ആ പൊതിച്ചോറ് പങ്കുവെക്കാൻ ഇനി അവരില്ല...; കല്യാണപ്പന്തൽ ഉയരേണ്ട വീട്ടിൽ ചലനമറ്റ് സലാം


സജീന സലിം

പുറത്തൂരിൽ തോണി മറിഞ്ഞ് മരിച്ച റുഖിയയുടെ വീട്ടിലെത്തിയ നൂറുകണക്കിനാളുകളുടെ മുഖങ്ങളിലും ആ നൊമ്പരം കാണാമായിരുന്നു

തോണിയപകടത്തിൽ മരിച്ച റുഖിയയുടെ മകൻ അഷ്‌റഫ് വിദേശത്തുനിന്ന് എത്തിയപ്പോൾ | ഫോട്ടോ: മാതൃഭൂമി

പുറത്തൂർ: റുഖിയയുടെ വീട്ടുമുറ്റത്ത് കരഞ്ഞുകലങ്ങിയ കണ്ണുമായി തൊണ്ണൂറ്റേഴുകാരി കാളിയമ്മ... റുഖിയ തനിക്ക് വെച്ചുവിളമ്പിത്തന്നതിന്റെ കഥകൾ ഓരോന്നായി പറയുമ്പോൾ ചുളുങ്ങിയ മുഖത്ത് കണ്ണുനീർ തളംകെട്ടി. പുറത്തൂരിൽ തോണി മറിഞ്ഞ് മരിച്ച റുഖിയയുടെ വീട്ടിലെത്തിയ നൂറുകണക്കിനാളുകളുടെ മുഖങ്ങളിലും ആ നൊമ്പരം കാണാമായിരുന്നു. നമ്പ്രം എന്ന സ്ഥലത്തെ ഒരു കിലോമീറ്ററിനുള്ളിൽ താമസിക്കുന്ന ബന്ധുക്കളും സുഹൃത്തുക്കളുമാണ് അപകടത്തിൽ മരിച്ച നാലുപേരും. മൃതദേഹങ്ങളോരോന്നും വീട്ടിലേക്കെത്തിക്കുമ്പോൾ അയൽവാസികളെല്ലാം തിങ്ങിനിറഞ്ഞു. ഓരോരുത്തർക്കും അന്തിമോപചാരമർപ്പിച്ച് മടങ്ങുമ്പോഴും ഈ വലിയ ദുരന്തത്തിന്റെ നടുക്കത്തിൽനിന്ന് അവർ മോചിതരായിരുന്നില്ല.

റുഖിയയും അപകടത്തിൽ മരിച്ച സഹോദരി സൈനബയും വലിയ അടുപ്പം സൂക്ഷിച്ചിരുന്നു. കക്ക വാരാൻ അവർ ഒന്നിച്ചാണ് പോകാറ്. വീട്ടിൽനിന്ന് വെച്ചുവിളമ്പിയ ഒരു പൊതിച്ചോറ് സൈനബ മിക്കപ്പോഴും കൈയിൽ കരുതും. കക്കവാരി ക്ഷീണിക്കുമ്പോൾ സഹോദരിക്കും സുഹൃത്തുക്കൾക്കുമൊപ്പം കഴിച്ച് മടങ്ങും. ശനിയാഴ്‌ച പോകുമ്പോഴും സൈനബ കൈയിൽ ഒരു പൊതിച്ചോറ് കരുതിയിരുന്നു.പുറത്തൂരിൽ തോണിമുങ്ങി നാലുപേർ മരിച്ച വാർത്തയറിഞ്ഞ് തടിച്ചുകൂടിയ നാട്ടുകാർ

ഉംറയ്‌ക്കൊരുങ്ങി; അതിനുമുൻപേ...

ഡിസംബർ ഏഴിന് ഗൾഫിലുള്ള മകൻ അഷ്‌റഫിന്റെ അടുക്കലേക്ക് മരുമകളോടൊപ്പം പോകാനുള്ള ഒരുക്കത്തിലായിരുന്നു റുഖിയ. താൻ ഏറെ ആഗ്രഹിച്ച ഉംറ നിർവഹിക്കാൻ. വിസയും ടിക്കറ്റുമുൾപ്പെടെ എല്ലാം തയ്യാറായി ഇരിക്കുമ്പോഴാണ് അപ്രതീക്ഷിത ദുരന്തമെത്തിയത്. ഉമ്മയുടെ വരവും കാത്തിരുന്ന അഷ്‌റഫ് ഞായറാഴ്‌ച ഉച്ചയോടെ വീട്ടിലേക്കു വന്നുകയറിയത് ഉമ്മയെ എന്നെന്നേക്കുമായി യാത്രയയയ്ക്കാനായിരുന്നു. അറുപതിലും ചുറുചുറുക്കോടെ ഓടി നടന്നിരുന്ന റുഖിയ മികച്ച കർഷക കൂടിയായിരുന്നു. വർഷങ്ങളായി നെൽകൃഷി ചെയ്യുന്ന റുഖിയയെ മികച്ച കർഷകയായി പഞ്ചായത്ത് തിരഞ്ഞെടുത്തിരുന്നു.


രക്ഷപ്പെട്ട ബീപാത്തു ആശുപത്രിയില്‍നിന്ന് വീട്ടിലെത്തിയപ്പോള്‍ കൂടെയുണ്ടായിരുന്നവര്‍ വേര്‍പ്പെട്ടതറിഞ്ഞ തളര്‍ന്നിരുന്നപ്പോള്‍ | ഫോട്ടോ: അജിത് ശങ്കരന്‍/ മാതൃഭൂമി

ഷെബീറിനും അലീമ ഫെബിനും ഇനിയാര്

സൈനബയുടെ മരണം അനാഥരാക്കിയത് ഷെബീറിനെയും അലീമ ഫെബിനെയുമാണ്. രണ്ടുവർഷം മുൻപ് കടന്നൽക്കുത്തേറ്റ് പിതാവ് മരിച്ച ഇവരുടെ ഏക അത്താണിയായിരുന്നു ഉമ്മ. തകർന്നുപോയ ഈ കുട്ടികളെ എങ്ങനെ ആശ്വസിപ്പിക്കുമെന്നറിയാതെ വിഷമത്തിലാണ് നാട്ടുകാർ. തിരൂർ കോ-ഓപ്പറേറ്റീവ് കോളേജിൽ പ്ലസ്‌വൺ വിദ്യാർഥിയായ അലീമ ഫെബിനും പ്ലസ്‌ടു പഠനം കഴിഞ്ഞിരിക്കുന്ന ഷെബീറും വീട്ടിൽ തനിച്ചായി.

വീട്ടുജോലിയെടുത്തും പോത്തിനെ വളർത്തിയും ജീവിച്ചിരുന്ന സൈനബ സഹോദരിയായ റുഖിയയോടൊപ്പം കക്ക വാരാൻ സ്ഥിരമായി പോകുമായിരുന്നു. നീന്തൽ കാര്യമായി വശമില്ലാതിരുന്ന സൈനബ തന്റെ മക്കളെ വളർത്താൻ മറ്റു മാർഗങ്ങളില്ലാതെയാണ് പുഴയിലേക്കിറങ്ങിത്തുടങ്ങിയത്.

ദുഃഖം നിറഞ്ഞ് ആ കല്യാണവീട്

അടുത്തയാഴ്‌ച ആളും ആരവങ്ങളുമുയരേണ്ട വീട്ടിൽ അബ്ദുൽസലാമിന്റെ ചേതനയറ്റ ശരീരമാണ് എത്തിയത്. മകൻ സക്കീറിന്റെ വിവാഹത്തിന്റെ ഒരുക്കത്തിനിടയിലാണ് സലാമിനെ ദുരന്തം കവർന്നത്. ഹോട്ടൽപണി ഉൾപ്പെടെ വിവിധ ജോലികൾ ചെയ്തിരുന്ന സലാമിനെ ശാരീരികാവശതകൾ അലട്ടിയപ്പോൾ ആ തൊഴിൽ വിട്ടു. തുടർന്നാണ് അബൂബക്കറിനൊപ്പം കക്കയെടുക്കാൻ പോയിത്തുടങ്ങിയത്. വർഷങ്ങളായി ഈ തൊഴിലെടുക്കുന്ന അബൂബക്കറിനും സലാമിനും നീന്തൽ നല്ല വശമുണ്ടായിരുന്നു. എന്നിട്ടും ഈ അപകടത്തിനു കീഴടങ്ങേണ്ടിവന്നു.

അപകടത്തിൽ മരിച്ച റുഖിയയുടെ വീട്ടിൽ തടിച്ചുകൂടിയ നാട്ടുകാർ

ഞെട്ടൽ വിട്ടുമാറാതെ ബീപ്പാത്തു

ആശുപത്രിയിൽനിന്ന് മകൾ റസിയയുമായി വീട്ടിലെത്തിയ ബീപ്പാത്തു തലേന്ന് നടന്ന അപകടത്തിന്റെ ഞെട്ടലിൽനിന്ന് ഇനിയും മുക്തയായിട്ടില്ല. ഇരുവരും കക്ക വാരുന്ന സംഘത്തിലുണ്ടായിരുന്നെങ്കിലും തലനാരിഴയ്ക്ക് രക്ഷപ്പെട്ടു. മകളുടെ മുടിയും പിടിച്ച് ബീപ്പാത്തു നീന്തിക്കയറിയപ്പോൾ തന്റെ സുഹൃത്തുക്കളെല്ലാം മുങ്ങിത്താഴുന്ന കാഴ്‌ച അവർക്ക് കണ്ടുനിൽക്കാനേ കഴിഞ്ഞുള്ളൂ. ഇവരുടെ ശബ്ദംകേട്ടാണ് രക്ഷാപ്രവർത്തനത്തിന് കരയിൽനിന്ന് ആളുകൾ പുഴയിലേക്കിറങ്ങിയത്. കക്ക വാരാൻ പതിവായി പോകാറില്ലായിരുന്നു ബീപ്പാത്തുവും റസിയയും.

ദുരന്തമുഖത്തെരക്ഷകർ

തിരൂർ: രക്ഷാപ്രവർത്തനത്തിന് എന്നും മുൻപന്തിയിലാണ് താലൂക്ക് ഡിസാസ്റ്റർ റസ്പോൺസ് ഫോഴ്സ്. ഈ സംഘത്തിലെ ഏഴുപേർ ചേർന്നാണ് ഭാരതപ്പുഴയിൽ തോണി മറിഞ്ഞ് മുങ്ങിയവരിൽ രണ്ടു പേരുടെ മൃതദേഹങ്ങൾ ഞായറാഴ്ച മുങ്ങിയെടുത്ത് കരയ്ക്കെത്തിച്ചത്.

ടി.ഡി. ആർ.എഫ്. ടീം ലീഡർ കബീർ, സലാം അഞ്ചുടി, സവാദ്, ജാബിർ, ബഷീർ, അർഷാദ്, മുബഷീർ എന്നിവരായിരുന്നു രക്ഷാ സംഘത്തിലുണ്ടായിരുന്നത്. ശനിയാഴ്ച രാത്രിയും ഞായറാഴ്ച രാവിലെയും ഇവർ വിശ്രമമില്ലാതെ പുഴയിൽ മുങ്ങിത്തപ്പുകയായിരുന്നു. ഇവർ നിരവധി തവണ അടിയന്തരഘട്ടങ്ങളിൽ പലയിടത്തും രക്ഷകരായിട്ടുണ്ട്. പത്ത് പേരാണ് സംഘത്തിലുളളത്. എന്നാൽ ഇവർക്ക് ഏറെ പരിമിതികളുണ്ട്. ബോട്ടും, ലൈഫ് ജാക്കറ്റുമൊന്നുമില്ലാതെ പരിമിതിക്കുള്ളിൽനിന്നാണ് ഇവരുടെ രക്ഷാപ്രവർത്തനം.

തോണിയപകടത്തിൽ മരിച്ചവർക്ക് അന്ത്യോപചാരമർപ്പിക്കാൻ റവന്യൂ മന്ത്രി കെ. രാജൻ, കായികമന്ത്രി വി. അബ്ദുറഹ്‌മാൻ, എം.എൽ.എ.മാരായ കെ.ടി. ജലീൽ, കുറുക്കോളി മൊയ്തീൻ എന്നിവർ തിരൂർ ജില്ലാ ആശുപത്രിയിലെത്തിയപ്പോൾ

ചെറുവള്ളങ്ങളിൽ ജീവനുവേണ്ടി തുഴഞ്ഞ്‌...

പുറത്തൂർ: തോണി മുങ്ങിയെന്ന വാർത്ത കേട്ടയുടനെ പ്രദേശത്തുള്ളവരെല്ലാം അപകടസ്ഥലത്തേക്ക് ഒാടിയെത്തി. തങ്ങളുടെ ചെറുവള്ളങ്ങളുമായി നിമിഷങ്ങൾക്കകം അവർ തിരച്ചിലാരംഭിച്ചു. പുറത്തൂർ, പൊന്നാനി ഭാഗങ്ങളിൽനിന്നെല്ലാം വള്ളങ്ങളുമായി മത്സ്യത്തൊഴിലാളികൾ എത്തിയിരുന്നു. അപകടം നടന്നയുടനെ രക്ഷപ്പെടുത്തിയ ബീപ്പാത്തുവിനെയും റസിയെയും ഉടനെ ആശുപത്രിയിലെത്തിച്ചശേഷം മറ്റുള്ളവർക്കായുള്ള തിരച്ചിൽ ആരംഭിച്ചു.

അതിനുശേഷമാണ് റുഖിയയെയും സൈനബയെയും കണ്ടെത്തിയത്. അബൂബക്കറിനും അബ്ദുൽസലാമിനും വേണ്ടി പുലർച്ചെ മൂന്നുവരെ തിരച്ചിൽ നടത്തിയെങ്കിലും ദിക്ക് മനസ്സിലാകാത്തതിനെത്തുടർന്ന് അവസാനിപ്പിക്കുകയായിരുന്നു.ഞായറാഴ്‌ച പുലർച്ചെ ആറുമണിയോടെ ആരംഭിച്ച തിരച്ചിലിനൊടുവിൽ ഏഴുമണിയോടെ ഇരുവരുടേയും മൃതദേഹങ്ങൾ കണ്ടെത്തുകയായിരുന്നു.

Content Highlights: malappuram purathoor boat accident rukhiya sainaba


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
സരിത രവീന്ദ്രനാഥ്

2 min

ലെഗ്ഗിൻസ് ധരിച്ചതിന് ഹെഡ്മിസ്ട്രസില്‍ നിന്ന് ശകാരം; പരാതി നല്‍കി അധ്യാപിക

Dec 1, 2022


Vizhinjam

7 min

വിഴിഞ്ഞത്തിന്റെ നിലവിളി | വഴിപോക്കൻ

Dec 2, 2022


brazil vs cameroon

2 min

ടിറ്റെയുടെ പരീക്ഷണം പാളി, ബ്രസീലിനെ അട്ടിമറിച്ച് കാമറൂണ്‍

Dec 3, 2022

Most Commented