അവസാനമായി പാടിയ പാട്ട് ഉറ്റവരുടെ കാതില്‍നിന്ന് മായുംമുൻപേ അവർ പോയി, മരണത്തിന്‍റെ ചുഴിയിലേക്ക്


പ്രദീപ് പയ്യോളി

കുട്ടികളെ പുറത്തെടുക്കുമ്പോൾ ഒരാളിൽ ജീവന്റെ നേരിയ തുടിപ്പ് അവശേഷിച്ചപോലെ തോന്നിയെന്ന് സംഭവസ്ഥലത്തു കുതിച്ചെത്തിയ താനൂർ സബ് ഇൻസ്‌പെക്ടർ ആർ.ഡി. കൃഷ്ണലാൽ ഓർക്കുന്നു. ജീപ്പ് പോകുന്ന റോഡുപോലും ഇല്ലാത്ത പ്രദേശമായതിനാൽ രണ്ടു കുട്ടികളെയും ബൈക്കുകളിലാണ് പ്രധാന റോഡുവരെ എത്തിച്ചത്.

• ഞായറാഴ്‌ച പൊൻമുണ്ടം മദ്രസയിൽ നബിദിനറാലിയിൽ പാടുന്ന മുഹമ്മദ് അഷ്‌മിൽ, നിറമരുതൂർ കാളാട് കനോലി കനാലിൽ മുങ്ങിമരിച്ച അഷ്മിലിന്റെയും അജ്‌ലാന്റെയും ഉടുപ്പുകളും ചെരുപ്പുകളും, ഇൻസൈറ്റിൽ അഷ്മിലും അജ്‌ലാനും

തിരൂർ: രാത്രി വൈകിയും നബിദിനാഘോഷത്തിൽ പങ്കെടുത്ത മുഹമ്മദ് അഷ്‌മിലും കൂട്ടുകാരൻ അജ്‌ലാൻ സിദ്ദിഖും ഉറക്കക്ഷീണം കാരണം തിങ്കളാഴ്‌ച സ്‌കൂളിൽ പോയില്ല. കാളാട് നൂറുൽഹുദാ സെക്കൻഡറി മദ്രസ വിദ്യാർഥികൂടിയായ അഷ്‌മിൽ പൊൻമുണ്ടം മദ്രസയിലെ നബിദിനാഘോഷത്തിൽ നബിയെ പ്രകീർത്തിച്ച് ഈണത്തിൽ പാടി എല്ലാവരുടെയും പ്രശംസ നേടിയിരുന്നു. അവസാനമായി പാടിയ ആ പാട്ട് ഇപ്പോൾ കൂട്ടുകാരുടെയും ബന്ധുക്കളുടെ കണ്ണ് നനയ്ക്കുകയാണ്.

സുഹൃത്തുക്കളായ ഷെബീബിനും റസലിനുമൊപ്പം കുളിക്കാൻ പോയതായിരുന്നു അഷ്‌മിലും അജ്‌ലാനും. ഷെബീബും റസലും കരയിൽനിന്നു. അജ്‌ലാനും അഷ്‌മിലും നീന്താനിറങ്ങി. ചുഴിയിൽപെട്ട് രണ്ടുപേരും ചെളിയിൽ പൂണ്ടുപോകുകയായിരുന്നു. ഷെബീബും റസലും നിലവിളിക്കുന്നതുകേട്ട് കനാലിന് അക്കരെനിൽക്കുകയായിരുന്ന പുതിയ കടപ്പുറത്തെ കുപ്പന്റെപുരയ്ക്കൽ സെയ്തലവി ഓടിയെത്തി. സമീപത്ത് ജോലിചെയ്യുകയായിരുന്ന അതിഥിത്തൊഴിലാളിയും നാട്ടുകാരും ഓടിയെത്തി.കുട്ടികളെ പുറത്തെടുക്കുമ്പോൾ ഒരാളിൽ ജീവന്റെ നേരിയ തുടിപ്പ് അവശേഷിച്ചപോലെ തോന്നിയെന്ന് സംഭവസ്ഥലത്തു കുതിച്ചെത്തിയ താനൂർ സബ് ഇൻസ്‌പെക്ടർ ആർ.ഡി. കൃഷ്ണലാൽ ഓർക്കുന്നു. ജീപ്പ് പോകുന്ന റോഡുപോലും ഇല്ലാത്ത പ്രദേശമായതിനാൽ രണ്ടു കുട്ടികളെയും ബൈക്കുകളിലാണ് പ്രധാന റോഡുവരെ എത്തിച്ചത്. കുട്ടികളെ നടുക്കിരുത്തി ഒരാൾ പിന്നിലിരുന്നു. റോഡിലെത്തിയപ്പോഴേക്കും കാർ വന്നു. കാർ അൽപ്പദൂരം പിന്നിട്ടപ്പോഴേക്കും ആംബുലൻസ്‌ എത്തി. അതിലാണ് തിരൂർ ജില്ലാ ആശുപത്രിയിലെത്തിച്ചത്. പക്ഷേ, രക്ഷിക്കാനായില്ല.

നിറമരുതൂർ പഞ്ചായത്ത് അഞ്ചാംവാർഡ് കാളാട് പള്ളിപ്പടിയിലാണ് കുട്ടികൾ മുങ്ങിമരിച്ച കനോലി കനാൽ പ്രദേശം. ആറുമാസം മുൻപും കനാലിൽ ഇറങ്ങിയ രണ്ടുകുട്ടികൾ മുങ്ങിപ്പോയി. അന്നവരെ നാട്ടുകാർ രക്ഷപ്പെടുത്തി. കക്ക പെറുക്കാനും കുളിക്കാനും ദിവസേന കുട്ടികൾ എത്തുന്ന സ്ഥലമാണിത്. മുപ്പതുമീറ്ററോളം വീതിയുണ്ട്. താനാളൂർ പഞ്ചായത്തിന്റെയും നിറമരുതൂർ പഞ്ചായത്തിന്റെയും അതിർത്തിയിൽ വരുന്ന ഈ പ്രദേശത്ത് കനാലിന് സംരക്ഷണഭിത്തിയില്ല. കുട്ടികൾ ഇറങ്ങിയ സ്ഥലമാകട്ടെ അടുത്തകാലത്ത് ചെളി വാരി ആഴംകൂട്ടിയ സ്ഥലവും.

അപകടസ്ഥലത്ത് രണ്ടുമൂന്നാൾ ആഴത്തിൽ വെള്ളമുണ്ടാകുമെന്ന് സ്ഥലം സന്ദർശിച്ച പഞ്ചായത്ത് പ്രസിഡന്റ് ഇസ്‌മായിൽ പുതുശ്ശേരി പറയുന്നു. പക്ഷേ, ഇവിടെ മുന്നറിയിപ്പ് ബോർഡ് ഒന്നുമില്ല.

അഷ്‌മിലിന്റെയും അജ്‌ലാന്റെയും മൃതദേഹങ്ങൾ ജില്ലാ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. ചൊവ്വാഴ്‌ച പരിശോധനയ്ക്കുശേഷം നിറമരുതൂർ കോരങ്ങത്ത് ജുമാമസ്ജിദ് ഖബർസ്ഥാനിൽ ഖബറടക്കും.

അഷ്‌മിലിന്റെ പിതാവ് ഷെരീഫും സഹോദരൻ അജ്മലും ദുബായിലാണ്. ഇരുവരും ചൊവ്വാഴ്‌ച രാവിലെ നാട്ടിലെത്തും. അൻഫാസ് എന്ന സഹോദരൻ കൂടിയുണ്ട്.

അജ്‌ലാന്റെ സഹോദരൻ മുഹമ്മദ് സിയാൻ. കുട്ടികൾ പഠിക്കുന്ന രണ്ടു സ്‌കൂളുകൾക്കും ചൊവ്വാഴ്‌ച അവധി പ്രഖ്യാപിച്ചു. വിദ്യാർഥികളുടെ വീട് മന്ത്രി വി. അബ്ദുറഹ്‌മാൻ സന്ദർശിച്ചു.

നിറമരുതൂർ കനാലിൽ രണ്ട് കുട്ടികൾ മുങ്ങിമരിച്ചു

തിരൂർ: നിറമരുതൂർ കാളാട് കനോലി കനാലിൽ കുളിക്കാനിറങ്ങിയ രണ്ട്‌ സ്‌കൂൾകുട്ടികൾ മുങ്ങിമരിച്ചു. കാളാട് പള്ളിപ്പടി സ്വദേശി വെള്ളിയോട്ടുവളപ്പിൽ സിദ്ദിഖിന്റെയും സാബിറയുടെയും മകൻ അജ്‌ലാൻ സിദ്ദീഖ് (12), കാളാട് പാലംപറമ്പിൽ അബ്ദുൾഷെരീഫിന്റെയും അസ്‌മയുടെയും മകൻ മുഹമ്മദ് അഷ്‌മിൽ (12) എന്നിവരാണ് മരിച്ചത്. തിങ്കളാഴ്‌ച ഉച്ചയ്ക്ക് ഒന്നേകാലോടെയാണ് സംഭവം.

അജ്‌ലാൻ നിറമരുതൂർ കോരങ്ങത്ത് ഷറഫിയ ഇംഗ്ലീഷ് സ്‌കൂൾ ആറാംക്ലാസ് വിദ്യാർഥിയും മുഹമ്മദ് അഷ്‌മിൽ നിറമരുതൂർ ഗവ. യു.പി. സ്‌കൂൾ ഏഴാംക്ലാസ് വിദ്യാർഥിയുമാണ്.

Content Highlights: Malappuram: Two children drown in Canolly canal


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT

03:49

ശ്രീഹള്ളി പോകുന്ന വഴിയിലെ ചായക്കടയും ഹിറ്റായ ​ചായക്കടക്കാരനും; വീണ്ടുമെത്തുന്നു പൊള്ളാച്ചി രാജ

Nov 27, 2022


vizhinjam

2 min

പോലീസുകാരെ സ്‌റ്റേഷനിലിട്ട് കത്തിക്കുമെന്ന് ഭീഷണിമുഴക്കി; 85 ലക്ഷം രൂപയുടെ നാശനഷ്ടമെന്ന് FIR

Nov 28, 2022


'ഷിയും കമ്മ്യൂണിസ്റ്റുപാര്‍ട്ടിയും തുലയട്ടെ'; കോവിഡ് നിയന്ത്രണങ്ങള്‍ക്കെതിരെ ചൈനയില്‍ വന്‍ പ്രതിഷേധം

Nov 27, 2022

Most Commented