തിരുവനന്തപുരം: തദ്ദേശതിരഞ്ഞെടുപ്പിനുള്ള നാമനിര്‍ദ്ദേശ പത്രികകളുടെ സൂക്ഷ്മപരിശോധന എല്ലാ ജില്ലകളിലും പൂര്‍ത്തിയായില്ല. സ്ഥാനാര്‍ത്ഥികളുടെ യോഗ്യത സംബന്ധിച്ച തര്‍ക്കങ്ങളില്‍ വെള്ളിയാഴ്ച തീര്‍പ്പുകല്പിക്കുമെന്ന് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷന്‍ അറിയിച്ചു.

സംസ്ഥാനത്തൊട്ടാകെ 1,32,888 പത്രികകളാണ് ലഭിച്ചത്. ഇവ മുഴുവന്‍ പരിശോധിക്കേണ്ടതിനാലാണ് രാത്രി വൈകിയും പൂര്‍ത്തിയാകാത്തത്. പല ജില്ലകളിലും മുന്നണിസ്ഥാനാര്‍ത്ഥികള്‍ ഉള്‍പ്പെടെയുള്ളവരുടെ പത്രിക തള്ളിയിട്ടുണ്ട്. കണ്ണൂരിലെ ആന്തൂര്‍ നഗരസഭയില്‍ യു.ഡി.എഫിന്റെ നാല് പത്രികകള്‍കൂടി തള്ളി. ഇവിടെ പത്ത് വാര്‍ഡുകളില്‍ നേരത്തെ സി.പി.എം. സ്ഥാനാര്‍ത്ഥികള്‍ക്ക് എതിരുണ്ടായിരുന്നില്ല. കണ്ണൂരിലാകെ സി.പി.എമ്മിന്റെ 18 സ്ഥാനാര്‍ത്ഥികള്‍ക്ക് എതിരില്ല.

തിരുവനന്തപുരത്ത് 3050 പത്രികകള്‍ തള്ളി. 9514 സ്ഥാനാര്‍ത്ഥികള്‍ ശേഷിക്കുന്നു. ഇടുക്കി ജില്ലയില്‍ ഗ്രാമപ്പഞ്ചായത്തുകളില്‍ 157 പത്രികകള്‍ തള്ളി. തൃശ്ശൂരില്‍ ജില്ലാപ്പഞ്ചായത്തിലും കൊടുങ്ങല്ലൂര്‍ നഗരസഭയിലും ഓരോ വാര്‍ഡില്‍ വീതം യു.ഡി.എഫിന്റെ പത്രിക തള്ളി. കാസര്‍കോട്ട് 81ഉം വയനാട്ടില്‍ 78ഉം പത്രികകള്‍ തള്ളി.

കോട്ടയത്ത് സൂക്ഷ്മപരിശോധന പൂര്‍ത്തിയായപ്പോള്‍ 7200ഓളം സ്ഥാനാര്‍ത്ഥികള്‍ രംഗത്തുണ്ട്.എന്നാല്‍, സ്ഥാനാര്‍ത്ഥികളുടെ യോഗ്യതകളെയും അയോഗ്യതകളെയും പറ്റി തിരഞ്ഞെടുപ്പ് കമ്മിഷന്‍ വ്യക്തമായ മാനദണ്ഡങ്ങള്‍ പ്രഖ്യാപിച്ചിട്ടും അതൊന്നും മനസ്സിലാക്കാതെ ചില ജില്ലാ കളക്ടര്‍മാരും വരണാധികാരികളായ ഉദ്യോഗസ്ഥരും സ്ഥാനാര്‍ത്ഥികളെ വട്ടംചുറ്റിച്ചു.
 
ഖാദിബോര്‍ഡിന്റെ കുടിശ്ശിക അയോഗ്യതയല്ലെന്ന് തിരഞ്ഞെടുപ്പ് കമ്മിഷന്‍ പത്രക്കുറിപ്പിലൂടെ അറിയിച്ചിട്ടും ഇതേ സംശയമുന്നയിച്ച് കൊല്ലം കളക്ടര്‍ ഒരു നാമനിര്‍ദേശപ്പത്രിക സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷന്റെ തീര്‍പ്പിന് വിട്ടു. പത്രിക സ്വീകരിക്കാന്‍ കമ്മിഷന്‍ നിര്‍ദ്ദേശിക്കുകയായിരുന്നു.

സ്ഥാനാര്‍ത്ഥികള്‍ക്ക് ചിഹ്നം അനുവദിക്കാന്‍ പാര്‍ട്ടി ഭാരവാഹികള്‍ നല്‍കിയ കത്ത് സംസ്ഥാന ഭാരവാഹി സാക്ഷ്യപ്പെടുത്തണമെന്ന പാലക്കാട് ജില്ലാ കളക്ടറുടെ തീരുമാനത്തിനെതിരയും കമ്മിഷന് ഇടപെടേണ്ടിവന്നു.
വെള്ളി, ശനി ദിവസങ്ങളില്‍ പത്രിക പിന്‍വലിക്കാം. മത്സരരംഗത്തുള്ള സ്ഥാനാര്‍ത്ഥികളുടെ അന്തിമപട്ടിക ശനിയാഴ്ച പ്രസിദ്ധീകരിക്കും.