തിരുവനന്തപുരം: നോട്ട് പ്രതിസന്ധിയില്‍ പ്രതിഷേധിച്ച് ഇടതുമുന്നണിയുടെ നേതൃത്വത്തില്‍ സംസ്ഥാനത്ത് ഇന്ന് ഹര്‍ത്താല്‍. രാവിലെ ആറുമുതല്‍ വൈകീട്ട് ആറുവരെയാണ് ഹര്‍ത്താല്‍. ബാങ്ക്, ആസ്പത്രി, പാല്, പത്രം തുടങ്ങിയവയെ ഒഴിവാക്കിയിട്ടുണ്ട്. ശബരിമല പരിസരപ്രദേശം, തീര്‍ഥാടകരുടെ വാഹനങ്ങള്‍, വിദേശ വിനോദസഞ്ചാരികളുടെ വാഹനങ്ങള്‍, വിനോദസഞ്ചാരകേന്ദ്രങ്ങള്‍ എന്നിവയെയും ഒഴിവാക്കി.
പി.എസ്.സി. പരീക്ഷകള്‍ക്ക് മാറ്റമില്ല
തിങ്കളാഴ്ച നിശ്ചയിച്ചിട്ടുള്ള ഓണ്‍ലൈന്‍ പരീക്ഷ, ഒറ്റത്തവണ പരിശോധന, പ്രായോഗിക പരീക്ഷ, കായികക്ഷമതാ പരീക്ഷ എന്നിവ മാറ്റമില്ലാതെ നടക്കുമെന്ന് പി.എസ്.സി. അറിയിച്ചു.
ആരോഗ്യ സര്‍വകലാശാല, കാലിക്കറ്റ്, മഹാത്മാഗാന്ധി, കുസാറ്റ്, കണ്ണൂര്‍ സര്‍വകലാശാലകള്‍ തിങ്കളാഴ്ച നടത്താനിരുന്ന വിവിധ പരീക്ഷകള്‍ മാറ്റിവെച്ചു.
ശബരിമലയിലും ഗുരുവായൂരിലും ഹര്‍ത്താലില്ല
തിങ്കളാഴ്ചത്തെ ഹര്‍ത്താലില്‍നിന്ന് ശബരിമലയെയും ഗുരുവായൂരിനെയും ഒഴിവാക്കി. ശബരിമല ഉള്‍പ്പെടുന്ന റാന്നി താലൂക്ക്, സീതത്തോട്, ചിറ്റാര്‍ പഞ്ചായത്തുകളെ ഹര്‍ത്താലില്‍നിന്ന് ഒഴിവാക്കിയതായി ഇടതുമുന്നണി പത്തനംതിട്ട ജില്ലാ കണ്‍വീനര്‍ അലക്സ് കണ്ണമല അറിയിച്ചു. ശബരിമല ഇടത്താവളങ്ങള്‍, ശബരിമല തീര്‍ഥാടകരുടെ വാഹനങ്ങള്‍ എന്നിവയും ഹര്‍ത്താലില്‍നിന്ന് ഒഴിവാക്കി. ഏകാദശി വിളക്കും ശബരിമല തീര്‍ത്ഥാടനക്കാലവും പരിഗണിച്ചാണ് ഗുരുവായൂര്‍ ക്ഷേത്രപരിസരത്തെയും ഹര്‍ത്താലില്‍നിന്ന് ഒഴിവാക്കിയത്.
ഇന്ന് രാജ്യവ്യാപക പ്രതിഷേധം;ഭാരത് ബന്ദിന് ആഹ്വാനമില്ല -കോണ്‍ഗ്രസ്
ന്യൂഡല്‍ഹി: തിങ്കളാഴ്ച ഭാരത് ബന്ദിന് ആഹ്വാനം ചെയ്തിട്ടില്ലെന്ന് കോണ്‍ഗ്രസ് വ്യക്തമാക്കി. എന്നാല്‍, നോട്ട് അസാധുവാക്കല്‍ സൃഷ്ടിച്ച പ്രതിസന്ധിക്കെതിരെ തിങ്കളാഴ്ച രാജ്യവ്യാപക പ്രതിഷേധം സംഘടിപ്പിക്കുമെന്ന് പാര്‍ട്ടിനേതാവ് ജയറാം രമേഷ് വ്യക്തമാക്കി.
ജന്‍ ആക്രോശ് ദിവസ് എന്ന നിലയിലായിരിക്കും പ്രതിഷേധദിനം ആചരിക്കുക. നവംബര്‍ ഒമ്പതുമുതല്‍ രാജ്യത്തെ സാമ്പത്തിക പ്രക്രിയ സ്തംഭിച്ചിരിക്കയാണ്. വിദേശത്ത് സൂക്ഷിച്ചിട്ടുള്ള കള്ളപ്പണം തിരിച്ചുകൊണ്ടുവരുമെന്ന വാഗ്ദാനം പാലിക്കുന്നതില്‍ പ്രധാനമന്ത്രി പരാജയപ്പെട്ടു. ഈ പരാജയം മറച്ചുവെയ്ക്കാനാണ് 500-ന്റെയും 1000-ത്തിന്റെയും നോട്ടുകള്‍ അസാധുവാക്കിയത്. ഒരു രാഷ്ട്രീയ നീക്കമാണ് അഴിമതിക്കെതിരായ യുദ്ധമായി ചിത്രീകരിച്ച് ചെലവാക്കാന്‍ ശ്രമിക്കുന്നത് -അദ്ദേഹം ആരോപിച്ചു.
കള്ളപ്പണം സമ്പാദിച്ചവര്‍ക്ക് യാതൊരു ബുദ്ധിമുട്ടുമില്ല. എന്നാല്‍, കള്ളപ്പണമൊന്നും കൈവശമില്ലാത്ത സാധാരണക്കാരാണ് ഈ തീരുമാനത്തിന്റെ ബുദ്ധിമുട്ട് അനുഭവിക്കുന്നത്. ആര്‍ക്കെതിരെ ആയിരുന്നുവോ ഈ നീക്കം നടത്തേണ്ടിയിരുന്നത് അവര്‍ രക്ഷപ്പെട്ടു. 'സൂട്ട്-ബൂട്ട്' വിഭാഗത്തിലെ ഒരുവിഭാഗം ഇപ്പോഴും സുഖജീവിതം നയിക്കുകയാണ് - ജയറാം രമേഷ് പറഞ്ഞു. നോട്ടുരഹിത സമൂഹം എന്ന പ്രധാനമന്ത്രിയുടെ അവകാശവാദത്തെയും ജയറാം രമേഷ് വിമര്‍ശിച്ചു. ഇന്ത്യയില്‍ ബഹുഭൂരിപക്ഷംപേരും ദിവസേനയുള്ള ക്രയവിക്രയങ്ങള്‍ക്ക് നോട്ടാണ് ഉപയോഗിക്കുന്നതെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..