മലപ്പുറം: ജിഷ്ണുവിന്റെ മരണവുമായി ബന്ധപ്പെട്ട് നെഹ്‌റു കോളജ് വൈസ് പ്രിന്‍സിപ്പല്‍ ശക്തിവേലിന്റെ അറസ്റ്റ് മലപ്പുറം ഉപതിരഞ്ഞെടുപ്പ് മുന്നില്‍ കണ്ടാണെന്ന് കെ.പി.സി.സി അധ്യക്ഷന്‍ എം.എം. ഹസ്സന്‍. 90 ദിവസം കാത്തിരുന്ന ശേഷം സമരം അവസാനിപ്പിക്കാന്‍ മാത്രമല്ല പ്രതികളെ പിടികൂടിയത്. 

തിരഞ്ഞെടുപ്പില്‍ നിലവില്‍ മോശം അവസ്ഥയിലുള്ള എല്‍.ഡി.എഫ് വീണ്ടും പരുങ്ങലിലാകുന്നത് കണ്ടാണ് പ്രതികളെ  അറസ്റ്റ് ചെയ്ത് മുഖം രക്ഷിക്കാന്‍ ശ്രമക്കുന്നത്. എന്നാല്‍ ഇത് ജനങ്ങള്‍ തിരച്ചറിയുമെന്നും അദ്ദേഹം വ്യക്തമാക്കി. മലപ്പുറത്ത് മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. 

അതേസമയം അറസ്റ്റ് നാടകമാണോ എന്ന് പരിശോധിക്കണമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കുമ്മനം രാജശേഖരന്‍ പറഞ്ഞു. ഇത്രയും ദിവസം പ്രതികളെ പിടികൂടാനാകാത്ത പോലീസ് പെട്ടെന്ന് അത് ചെയ്യുമ്പോള്‍ സംശയത്തോടെ മാത്രമെ കാണാനാവു എന്നും കുമ്മനം പറഞ്ഞു.