മത്തിയും അയിലയും വന്‍തോതില്‍ കുറഞ്ഞു

കണ്ണൂര്‍:
എല്ലാ ചട്ടങ്ങളും ലംഘിച്ച് തീരത്തോടുചേര്‍ന്നും രാത്രി ജനറേറ്റര്‍ ഉപയോഗിച്ച് വലയ്ക്കുള്ളില്‍ ലൈറ്റുകളിട്ടും ബോട്ടുകളുടെ മീന്‍പിടിത്തം വ്യാപകമായി. കണ്ണിവലുപ്പം കുറഞ്ഞ വലകളുപയോഗിച്ച് അടിത്തട്ട് അരിച്ചുപെറുക്കി നടത്തുന്ന മീന്‍പിടിത്തവും അനധികൃത മാര്‍ഗങ്ങളിലൂടെയുള്ള മീന്‍കൊള്ളയും ബോട്ടുകളുടെ രാത്രി മീന്‍പിടിത്തവും തടയാനാവാതെ ഫിഷറീസ് അധികൃതര്‍ .
ബോട്ടുകളും മീന്‍പിടിത്ത വള്ളങ്ങളുമായി 24,000 യാനങ്ങളേ കേരളത്തില്‍ പാടുള്ളൂയെന്നാണ് ഇതില്‍ പഠനം നടത്തിയ പല കമ്മിറ്റികളും നിര്‍ദേശിച്ചത്. പക്ഷെ, നിലവില്‍ 34,000 യാനങ്ങളാണ് സംസ്ഥാനത്തൊട്ടാകെ മീന്‍പിടിത്തം നടത്തുന്നത്. ഇതുകൂടാതെ മറ്റു സംസ്ഥാനങ്ങളില്‍നിന്നെത്തി പെര്‍മിറ്റെടുത്ത് മീന്‍പിടിത്തം നടത്തുന്ന യാനങ്ങളും ആയിരക്കണക്കിന് വരും.
അനധികൃത മീന്‍പിടിത്തവും വര്‍ധിച്ചുവരുന്ന ബോട്ടുകളും വള്ളങ്ങളും കൂടിയായതോടെ മീന്‍സമ്പത്ത് വന്‍തോതില്‍ കുറയുകയാണ്. മുന്‍ വര്‍ഷങ്ങളില്‍ കിട്ടിയിരുന്ന മത്തിയുടെയും അയിലയുടെയും നാലിലൊന്നുപോലും ഇപ്പോള്‍ കിട്ടുന്നില്ല. എല്ലായിനം മീനുകള്‍ക്കും ക്ഷാമം തുടങ്ങി.
മറൈന്‍ പോലീസിന് അനധികൃത മീന്‍പിടിത്തം തടയാന്‍ കാര്യമായി ഇടപെടാനാവുന്നില്ല. രാത്രിപരിശോധനയ്ക്കുള്ള ബുദ്ധിമുട്ടും ജീവനക്കാരുടെ കുറവുമാണ് കാരണം. 16 മാസത്തിനിടെ വിഴിഞ്ഞം, നീണ്ടകര, വൈപ്പിന്‍, േബപ്പൂര്‍, കണ്ണൂര്‍ ഫിഷറീസ് സ്റ്റേഷന്‍ പരിധികളില്‍ അനധികൃത മീന്‍പിടിത്തം നടത്തിയ 115 യാനങ്ങള്‍ പിടികൂടി നടപടിയെടുത്തു. 30,16,250 രൂപ ഇവരില്‍നിന്ന് പിഴയീടാക്കുകയും ചെയ്തു. അതേസമയം, അനധികൃത മീന്‍പിടിത്തം നടത്തുന്നതിന്റെ പത്തിലൊരു ശതമാനംപോലും പിടിക്കപ്പെടുന്നില്ലെന്നതാണ് യാഥാര്‍ഥ്യം.
ബോട്ടുകള്‍ പകല്‍ മാത്രമെ മീന്‍പിടിക്കാന്‍ പാടുള്ളൂവെന്നാണ് നിയമം. പക്ഷെ, രാത്രി മുഴുവന്‍ ഇവ തീരത്തോടുചേര്‍ന്ന് കരവലി നടത്തുന്ന കാഴ്ചകളാണെങ്ങും. മറ്റു സംസ്ഥാനങ്ങളില്‍ നിന്നെത്തുന്ന ബോട്ടുകള്‍ ദൂരപരിധി ലംഘിച്ചാണ് മീന്‍വേട്ട. ഉപയോഗിക്കാന്‍ പാടില്ലാത്ത കണ്ണിവലുപ്പം കുറഞ്ഞ വലകളുപയോഗിച്ച് ഇവര്‍ അടിത്തട്ട് അരിച്ചൂറ്റും. പൊടിമീനുകള്‍പോലും ഇതില്‍പെട്ട് ചാവും. ഇതൊന്നും പരിശോധിക്കാന്‍ സംവിധാനങ്ങളില്ല.
വലയ്ക്കുള്ളില്‍ പ്രത്യേകതരം ലൈറ്റുകള്‍ പ്രകാശിപ്പിച്ച് മീനുകളെ ആകര്‍ഷിച്ചാണ് രാത്രി മീന്‍ വേട്ട. പുറമെനിന്നെത്തുന്ന ബോട്ടുകാരാണ് ഇങ്ങനെ മീന്‍പിടിക്കുന്നത്. തെങ്ങിന്‍കുലച്ചിലുപയോഗിച്ച് കൃത്രിമ ആവാസവ്യവസ്ഥയുണ്ടാക്കിയുള്ള മീന്‍വേട്ടയും വ്യാപകമാണ്.
കേരളത്തില്‍ രജിസ്റ്റര്‍ചെയ്ത യാനങ്ങള്‍ തന്നെ കൂടുതലാണെന്നിരിക്കെ പുറമെ നിന്നെത്തുന്നവയ്ക്കുകൂടി താത്കാലിക പെര്‍മിറ്റ് കൊടുക്കുന്നതാണ് കൂടുതല്‍ കുഴപ്പങ്ങള്‍ സൃഷ്ടിക്കുന്നത്. എങ്ങനെയും മീനിനെ വലയിലാക്കുകയെന്ന ലക്ഷ്യത്തില്‍ ചെയ്യാന്‍പാടില്ലാത്ത രീതികളാണ് പലരും സ്വീകരിക്കുന്നത്. ഇത് കേരളതീരത്തെ മത്സ്യസമ്പത്ത് ഇല്ലാതാക്കുമെന്നാണ് ഈ മേഖലയിലെ വിദഗ്ധര്‍ മുന്നറിയിപ്പു നല്കുന്നത്. കേരളത്തിലെ കടലില്‍ അനുഭവപ്പെടുന്ന കടുത്ത മീന്‍ക്ഷാമം ഇതിന്റെ മുന്നോടിയാണ്.
കണ്ണൂര്‍ജില്ലയില്‍ മറൈന്‍ എന്‍ഫോഴ്‌സ്‌മെന്റിന്റെ സ്ഥിതി അതി ദയനീയമാണ്. ആള്‍ക്ഷാമവും പരിശോധനാ സംവിധാനങ്ങളുടെ കുറവും കാരണം പലപ്പോഴും പരിശോധന വഴിപാടാവുകയാണ്. ദൂരപരിധി ലംഘിച്ചുള്ള ബോട്ടുകളുടെ മീന്‍പിടിത്തം പട്ടിണിയിലാക്കുന്നത് പരമ്പരാഗത വലക്കാരെയാണ്.