ന്യൂഡല്‍ഹി/തൃശ്ശൂര്‍:  കേന്ദ്രസര്‍ക്കാരിന്റെ വര്‍ഗീയനയങ്ങളില്‍ കടുത്ത പ്രതിഷേധവുമായി മലയാള സാഹിത്യലോകവും. പ്രശസ്ത എഴുത്തുകാരി സാറാജോസഫ്  കേന്ദ്ര സാഹിത്യ അക്കാദമി അവാര്‍ഡ് തിരിച്ചുനല്‍കാന്‍ തീരുമാനിച്ചു. കവിയും നിരൂപകനുമായ സച്ചിദാനന്ദന്‍ കേന്ദ്ര സാഹിത്യ അക്കാദമി അംഗത്വവും രാജിവെച്ചു. ജനറല്‍ കൗണ്‍സില്‍, എക്‌സിക്യുട്ടീവ് കൗണ്‍സില്‍ എന്നിവയിലെ അംഗത്വമാണ് സച്ചിദാനന്ദന്‍ രാജിവെച്ചത്. പി.കെ പാറക്കടവും കേന്ദ്രസാഹിത്യ അക്കാദമി അംഗത്വം രാജിവെക്കുകയാണെന്ന് പ്രഖ്യാപിച്ചു

അവാര്‍ഡായി ലഭിച്ച 50,000 രൂപയും ശില്പവും പ്രശസ്തിപത്രവും തിരിച്ചുനല്‍കുമെന്ന് സാറാ ജോസഫ് പറഞ്ഞു. ഇന്ത്യയില്‍ നിലനില്‍ക്കുന്ന ഭീകരാന്തരീക്ഷം ഭയപ്പെടുത്തുന്നതാണെന്ന് സാറാജോസഫ് അഭിപ്രായപ്പെട്ടു. എഴുത്തുകാരെ കൊന്നുകളയുകയും ഇഷ്ടമുള്ള ഭക്ഷണം കഴിക്കാനുള്ള ജനത്തിന്റെ അവകാശത്തെ പോലും നിഷേധിക്കുകയും ചെയ്തുകൊണ്ട് ഇന്ത്യയുടെ ബഹുസ്വരതയെ തകര്‍ക്കാനുള്ള സര്‍ക്കാരിന്റെ നിലപാടുകള്‍ക്കെതിരെയുള്ള പ്രതിഷേധമായാണ് താന്‍ അവാര്‍ഡ് തിരിച്ചേല്‍പ്പിക്കുന്നതെന്ന് സാറ ജോസഫ് പറഞ്ഞു.

ദാദ്രി സംഭവത്തില്‍ പ്രധാനമന്ത്രി പാലിച്ച 9 ദിവസത്തെ കുറ്റകരമായ മൗനം ഇന്ത്യ ഭയത്തോടെ ശ്രദ്ധയിലെടുക്കേണ്ട ഒന്നാണ്. ഇതിനെതിരെ പ്രതിഷേധിക്കേണ്ടത് എഴുത്തുകാരുള്‍പ്പടെയുള്ള സാംസ്‌ക്കാരിക പ്രവര്‍ത്തകരാണ്. കേന്ദ്രസര്‍ക്കാരിന്റെ വര്‍ഗീയ നടപടികള്‍ക്കെതിരെ ഇന്ത്യ മുഴുവനമുള്ള എഴുത്തുകാര്‍ അണി ചേരും എന്ന് തന്നെയാണ് തന്റെ പ്രതീക്ഷ. പ്രതിരോധത്തിന്റെ ശക്തമായ ഭാഷ എന്ന നിലയിലാണ് പുരസ്‌ക്കാരം തിരിച്ചുനല്‍കുന്നതെന്നും സാറ ജോസഫ് പറഞ്ഞു.

2003ലാണ് സാറാ ജോസഫിന് കേന്ദ്രസാഹിത്യ അക്കാദമി അവാര്‍ഡ് ലഭിക്കുന്നത്. മുത്തങ്ങ സംഭവത്തില്‍ പ്രതിഷേധിച്ച് തനിക്ക് ലഭിച്ച കേരള സാഹിത്യ അക്കാദമി അവാര്‍ഡ് സാറാ ജോസഫ് തിരിച്ചു നല്‍കിയിരുന്നു.

പ്രമുഖ ഇന്ത്യന്‍ ഇംഗ്ലീഷ് സാഹിത്യകാരിയും നെഹ്‌റുവിന്റെ സഹോദരി പുത്രിയുമായ നയന്‍താര സെഹ്ഗാളും കവിയും എഴുത്തുകാരനുമായ അശോക് വാജ്‌പേയിയും അക്കാദമി അവാര്‍ഡുകള്‍ തിരിച്ചുനല്‍കാന്‍ തീരുമാനിച്ചിരുന്നു. അതിന് പിന്നാലെ കല്‍ബുര്‍ഗി വധത്തില്‍ മൗനം പാലിക്കുന്ന അക്കാദമിയുടെ നിലപാടില്‍ പ്രതിഷേധിച്ച് എഴുത്തുകാരിയും പദ്മശ്രീ ജേതാവുമായിരുന്ന ശശി ദേശ് പാണ്ഡെ കേന്ദ്ര സാഹിത്യ അക്കാദമിയുടെ ജനറല്‍ കൗണ്‍സില്‍ അംഗത്വം രാജിവയ്ക്കുകയുണ്ടായി.

അനുകൂലിച്ചും പ്രതികൂലിച്ചും എഴുത്തുകാര്‍

mt vasudevan nairവാങ്ങിയ അവാര്‍ഡുകള്‍ തിരിച്ചുനല്‍കില്ല.

എം.ടി

 

subhash chandranഅക്കാദമി അവാര്‍ഡ് തിരിച്ചുനല്‍കുന്ന കാര്യം ഗൗരവമായി ആലോചിക്കുന്നുവെന്ന്

സുഭാഷ് ചന്ദ്രന്‍

ua khaderപ്രീണിപ്പിക്കാന്‍ പുരസ്‌കാരം തിരിച്ചുനല്‍കുന്നതില്‍ അര്‍ഥമില്ലെന്ന്

യു.എ ഖാദര്‍

sugathakumariപുരസ്‌കാരം തിരിച്ചു നല്‍കി പ്രതിഷേധിക്കുന്നതില്‍ അര്‍ത്ഥമുണ്ടെന്ന് കരുതുന്നില്ലെന്ന്

സുഗതകുമാരി

p valsalaതിരഞ്ഞെടുപ്പ് അടുത്തപ്പോള്‍ ഞാഞ്ഞൂലുകള്‍ തലപൊക്കുന്നുവെന്ന് പി.വത്സല. വാങ്ങുന്ന പുരസ്‌കാരവും കിട്ടുന്ന പുരസ്‌കാരവുമുണ്ട്. വാങ്ങിയവരാണ് പുരസ്‌കാരം തിരിച്ചുനല്‍കുന്നതെന്നും വത്സല

 

 

വര്‍ഗീയത വളര്‍ത്തുന്ന നയങ്ങള്‍ ചെറുക്കണം - ആനന്ദ് 

ന്യൂഡല്‍ഹി: വര്‍ഗീയത വളര്‍ത്തുന്ന നയങ്ങള്‍ക്കെതിരെ പ്രതികരിക്കണമെന്നാവശ്യപ്പെട്ട് കേന്ദ്ര സാഹിത്യ അക്കാദമിക്ക് സാഹിത്യകാരന്‍ ആനന്ദ് കത്ത് നല്‍കി. എഴുത്തുകാര്‍ക്കും ചിന്തകര്‍ക്കും നേരെ തീവ്രവാദ സംഘടനകളുടെ ആക്രമണങ്ങള്‍ അഴിച്ചുവിട്ടിരിക്കുന്ന കാഴ്ചയാണ് ഇന്നുള്ളത്. 2013-ല്‍ നരേന്ദ്ര ധബോല്‍ക്കര്‍, 2015 -ല്‍ ഗോവിന്ദ് പന്‍സാരെ, 2015 ആഗസ്തില്‍ കാല്‍ബുര്‍ഗി എന്നിവരെയെല്ലാം അവര്‍ നിശബ്ദരാക്കി. കേന്ദ്ര സാഹിത്യ അക്കാദമി അവാര്‍ഡ്  നേടിയ ആളാണ് കാല്‍ബുര്‍ഗി. ഇത്തരം സംഭവങ്ങളെ ഒറ്റപ്പെട്ട സംഭവങ്ങളായി കണക്കാക്കാന്‍ സാധിക്കില്ല. അഭിപ്രായ സ്വാതന്ത്ര്യത്തിന് നേരെയും ബൗദ്ധിക നിലപാടുകള്‍ക്കെതിരെയും കൃത്യമായി ആസൂത്രണം ചെയ്ത് നടപ്പാക്കിയ ആക്രമണങ്ങളായിരുന്നു ഇവയോരോന്നും. ഇന്ന് സമസ്ത മേഖലകളിലും കാണുന്ന അസഹിഷ്ണുതയുടെ അന്തരീക്ഷം ഇത്തരം നടപടികളുടെ പ്രതിഫലനമാണെന്നും ആനന്ദ് കത്തില്‍ പറയുന്നു.

പ്രശസ്ത സാഹിത്യകാരന്‍ ആനന്ദ് കേന്ദ്രസാഹിത്യ അക്കാദമിക്ക് പ്രതിഷേധം രേഖപ്പെടുത്തി അയച്ച കത്ത്‌

letter