തിരുവനന്തപുരം: സര്‍ക്കാരിന് താത്പര്യമില്ലെങ്കില്‍ പോലീസ് തലപ്പത്ത് തുടരാനില്ലെന്ന് ഡി.ജി.പി ടി.പി സെന്‍കുമാര്‍. ക്രമസമാധാന ചുമതലയുള്ള ഡി.ജി.പി സ്ഥാനത്തുനിന്ന് തന്നെ മാറ്റിയതില്‍ നിയമപരമായ പിശകുണ്ടെന്ന് അദ്ദേഹം പോലീസ് ആസ്ഥാനത്ത് മാധ്യമങ്ങളോട് പറഞ്ഞു.
പോലീസ് ആക്ടിനും സുപ്രീം കോടതി വിധിക്കും എതിരായാണ് സര്‍ക്കാര്‍ നടപടി. ഇതിനെതിരെ നിയമനടപടി സ്വീകരിക്കും. ലോക്നാഥ് ബഹ്റയെപ്പോലെയല്ല സെന്‍കുമാര്‍. താന്‍ ക്ലബും ഫൈവ് സ്റ്റാര്‍ ഹോട്ടലുമായി നടക്കുന്ന ആളല്ല. ബഹ്റയെ ആഗ്രഹിക്കുന്ന സര്‍ക്കാരിന് തന്നെ ആവശ്യമില്ല. പോലീസ് മേധാവിയായി താന്‍ തുടരുന്നതില്‍ സര്‍ക്കാരിന് താത്പര്യമില്ലെങ്കില്‍ അക്കാര്യം മാന്യമായ രീതിയില്‍ പറയാമായിരുന്നുവെന്നും സെന്‍കുമാര്‍ പറഞ്ഞു.
ആര്‍ക്കുമുന്നിലും നട്ടെല്ല് വളച്ചിട്ടില്ല: സെന്‍കുമാര്‍
തിരുവനന്തപുരം: ക്രമസമാധാന ചുമതലയുള്ള ഡി.ജി.പി സ്ഥാനത്തുനിന്ന് മാറ്റിയതില്‍ അമര്‍ഷം പ്രകടിപ്പിച്ച് ടി.പി. സെന്‍കുമാറിന്റെ ഫെയ്സ് ബുക്ക് പോസ്റ്റ്.
പദവികള്‍ക്കായി ആരെയും പ്രീതിപ്പെടുത്താന്‍ പോയിട്ടില്ലെന്നും പദവിക്കുവേണ്ടി ആര്‍ക്ക് മുന്നിലും നട്ടെല്ല് വളച്ചിട്ടില്ലെന്നും സെന്‍കുമാര്‍ പറയുന്നു. ഒരു തരത്തിലുളള വിവേചനവും കാട്ടാതെയാണ് പ്രവര്‍ത്തിച്ചത്. അതുകൊണ്ടുതന്നെ പൂര്‍ണ്ണ തൃപ്തിയോടെയാണ് പദവി ഒഴിയുന്നത്.
പോലീസ് മേധാവിയെന്ന നിലയിലെ അവസാന ഫെയ്സ്ബുക്ക് പോസ്റ്റായിരിക്കും ഇത്. ജനങ്ങള്‍ക്ക് പ്രയോജനപ്രദമായ ആശയങ്ങള്‍ പങ്കുവയ്ക്കാനാണ് ഫെയ്സ്ബുക്ക് അക്കൗണ്ട് തുടങ്ങിയത്. എന്നാല്‍ തിരക്കുമൂലം പൂര്‍ണമായും അത് വിജയം കണ്ടില്ല.
1981 ല്‍ സാധാരണ ഐ.ഇ.എസ്. ഉദ്യോഗസ്ഥനായാണ് ഔദ്യോഗിക ജീവിതം തുടങ്ങിയത്. സര്‍വ്വീസില്‍ തുടര്‍ന്ന 35 വര്‍ഷവും സത്യസന്ധതയോടും, ആത്മാര്‍ത്ഥതയോടും നീതിയോടെയുമാണ് പ്രവര്‍ത്തിച്ചത്. സമൂഹത്തിലെ താഴെത്തട്ടിലുളളവരെ സഹായിച്ചിട്ടുണ്ട്.
സഹപ്രവര്‍ത്തകരോട് നീതിയ്ക്കെതിരെ പ്രവര്‍ത്തിക്കാന്‍ ആവശ്യപ്പെട്ടിട്ടില്ല. ഒരു പോലീസ് ഓഫീസര്‍ എന്ന നിലയ്ക്ക് ലഭിക്കാവുന്ന ഏറ്റവും നല്ല ബഹുമതി ഈ സംതൃപ്തി തന്നെയാണെന്ന് വിശ്വസിക്കുന്നുവെന്നും സെന്‍കുമാര്‍ പറയുന്നു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..