കോട്ടയം: പശ്ചിമഘട്ടത്തിലെ അച്ചന്‍കോവില്‍ വനത്തില്‍നിന്ന് ഹരിതകമില്ലാത്ത രണ്ട് പുതിയ പരാദസസ്യങ്ങളെ ഗവേഷകര്‍ കണ്ടെത്തി. ഓറോബാന്‍ക്കേസിയിലെ ക്രൈസ്റ്റിസോണിയ ഇനത്തില്‍പ്പെട്ടതാണിവ. ഈ കുടുംബത്തില്‍ ലോകത്താകെ 15 ഇനങ്ങളേ കണ്ടെത്തിയിട്ടുള്ളൂ. ക്രൈസ്റ്റിസോണിയ മിറ, ക്രൈസ്റ്റിസോണിയ ടൊമന്റോസ എന്നിങ്ങനെയാണ് ഇവയ്ക്ക് പേര് നല്‍കിയത്.

എം.ജി.സര്‍വകലാശാലാ പരിസ്ഥിതിശാസ്ത്രവിഭാഗത്തിലെ ഗവേഷകന്‍ മാന്‍വെട്ടം പോളച്ചിറയില്‍ ജോസ് മാത്യുവാണ് സസ്യങ്ങളെ കണ്ടെത്തിയത്. ഡോ.കെ.വി.ജോര്‍ജിന്റെ മേല്‍നോട്ടത്തിലായിരുന്നു പഠനം.
കുറിഞ്ഞി വിഭാഗത്തില്‍പ്പെടുന്ന കുറ്റിച്ചെടികളുടെ വേരുകളിലാണ് ഇവ വളരുന്നത്. മഴക്കാലം തുടങ്ങുമ്പോള്‍ വളരെവേഗം മുളച്ച് ഇല്ലാതാകുന്ന ഇവയ്ക്ക് ഇലകളില്ല. ചെടികളേക്കുറിച്ചുള്ള വിവരങ്ങള്‍ അന്താരാഷ്ട്ര ജേര്‍ണലുകളായ വെബ്ബിയ, ടെലോപ്പിയ എന്നിവയില്‍ പ്രസിദ്ധീകരിച്ചു.

ഹരിതകം ഇല്ലാത്ത സസ്യങ്ങള്‍ ശാസ്ത്രലോകത്തിന് എന്നും അത്ഭുതമാണ്. ഭക്ഷണം നിര്‍മ്മിക്കാനുംമറ്റും ഇവ മറ്റുസസ്യങ്ങളെ ആശ്രയിക്കുന്നു. പരിണാമദശയിലെ അപൂര്‍വ നിമിഷങ്ങളിലാണ് ഇവയുടെ പിറവിയെന്ന് ശാസ്ത്രലോകം അഭിപ്രായപ്പെട്ടിട്ടുണ്ട്. ലോകത്ത് ആകെയുള്ള 4,50,000 ഇനം സസ്യങ്ങളില്‍ 3000 മാത്രമേ ഈ ഗണത്തിലുള്ളൂ.

ചുവപ്പുനിറമുള്ള മനോഹര പുഷ്പങ്ങള്‍ സമ്മാനിച്ചാണ് ഈ സസ്യങ്ങള്‍ കാലചക്രം പൂര്‍ത്തിയാക്കുന്നത്. വെള്ളം ശേഖരിച്ചുനിര്‍ത്തി ജീവജാലങ്ങള്‍ക്ക് ഒഴുക്കിക്കൊടുക്കുന്ന പശ്ചിമഘട്ടം അപൂര്‍വ സസ്യങ്ങളുടെ ആവാസകേന്ദ്രവുമാണെന്ന വാദം ഉറപ്പിക്കുന്നതാണ് കണ്ടെത്തല്‍. ഇവിടത്തെ വെള്ളക്കല്‍ത്തേരി മലനിരകളിലാണ് പുതിയ സസ്യങ്ങളുള്ളത്.