അതിരപ്പിള്ളി: അൻപത്‌ ശതമാനം വനിതാ സംവരണം എന്നു കേട്ടാൽ കോടശ്ശേരിക്കാർ ചിരിക്കും. കാരണം, നൂറ്‌ ശതമാനം വനിതാ ഭരണമാണ്‌ തൃശ്ശൂർ ജില്ലയിലെ ഈ പഞ്ചായത്തിൽ.

സ്ത്രീശാക്തീകരണത്തിന്റെ വിജയം ആഘോഷിക്കുന്ന കോടശ്ശേരിയിൽ ഭരണനേതൃത്വം പൂർണ്ണമായും പെൺകരങ്ങളിലാണ്‌. പഞ്ചായത്ത്‌ പ്രസിഡന്റിനും വൈസ്‌ പ്രസിഡന്റിനും പുറമെ പഞ്ചായത്ത്‌ സെക്രട്ടറിയും അസിസ്റ്റന്റ്‌ എൻജിനിയറും വനിതകൾ. തീർന്നില്ല, ഗ്രാമപ്പഞ്ചായത്ത്‌ ഉൾപ്പെടുന്ന ഡിവിഷനിലെ മൂന്ന്‌ ബ്ലോക്ക്‌ പഞ്ചായത്ത്‌ അംഗങ്ങളും ജില്ലാ പഞ്ചായത്ത്‌ അംഗവും സ്ത്രീകൾ തന്നെ.

ഗ്രാമപ്പഞ്ചായത്ത്‌ പ്രസിഡൻറ്‌ സ്ഥാനം വനിതകൾക്കായി സംവരണംചെയ്ത ഇവിടെ പ്രസിഡന്റായി എത്തിയത്‌ ജനറൽ വാർഡിൽനിന്നും പുരുഷന്മാരുമായി മത്സരിച്ച്‌ ജയിച്ച ഉഷ ശശിധരൻ ആണെന്ന പ്രത്യേകതയുമുണ്ട്‌. കുടുംബശ്രീയിലൂടെ പ്രവർത്തിച്ച്‌ കന്നിമത്സരത്തിൽതന്നെ ജയിച്ച്‌ പ്രസിഡന്റായതിന്റെ ആവേശത്തിലാണ്‌ ഉഷ ശശിധരൻ. സ്വയംതൊഴിൽ നൽകി സ്ത്രീകളെ സ്വയംപര്യാപ്തരാക്കുന്നതിനാണ്‌ പ്രഥമ പരിഗണന നൽകുകയെന്ന്‌ പ്രസിഡന്റ്‌ പറയുന്നു.

12-ാം വാർഡ്‌ കുറ്റിച്ചിറയിൽനിന്ന്‌ വിജയിച്ച ഷൈലജ ഗിരിജൻ ആണ്‌ വൈസ്‌ പ്രസിഡന്റ്‌. കാടുകുറ്റി സ്വദേശിനിയായ എം.കെ. ആനീസ്‌ ആണ്‌ പഞ്ചായത്ത്‌ സെക്രട്ടറി. പഞ്ചായത്തിലെ അസി. എൻജിനിയർ റൂബി മാർക്ക്‌ കാഞ്ഞിരപ്പിള്ളിക്കാരിയാണ്‌.  കോടശ്ശേരി പഞ്ചായത്ത്‌ അതിർത്തിയിലുള്ള ബ്ലോക്ക്‌ പഞ്ചായത്ത്‌ അംഗങ്ങൾ സൽബി ജെയിംസ്‌ (കുറ്റിച്ചിറ), കെ.കെ. സരസ്വതി (എലഞ്ഞിപ്ര), പുഷ്പി വിൽസൻ (ചട്ടിക്കുളം) എന്നിവരാണ്‌. കോടശ്ശേരി ഉൾപ്പെടുന്ന അതിരപ്പിള്ളി ജില്ലാപഞ്ചായത്തംഗം സി.ജി. സിനിയും.

പഞ്ചായത്തിലെ ഹോമിയോ ഡിസ്പെൻസറി ഡോക്ടർ വിജയലക്ഷ്മി, കൃഷി ഓഫീസർ ഇൻചാർജ്‌ എം.ആർ. രാജി എന്നിവർ കൂടി ചേരുന്നതോടെ വനിതാസംഘം പൂർത്തിയാകുന്നു.