തിരുവനന്തപുരം: മലപ്പുറം ഉപതിരഞ്ഞെടുപ്പിലെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയെ നാളെ പ്രഖ്യാപിക്കും. ശനിയാഴ്ച ചേരുന്ന മലപ്പുറം ജില്ലാ കമ്മിറ്റി യോഗത്തിലായിരിക്കും സ്ഥാനാര്‍ഥിയെ അന്തിമമായി തീരുമാനിക്കുക. ഇന്ന് ചേര്‍ന്ന സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗം മൂന്നുപേരുടെ സാധ്യതാ പട്ടിക തയാറാക്കി.

മുന്‍ എം.പി ടി.കെ ഹംസ, കര്‍ഷകസംഘം നേതാവ് ടികെ റഷീദലി, ഡിവൈഎഫ്‌ഐ ജില്ലാ പ്രസിഡന്റ് എം ബി ഫൈസല്‍ എന്നിവരുടെ പേരാണ് സാധ്യതാ പട്ടികയിലുള്ളത്. മുസ് ലിം ലീഗ് പികെ കുഞ്ഞാലിക്കുട്ടിയെ തന്നെ രംഗത്തിറക്കി സാഹചര്യത്തില്‍ മുതിര്‍ന്ന നേതാവായ ടി.കെ ഹംസ തന്നെ മത്സരിക്കണമെന്ന അഭിപ്രായത്തിനാണ് സെക്രട്ടേറിയറ്റ് യോഗത്തില്‍ മുന്‍തൂക്കമുണ്ടായത്.

ആരോഗ്യപ്രശ്‌നങ്ങളെ തുടര്‍ന്ന് ടികെ ഹംസ വൈമുഖ്യം പ്രകടിപ്പിച്ചതായാണ് റിപ്പോര്‍ട്ട്. അദ്ദേഹം പിന്മാറിയാല്‍ മാത്രമായിരിക്കും മറ്റ് രണ്ട് പേരില്‍ ഒരാളെ പരിഗണിക്കുക.

ജില്ലാ കമ്മിറ്റി യോഗത്തിന് ശേഷം സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ തന്നെയായിരിക്കും സ്ഥാനാര്‍ഥിയെ പ്രഖ്യാപിക്കുക.

കഴിഞ്ഞ തവണ പികെ സൈനബ എന്ന വനിതയെ സ്ഥാനാര്‍ത്ഥിയാക്കി മലപ്പുറത്ത് എല്‍ഡിഎഫ് നടത്തിയ നീക്കം ഇഅഹമ്മദിന് റെക്കോര്‍ഡ് ഭൂരിപക്ഷം സമ്മാനിക്കുകയാണ് ചെയ്തത്. അതിനാല്‍ തന്നെ മികച്ച സ്ഥാനാര്‍ഥിയെ നിര്‍ത്തി മത്സരം കൊഴുപ്പിക്കാനാണ് പാര്‍ട്ടി ആലോച്ചിക്കുന്നത്.

ഡിവൈഎഫ്ഐ അഖിലേന്ത്യ പ്രസിഡന്റ് പിഎ മുഹമ്മദ് റിയാസിന്റെ പേര് ഉയര്‍ന്നുവെങ്കിലും സെക്രട്ടേറിയറ്റ് യോഗത്തില്‍ ടികെ ഹംസ മത്സരിക്കണമെന്നാണ് ഭൂരിഭാഗം അംഗങ്ങളും അഭിപ്രായപ്പെട്ടത്.  കര്‍ഷകസംഘം നേതാവ് ടികെ റഷീദലി, ഡിവൈഎഫ്‌ഐ ജില്ലാ പ്രസിഡന്റ് എംബി ഫൈസല്‍ എന്നീ പേരുകളും സാധ്യതാ പട്ടികയിലുണ്ട്. 

ഡിവൈഎഫ്ഐ അഖിലേന്ത്യനേതാവ് എന്ന നിലയില്‍ റിയാസ് ഇപ്പോള്‍ ഡല്‍ഹി കേന്ദ്രീകരിച്ചാണ് പ്രവര്‍ത്തിക്കുന്നത്. നേരത്തെ 2009- ലോക്സഭ തിരഞ്ഞെടുപ്പില്‍ കോഴിക്കോട് മത്സരിച്ച റിയാസ് ആയിരത്തില്‍ താഴെ വോട്ടുകള്‍ക്കാണ് അന്ന് പരാജയപ്പെട്ടത്. മഞ്ചേരി സീറ്റ് പിടിച്ച്‌ അത്ഭുതം സൃഷ് ടിച്ച ചരിത്രമാണ് ടികെ ഹംസയുടെ പേരിന് കൂടുതല്‍ സാധ്യത കല്‍പിക്കപ്പെടുന്നത്.

യുഡിഎഫിന്റെ ഏറ്റവും ഉറച്ച സീറ്റായി സിപിഎം തന്നെ വിലയിരുത്തുന്ന മണ്ഡലമാണ് മലപ്പുറം. അവസാന തിരഞ്ഞെടുപ്പില്‍ രണ്ട് ലക്ഷം തൊട്ടു നിന്ന അഹമ്മദിന്റെ ഭൂരിപക്ഷം കാര്യമായി കുറയ്ക്കാനും നല്ലൊരു മത്സരം നല്‍കാനുമാണ് പാര്‍ട്ടി പ്രാഥമികമായി ലക്ഷ്യമിടുന്നതെങ്കിലും, മികച്ച സ്ഥാനാര്‍ത്ഥിയെ രംഗത്തിറക്കി കടുത്ത പ്രചരണം നടത്തിയാല്‍  2004-ലേത് പോലെ ഒരു അട്ടിമറിക്കുള്ള സാധ്യതയും അവര്‍ സ്വപ്നം കാണുന്നു. 

പിണറായി സര്‍ക്കാര്‍ അധികാരമേറ്റ ശേഷമുള്ള ആദ്യ ഉപതിരഞ്ഞെടുപ്പാണ് മലപ്പുറത്ത് നടക്കുന്നത്. ഉപതിരഞ്ഞെടുപ്പിലെ ഫലം സര്‍ക്കാരിനെതിരായ ജനവികാരം കൂടിയാവും പ്രതിഫലിപ്പിക്കുക എന്നതിനാല്‍ കഴിഞ്ഞ തവണത്തേതിലും മെച്ചപ്പെട്ട വോട്ട് വിഹിതം പാര്‍ട്ടി ആഗ്രഹിക്കുന്നുണ്ട്.