍ വാര്‍ഡില്‍ മത്സരിച്ച പി.കെ രാഗേഷ് 21 വോട്ടിന്റെ നേരിയ ഭൂരിപക്ഷത്തിലാണ് ജയിച്ചുകയറിയത്. ഇവിടെ യു.ഡി.എഫിന്റെ ഔദ്യോഗിക സ്ഥാനാര്‍ഥി മൂന്നാം സ്ഥാനത്തായി. കെ.പി.സി.സി പ്രസിഡന്റ് ആവശ്യപ്പെട്ടാല്‍ യു.ഡി.എഫിന് പിന്തുണ നല്‍കുമെന്ന് പി.കെ രാഗേഷ് ആദ്യം പ്രതികരിച്ചെങ്കിലും പിന്നീട് യു.ഡി.എഫിന് പിന്തുണ പ്രഖ്യാപിച്ചു. അതോടെ കന്നി കോര്‍പറേഷന്‍ ഭരണം യു.ഡി.എഫിനായി.

സ്ഥാനാര്‍ഥി നിര്‍ണയത്തില്‍ ജില്ലയുടെ അവസാന വാക്കായ കെ.സുധാകരനെതിരെ ആഞ്ഞടിച്ചുകൊണ്ടാണ് പി.കെ രാഗേഷും കൂട്ടരും വിമതരായി രംഗത്തുവന്നത്. പി.കെ രാഗേഷിനെ കൂടാതെ വിമതരായി മത്സരിച്ച ആറ് പേരെയും പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയിരുന്നു. ഭരിക്കാന്‍ തന്റെ പിന്തുണ തന്നെ വേണ്ട സ്ഥിതിയിലേക്ക് കാര്യങ്ങളെത്തിയതോടെ പള്ളിക്കുന്ന് മുന്‍ പഞ്ചായത്ത് പ്രസിഡന്റ് കൂടിയായ പി.കെ.രാഗേഷിന് തന്നെ പുറത്താക്കിയവരോട് ഇതൊരു മധുരപ്രതികാരവുമായി.