
-
കോട്ടയം: സഭാവിരുദ്ധപ്രവര്‍ത്തനങ്ങള്‍ നടത്തിയെന്ന ആരോപണത്തെത്തുടര്‍ന്ന് മലങ്കര ഓര്‍ത്തഡോക്സ് സുറിയാനി സഭയിലെ മൂന്ന് വൈദികരെ സഭയുടെ കീഴിലുള്ള പള്ളികളില്‍ ആത്മീയചുമതലകള്‍ നിര്‍വഹിക്കുന്നതില്‍നിന്ന് ഒഴിവാക്കി. ഓര്‍ത്തഡോക്സ് സഭയുടെ കോട്ടയം ഭദ്രാസനത്തില്‍പ്പെട്ട കുറിച്ചി സ്വദേശി ഫാ. വര്‍ഗീസ് മര്‍ക്കോസ്, മീനടം സ്വദേശി ഫാ. വര്‍ഗീസ് എം.വര്‍ഗീസ് (ജിനൊ), പാക്കില്‍ സ്വദേശി ഫാ. റോണി വര്‍ഗീസ് എന്നിവരെയാണ് സഭാ എപ്പിസ്കോപ്പല്‍ സുന്നഹദോസ് സെക്രട്ടറി ഡോ. യൂഹാനോന്‍ മാര്‍ ദിയസ്കോറോസ് മെത്രാപ്പൊലീത്താ താത്കാലികമായി ചുമതലകളില്‍നിന്ന് ഒഴിവാക്കിയത്.
പുറത്താക്കപ്പെട്ട വൈദികര്‍ക്കെതിരേ, കാതോലിക്കാബാവായ്ക്കും സഭാനേതൃത്വത്തിനും വിശ്വാസികള്‍ ഒട്ടേറെ പരാതികള്‍ നല്‍കിയിരുന്നു. കോട്ടയം കുഴിമറ്റത്ത് വീട്ടമ്മ ആത്മഹത്യചെയ്ത സംഭവവുമായി ബന്ധപ്പെട്ട് ഫാ. വര്‍ഗീസ് മര്‍ക്കോസ് ആര്യാട്ടിനെതിരേ പരാതിയുയര്‍ന്നിരുന്നു. അവിഹിതബന്ധവും പണമിടപാടും ആരോപിച്ച് വീട്ടമ്മയുടെ ഭര്‍ത്താവ് ഫാ. ആര്യാട്ടിനെതിരേ സഭാനേതൃത്വത്തിനും പോലീസിനും പരാതി നല്‍കിയിരുന്നു. കേസ് ഇപ്പോള്‍ കോട്ടയം ക്രൈം ഡിറ്റാച്ച്മെന്റ് ഡിവൈ.എസ്.പി.യുടെ നേതൃത്വത്തില്‍ അന്വേഷിച്ചുവരികയാണ്.
ആലപ്പുഴയിലെ ഒരു പള്ളിയില്‍ കുര്‍ബാന അര്‍പ്പിച്ചുവരികയാണ് ഫാ. ആര്യാട്ട്. കോട്ടയത്ത് വാകത്താനത്ത് ഒരു ചാപ്പലില്‍ വികാരിയായിരുന്ന ഫാ. വര്‍ഗീസ് എം.വര്‍ഗീസ് ചക്കുംചിറയിലിനെ, കഴിഞ്ഞദിവസം അനാശാസ്യം ആരോപിച്ച് വിശ്വാസികള്‍ ചാപ്പലില്‍ തടഞ്ഞുവച്ചു.
അനാശാസ്യം ഉള്‍പ്പെടെ വിവിധ ആരോപണങ്ങളെത്തുടര്‍ന്ന് നേരത്തേതന്നെ വികാരിസ്ഥാനത്തുനിന്ന് മാറ്റിനിര്‍ത്തിയിരുന്ന വൈദികനാണ് ഫാ. റോണി വര്‍ഗീസ് ചെറുവള്ളില്‍. വിശ്വാസികളുടെ പരാതിയില്‍ ഫാ. റോണിക്കെതിരേ സഭാനേതൃത്വം അന്വേഷണം നടത്തിവരികയായിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ഫാ. റോണിയെ ചുമതലകളില്‍നിന്ന് ഒഴിവാക്കിയത്.
വൈദികരെ പുറത്താക്കിക്കൊണ്ടുള്ള മെത്രാപ്പൊലീത്തായുടെ കല്പന ഞായറാഴ്ച പള്ളികളില്‍ വായിക്കുമെന്നാണ് വിവരം. പ്രാഥമികനടപടി മാത്രമാണിപ്പോള്‍ എടുത്തിട്ടുള്ളത്. അടുത്തുചേരുന്ന സഭയുടെ കോട്ടയം ഭദ്രാസന കൗണ്‍സില്‍ വിഷയം ചര്‍ച്ചചെയ്യുമെന്നാണ് സൂചന. തുടര്‍ന്ന് പരാതിയില്‍ അന്വേഷണകമ്മിഷനെ നിയമിക്കുകയാണ് നടപടിക്രമം. ഈ കമ്മിഷന് റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലായിരിക്കും വൈദികര്‍ക്കെതിരായ തുടര്‍നടപടികള്‍ കൈക്കൊള്ളുക.
Content Highlight: Malankara Orthodox Syrian Church Church expelled three priest
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..