മലപ്പുറം: മലപ്പുറം ഉപതിരഞ്ഞെടുപ്പില്‍ എല്‍.ഡി.എഫ് സ്ഥാനാര്‍ഥിയായി അഡ്വ. എം.ബി ഫൈസല്‍ മത്സരിക്കും. സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ വാര്‍ത്താ സമ്മേളനത്തില്‍ പ്രഖ്യാപിച്ചതാണ് ഇക്കാര്യം.

ജില്ലാ പഞ്ചായത്ത് അംഗവും ഡി.വൈ.എഫ്.ഐ ജില്ലാ പ്രസിഡന്റുമാണ് അഡ്വ എം.ബി ഫൈസല്‍. കോടിയേരി ബാലകൃഷ്ണന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന ജില്ലാ കമ്മിറ്റി യോഗമാണ് സ്ഥാനാര്‍ഥിയെ നിശ്ചയിച്ചത്.

മലപ്പുറം ഉപതിരഞ്ഞെടുപ്പ് കേരളത്തിലെ ഇടതുപക്ഷ ഭരണത്തിന്റെ വിലയിരുത്തലാകുമെന്ന് കോടിയേരി ബാലകൃഷ്ണന്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. ഇടതുസര്‍ക്കാര്‍ നടപ്പാക്കിയ ക്ഷേമ പ്രവര്‍ത്തനങ്ങള്‍ ഉയര്‍ത്തിക്കാട്ടി പ്രചാരണം നടത്തും. കോര്‍പ്പറേറ്റുകള്‍ക്കും വര്‍ഗീയ ശക്തികള്‍ക്കും എതിരായ നിലപാടാണ് ഇടതുപക്ഷം മുന്നോട്ടുവെക്കുന്നത്.

കേരള രാഷ്ട്രീയത്തില്‍ യു.ഡി.എഫിന്റെ പ്രസക്തി നഷ്ടപ്പെട്ടു എന്നതിന്റെ ഉദാഹരണമാണ് ദേശീയ രാഷ്ട്രീയത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കാനുള്ള പി.കെ കുഞ്ഞാലിക്കുട്ടിയുടെ തീരുമാനമെന്ന് കോടിയേരി ആരോപിച്ചു. അഞ്ച് സംസ്ഥാനങ്ങളില്‍ നടന്ന തിരഞ്ഞെടുപ്പിനുശേഷം രാജ്യത്ത് ഉരുത്തിരിഞ്ഞ രാഷ്ട്രീയ കാലാവസ്ഥ തിരഞ്ഞെടുപ്പില്‍ ചര്‍ച്ച ചെയ്യപ്പെടും.

വര്‍ഗീയതയ്ക്ക് എതിരായ മതനിരപേക്ഷ നിലപാട് ഉയര്‍ത്തിക്കാട്ടിയാവും എല്‍.ഡി.എഫ് ജനങ്ങളെ സമീപിക്കുക. 20 ന് ചേരുന്ന സംസ്ഥാന കമ്മിറ്റി യോഗത്തിനുശേഷം തിരഞ്ഞെടുപ്പ് കമ്മിറ്റികള്‍ രൂപവത്കരിച്ച് പ്രവര്‍ത്തനം തുടങ്ങുമെന്ന് കോടിയേരി വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.