. (Photo: .)
ന്യൂഡല്‍ഹി: മലപ്പുറം ജില്ലാ ബാങ്കിനെ കേരള ബാങ്കില്‍ ലയിപ്പിച്ച രീതി സഹകരണ ആശയത്തിന് എതിരാണെന്ന് സുപ്രീംകോടതി. ഈ രീതിയില്‍ ലയനം നടത്താന്‍ സര്‍ക്കാരിന് അധികാരമില്ലെന്ന് സുപ്രീംകോടതി വാക്കാല്‍ നിരീക്ഷിച്ചു. ലയന നടപടികള്‍ സ്റ്റേ ചെയ്യണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിക്കാന്‍ ഹര്‍ജിക്കാര്‍ക്ക് സുപ്രീംകോടതി അനുമതി നല്‍കി.
മലപ്പുറം ജില്ലാ സഹകരണ ബാങ്കിനെ കേരള ബാങ്കില്‍ ലയിപ്പിക്കുന്നതിന് സര്‍ക്കാര്‍ ആരംഭിച്ച നടപടികള്‍ അടിയന്തിരമായി സ്റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ട് നല്‍കിയ ഹര്‍ജി പരിഗണിക്കവെയാണ് സുപ്രീംകോടതിയുടെ നിര്‍ണ്ണായക നിരീക്ഷണം. മലപ്പുറം ജില്ലാ സഹകരണ ബാങ്ക് പ്രസിഡന്റും എം.എല്‍.എയുമായ യു.എ. ലത്തീഫ്, ബാങ്ക് വൈസ് പ്രസിഡന്റ് പി.ടി. അജയ് മോഹന്‍ എന്നിവരാണ് സുപ്രീംകോടതിയില്‍ ഹര്‍ജി ഫയല്‍ ചെയ്തത്.
സഹകരണ നിയമത്തില്‍ കൊണ്ടുവന്ന 74 എച്ച് ഭേദഗതി ഉപയോഗിച്ചാണ് മലപ്പുറം ജില്ലാ ബാങ്കിനെ കേരള ബാങ്കില്‍ ലയിപ്പിക്കുന്നതിനുള്ള നടപടികള്‍ സംസ്ഥാന സര്‍ക്കാര്‍ സ്വീകരിച്ചത്. എന്നാല്‍, ഈ ഭേദഗതി പ്രകാരം സഹകരണ രജിസ്ട്രാര്‍ ഇറക്കിയ അന്തിമ ഉത്തരവ് ഹര്‍ജിക്കാര്‍ ഹൈക്കോടതിയില്‍ ചോദ്യം ചെയ്തിട്ടില്ലെന്ന് ജസ്റ്റിസുമാരായ ദിനേശ് മഹേശ്വരി, ബേല എം. ത്രിവേദി എന്നിവര്‍ അടങ്ങിയ ബെഞ്ച് ചൂണ്ടിക്കാട്ടി. ലയനം നടത്തിയ രീതിയോട് തങ്ങള്‍ക്ക് വിയോജിപ്പാണെങ്കിലും, അന്തിമ ഉത്തരവ് ചോദ്യം ചെയ്തിട്ടില്ലാത്തതിനാല്‍ ഈ ഘട്ടത്തില്‍ വിഷയത്തില്‍ ഇടപെടുന്നില്ലന്ന് ചൂണ്ടിക്കാട്ടി ഹര്‍ജി സുപ്രീംകോടതി തള്ളി. ഹര്‍ജിക്കാര്‍ക്ക് ഇടക്കാല ഉത്തരവിനുള്‍പ്പടെ ഹൈക്കോടതിയെ സമീപിക്കാന്‍ സുപ്രീംകോടതി അനുമതി നല്‍കി.
ഏകപക്ഷീയവും, നിയമവിരുദ്ധവുമായ ഭേദഗതിയിലൂടെ സൊസൈറ്റികളുടെ ജനാധിപത്യ അവകാശങ്ങള്‍ സര്‍ക്കാര്‍ കവരുകയാണെന്ന് ഹര്‍ജിക്കാര്‍ക്ക് വേണ്ടി ഹാജരായ സീനിയര്‍ അഭിഭാഷകരായ ദുഷ്യന്ത് ദാവെ, മനീന്ദര്‍ സിങ്, അഭിഭാഷകന്‍ ഹാരിസ് ബീരാന്‍ എന്നിവര്‍ ആരോപിച്ചു. സഹകരണ ബാങ്കുകള്‍ക്ക് മേല്‍ നിയന്ത്രണത്തിനായി റിസര്‍വ് ബാങ്ക് കൊണ്ട് വന്ന വിജ്ഞാപനം ചോദ്യം ചെയ്ത് കോടതിയെ സമീപിച്ച സംസ്ഥാനമാണ് കേരളം. അതേ സംസ്ഥാനമാണ് ജനാധിപത്യത്തിലെ ഏറ്റവും താഴെത്തട്ടില്‍ ഉള്ള സഹകരണ സ്ഥാപനങ്ങള്‍ക്ക് നേരെ നീങ്ങുന്നത് എന്നും ഇരുവരും വാദിച്ചു.
തുടര്‍ന്നാണ് സുപ്രീംകോടതി ഏറ്റെടുക്കല്‍ രീതിയെ വിമര്‍ശിച്ചത്. സംസ്ഥാന സര്‍ക്കാരിന് വേണ്ടി സീനിയര്‍ അഭിഭാഷകന്‍ കെ.വി. വിശ്വനാഥ്, സ്റ്റാന്റിംഗ് കോണ്‍സല്‍ സി.കെ. ശശി എന്നിവര്‍ ഹാജരായി.
Content Highlights: malappuram district bank kerala bank merger supreme court questions government decision
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..