തിരുവനന്തപുരം: ബാര്ഹോട്ടലുടമകളില് നിന്ന് കോഴ വാങ്ങിയെന്ന കേസില്‍ മുന്‍ എക്സൈസ് മന്ത്രി കെ. ബാബുവിനെതിരെ കേസെടുക്കാന്‍ ശുപാര്‍ശ. സെന്‍ട്രല്‍ റേഞ്ച് എസ്പി നടത്തിയ പ്രാഥമികാന്വേഷണത്തില്‍ ബാബുവിനെതിരെ കേസെടുക്കാന്‍ തെളിവുണ്ടെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് വിജിലന്‍സ് ഡയറക്ടര്‍ക്ക് ശുപാര്‍ശ നല്‍കിയിരിക്കുന്നത്.
വ്യവസായി വി.എം. രാധാകൃഷ്ണന് ഉള്‍പ്പെടെയുള്ളവര്‍ നല്കിയ പരാതിയിലാണ് അന്വേഷണം നടന്നത്. ബാര്‍ ലൈസന്‍സ് ഫീസ് കുറയ്ക്കാനെന്ന പേരില്‍ ബാര്‍ ഹോട്ടല്‍ ഉടമകളുടെ അസോസിയേഷന് പണം പിരിച്ചിരുന്നെന്നും ഇത് അന്നത്തെ എക്സൈസ് മന്ത്രി കെ. ബാബുവിന് നല്‍കിയെന്നുമാണ് പരാതി.
സംഘടനയിലെ അംഗങ്ങളില്‍ നിന്ന് ഒന്നും രണ്ടും ലക്ഷം വീതമാണ് പിരിച്ചതെന്നും പരാതിയില്‍ പറയുന്നു. ഇതേത്തുടര്‍ന്ന് വിജിലന്‍സ് ഡയറക്ടര്‍ പ്രാഥമിക അന്വേഷണത്തിന് നിര്‍ദേശം നല്‍കുകയായിരുന്നു.
നേരത്തെ ഹോട്ടല്‍ ലൈസന്‍സ് ഫീസ് കുറയ്ക്കാനായി കോഴ നല്കി എന്ന പരാതിയില്‍ എസ്പി നിശാന്തിനിയുടെ നേതൃത്വത്തിലുള്ള വിജിലന്‍സ് സംഘം ബാബുവിനെതിരെ വ്യക്തമായ തെളിവില്ലെന്ന റിപ്പോര്‍ട്ട് നല്‍കിയിരുന്നു. എന്നാല്‍ പുതിയ സര്‍ക്കാര്‍ വന്നതിന് ശേഷം വി.എം. രാധാകൃഷ്ണന്റെ നേതൃത്വത്തിലുള്ള സംഘടന ബാബുവിനെതിരെ പരാതി നല്‍കുകയായിരുന്നു.
ബാര്‍കോഴക്കേസിലെ അഭിപ്രായ ഭിന്നതയെ തുടര്‍ന്ന് ബാര്‍ ഹോട്ടല്‍ അസോസിയേഷന് പലതായി പിരിഞ്ഞിരുന്നു. ഇതിലൊരു സംഘടനയാണ് വി.എം. രാധാകൃഷ്ണന്റെ നേതൃത്വത്തിലുള്ളത്.
പ്രാഥമിക അന്വേഷണത്തിന് നിയോഗിച്ച സംഘം അന്വേഷണത്തിന് ശുപാര്‍ശ നല്‍കിയിരിക്കുന്ന സാഹചര്യത്തില്‍ ബാബുവിനെതിരെ ഉടന്‍ കേസ് രജിസ്റ്റര്‍ ചെയ്ത് എഫ്ഐആര്‍ കോടതിയില്‍ സമര്‍പ്പിക്കുമെന്നാണ് റിപ്പോര്‍ട്ട്.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..