മലപ്പുറം: കരിപ്പൂരില്‍ ദളിത് വിദ്യാര്‍ഥിനി കെട്ടിടത്തില്‍ നിന്ന് വീണ് പരിക്കേറ്റ സംഭവത്തില്‍ അഞ്ച് സഹപാഠികള്‍ അറസ്റ്റില്‍. ഷാലു, എലിസബത്ത്, വൈഷ്ണവി, നീതു, ഷൈജ എന്നിവരാണ് അറസ്റ്റിലായത്. 

തിരുവനന്തപുരം സ്വദേശി ആതിരയായിരുന്നു കെട്ടിടത്തിൽ നിന്ന് വീണത് .ഇത് ആത്മഹത്യാശ്രമമെന്നായിരുന്നു ആദ്യ റിപ്പോർട്ടുകൾ. എന്നാല്‍ ഇത് ആത്മഹത്യ ശ്രമം അല്ലെന്നും സഹപാഠികളുടെ പീഡനത്തില്‍ നിന്ന് രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെ വീണതാണെന്നായിരുന്നു ബന്ധുക്കള്‍ പറഞ്ഞിരുന്നത്. സഹപാഠികള്‍ തന്റെ മകളെ മാനസികമായും ശാരീരികമായും പീഡിപ്പിച്ചിരുന്നതായി ആതിരയുടെ അമ്മ വാര്‍ത്താ സമ്മേളനത്തില്‍ ആരോപിച്ചിരുന്നു. തുടര്‍ന്നാണ് അറസ്റ്റ്. അറസ്റ്റിലായവരെ മഞ്ചേരി എസ്.സി, എസ്.ടി കോടതിയില്‍ പ്രവേശിപ്പിച്ചു.

ആതിര വീണത് പീഡനത്തില്‍ നിന്നും രക്ഷപ്പെടുന്നതിനിടെയെന്ന് അമ്മ

കഴിഞ്ഞ മുപ്പതിനായിരുന്നു അറസ്റ്റിന് കാരണമായ സംഭവം ഉണ്ടായത്. തിരുവനന്തപുരം അരിസ്റ്റോ ജംഗ്ഷനിനുള്ള ഐ.പി.എം.എസ് ഏവിയേഷന്‍ സ്ഥാപനത്തിലെ വിദ്യാര്‍ഥിനിയാണ് ആത്മഹത്യയ്ക്ക് ശ്രമിച്ചത്. കരിപ്പൂരില്‍ പരിശീലനത്തിന് പോയ വിദ്യാര്‍ഥിനി ഇവിടെയുള്ള ന്യൂമാന്‍ ലോഡ്ജിലായിരുന്നു താമസിച്ചിരുന്നത്. ഇവിടെ നിന്നാണ് ആത്മഹത്യയ്ക്ക് ശ്രമിച്ചത്. 

അറസ്റ്റിലായവര്‍ വിദ്യാര്‍ഥിനിയെ മാനസികമായും ശാരീരികമായും പീഡിപ്പിച്ചുവെന്നാണ് കേസ്. ഗുരുതരമായി പരിക്കേറ്റ വിദ്യാര്‍ഥിനിയെ കോഴിക്കോട് മെഡിക്കല്‍ കോളേജിലും തിരുവനന്തപുരം മെഡിക്കല്‍ കോളേജിലും പ്രവേശിപ്പിച്ചിരുന്നു. വിദ്യാര്‍ഥിനിയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് സഹപാഠികളെ ഇപ്പോള്‍ അറസ്റ്റ് ചെയ്തിരിക്കുന്നത്.