-
മലപ്പുറം: ഒരാളുടെ ജീവൻ നഷ്ടപ്പെട്ടതിന്റെ വേദനയിലും ബാക്കി നാല് പേരുടെ ജീവൻ സുരക്ഷിതമാക്കാൻ കഴിഞ്ഞതിന്റെ സംതൃപ്തിയിലാണ് പാണ്ടിക്കാട്ടെ ട്രോമാകെയർ പ്രവർത്തകരായ മുജീബും സംഘവും. കഴിഞ്ഞദിവസം മഞ്ചേരി നെല്ലിക്കുത്ത് വള്ളുവങ്ങാട് പാലത്തിൽനിന്നും കാർ തോട്ടിലേക്ക് മറിഞ്ഞുണ്ടായ അപകടത്തിൽ അഗ്നിരക്ഷാസേനയ്ക്കൊപ്പം രക്ഷാപ്രവർത്തനത്തിൽ പങ്കെടുത്തവരാണ് ഇവർ. മകളുടെ വിവാഹചടങ്ങിനിടെയാണ് മലപ്പുറം ട്രോമാകെയർ പാണ്ടിക്കാട് യൂണിറ്റ് ലീഡറായ മുജീബ് രക്ഷാപ്രവർത്തനത്തിന് കുതിച്ചെത്തിയത്.
മകളുടെ നിക്കാഹ് കഴിഞ്ഞ് അല്പസമയത്തിന് ശേഷമാണ് മുജീബിന് ആ വാട്സാപ്പ് സന്ദേശം ലഭിച്ചത്. മഞ്ചേരി നെല്ലിക്കുത്ത് വള്ളുവങ്ങാട്ട് കാർ തോട്ടിലേക്ക് മറിഞ്ഞെന്നും യാത്രക്കാർ കുടുങ്ങികിടക്കുകയാണെന്നുമായിരുന്നു സന്ദേശം. കേട്ടപാടെ അതിഥികളോട് ഉടന്‍ വരാമെന്ന് പറഞ്ഞ് മുജീബും സുഹൃത്തുക്കളും ട്രോമാകെയറിന്റെ നീല യൂണിഫോമും അണിഞ്ഞ് അപകടസ്ഥലത്തേക്ക് കുതിച്ചു. കാറിനുള്ളിൽ കുടുങ്ങിയ അഞ്ച് യുവാക്കളെയും കരയ്ക്ക് കയറ്റിയെങ്കിലും ഇതിലൊരാൾ ആശുപത്രിയിൽവെച്ച് മരിച്ചു.
മലപ്പുറം ട്രോമാകെയറിന്റെ പാണ്ടിക്കാട് യൂണിറ്റ് ലീഡറാണ് ഒളവമ്പ്രം സ്വദേശി മുജീബ്. ശനിയാഴ്ചയായിരുന്നു മുജീബിന്റെ മകൾ ഷംന ഷെറിന്റെ വിവാഹം. നെന്മേനി സ്വദേശി സാജിദായിരുന്നു വരൻ. മകളെ സാജിദിന്റെ കരംപിടിച്ച് നൽകി യാത്രയാക്കിയതിന് പിന്നാലെയാണ് മഞ്ചേരിയിൽ കാർ അപകടത്തിൽപ്പെട്ടെന്ന സന്ദേശം ലഭിച്ചത്.
മഞ്ചേരി വള്ളുവങ്ങാട് പാലത്തിൽനിന്നാണ് അഞ്ച് യാത്രക്കാർ സഞ്ചരിച്ചിരുന്ന കാർ തോട്ടിലേക്ക് വീണത്. മറ്റൊരു വാഹനത്തെ മറികടക്കുന്നതിനിടെ നിയന്ത്രണംവിട്ട് തോട്ടിലേക്ക് പതിച്ചെന്നാണ് നാട്ടുകാർ പറയുന്നത്. കുത്തിയൊലിക്കുന്ന തോട്ടിലേക്ക് വീണ കാറിൽ കുടുങ്ങിയ അഞ്ച് പേരെയും പിന്നീട് ട്രോമാകെയർ വളണ്ടിയർമാരും അഗ്നിരക്ഷാസേനയും നാട്ടുകാരും ചേർന്ന് കരയ്ക്ക് കയറ്റി. മഞ്ചേരി കാരാപ്പറമ്പ് സ്വദേശികളാണ് കാറിലുണ്ടായിരുന്നത്. ഇവരിൽ ഒരാൾ ആശുപത്രിയിൽവെച്ച് മരണപ്പെട്ടു.
കാർ തോട്ടിലേക്ക് മറിഞ്ഞ് അപകടമുണ്ടായെന്ന് കേട്ടതോടെ മറ്റൊന്നും ചിന്തിച്ചില്ലെന്നായിരുന്നു മുജീബിന്റെ പ്രതികരണം. മലപ്പുറം ട്രോമാകെയറിന്റെ ജില്ലാ ഭാരവാഹികളടക്കം മകളുടെ വിവാഹചടങ്ങിൽ പങ്കെടുത്തിരുന്നു. ഇവർ മടങ്ങിയതിന് പിന്നാലെയാണ് അപകടം സംഭവിച്ചതെന്ന സന്ദേശം ലഭിച്ചത്. രക്ഷാപ്രവർത്തനം കഴിഞ്ഞതിന് പിന്നാലെ മുജീബ് ഉടൻതന്നെ വീട്ടിലേക്ക് മടങ്ങി. കാത്തിരിക്കുന്ന അതിഥികളെ കാണാൻ.
ഷിഹാബ്, മുസ്തഫ, സിറാജ്, ശഹീൻ, റസാഖ്, തുടങ്ങിയ ട്രോമാകെയർ വളണ്ടിയർമാരും മഞ്ചേരി അഗ്നിരക്ഷാസേനയിലെ ഉദ്യോഗസ്ഥരും മഞ്ചേരി, പാണ്ടിക്കാട് പോലീസും രക്ഷാപ്രവർത്തനത്തിൽ പങ്കാളികളായിരുന്നു.
Content Highlights:malappuram trauma care member went for accident rescue operation on his daughters wedding day
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..