പൂക്കിപ്പറമ്പ് ബസ് അപകടം | ഫോട്ടോ - മാതൃഭൂമി ആർക്കൈവ്‌സ്
കേരളത്തെ നടുക്കി വീണ്ടുമൊരു ബസ് അപകടം. കോയമ്പത്തൂരിനടുത്ത് അവിനാശിയില്‍ കെഎസ്ആര്‍ടിസി ബസ്സും കണ്ടെയ്‌നര്‍ ലോറിയും കൂട്ടിയിടിച്ച് 19 പേരാണ് മരിച്ചത്. സംസ്ഥാനത്ത് മുമ്പ് നടന്ന പല അപകടങ്ങള്‍ക്കും പിന്നാലെ അന്വേഷണങ്ങള്‍ നടത്തുകയും അപകടത്തിന്റെ കാരണങ്ങള്‍ കണ്ടെത്തുകയും ചെയ്തിരുന്നു. എന്നാല്‍ വന്‍ ദുരന്തങ്ങള്‍ ആവര്‍ത്തിക്കുകയാണ്. കേരളത്തെ കണ്ണീരിലാഴ്ത്തിയ വലിയ ബസ്സപകടങ്ങള്‍ ഇവയാണ്.
പൂക്കിപ്പറമ്പ് ബസ് അപകടം

യാത്രക്കാരെ കുത്തിനിറച്ച് അമിതവേഗത്തില്‍ കുതിച്ച സ്വകാര്യ ബസ് നിയന്ത്രണംവിട്ടശേഷം കാറുമായി ഇടിച്ച് മറിഞ്ഞ് കത്തിയതിനെത്തുടര്‍ന്ന് 41 പേരാണ് വെന്തുമരിച്ചത്. 2001 മാര്‍ച്ച് 11 ഞായറാഴ്ച ഉച്ചയ്ക്ക് രണ്ടിനുശേഷം ദേശീയപാത 17 ലെ പൂക്കിപ്പറമ്പിന് സമീപമായിരുന്നു അപകടം. ഗുരുവായൂരില്‍നിന്ന് തലശ്ശേരിക്ക് പോയ പ്രണവം എന്ന ബസ്സാണ് കത്തിയത്. എഴുപതിലേറെ പേരുണ്ടായിരുന്ന ബസ് മറിഞ്ഞ സ്ഥലത്ത് രക്ഷാപ്രവര്‍ത്തനം അസാധ്യമായ വിധത്തില്‍ തീ പടര്‍ന്നു. പലരും സീറ്റില്‍ ഇരുന്ന നിലയില്‍തന്നെ വെന്തുപോയി. മരിച്ചവരില്‍ 15 പേരെ മാത്രമെ തിരിച്ചറിയാന്‍ കഴിഞ്ഞുള്ളൂ.
ആലപ്പുഴയില്‍ ബസ്സിന് തീപ്പിടിച്ച് മരിച്ചത് 40 പേര്‍
കെഎസ്ആര്‍ടിസി സൂപ്പര്‍ ഫാസ്റ്റ് ബസ്സും കയറുല്‍പ്പന്നങ്ങള്‍ കയറ്റിയ ലോറിയും കൂട്ടിയിടിച്ച് തീപ്പിടിച്ചതിനെ തുടര്‍ന്ന് നാല്‍പ്പതോളം യാത്രക്കാരാണ് വെന്തുമരിച്ചത്. നിരവധി പേര്‍ക്ക് ഗുരുതര പൊള്ളലേറ്റു. 1994 ഫെബ്രുവരി ആറിന് ദേശീയ പാതയില്‍ ആലപ്പുഴ ജില്ലയിലെ എഴുപുന്ന പഞ്ചായത്തില്‍പ്പെട്ട ചമ്മനാട്ടായിരുന്നുഅപകടം. ആറ്റിങ്ങലിലേക്ക് പോയ ബസ്സും കൊല്ലത്തുനിന്ന് വന്ന ലോറിയുമാണ് കൂട്ടിയിടിച്ചത്.
11 പേര്‍ മരിച്ച മദ്ദൂര്‍ അപകടം

ബെംഗളൂരു - മൈസൂര്‍ ദേശീയപാതയില്‍ കെഎസ്ആര്‍ടിസി ബസ്സും ലോറിയും കൂട്ടിയിടിച്ച് 11 പേരാണ് മരിച്ചത്. 2001 ജൂലായ് 29ന് മദ്ദൂരില്‍നിന്നും ഏഴു കിലോമീറ്റര്‍ അകലെ നെടുഗട്ട എപിഎംസി ചെക്ക് പോസ്റ്റിന് എതിര്‍വശം പുലര്‍ച്ചെ 12.30നായിരുന്നു അപകടം. ബെംഗളൂരുവില്‍നിന്ന് വടകരയിലേക്കുവന്ന ബസ്സും ബംെഗളൂരുവിലേക്ക് പോയ ലോറിയുമാണ് കൂട്ടിയിടിച്ചത്. ബസ്സിലുണ്ടായിരുന്ന ഒമ്പതുപേരും ലോറിയില്‍ ഉണ്ടായിരുന്ന രണ്ടു പേരുമാണ് മരിച്ചത്.
താനൂരില്‍ ബസ് ഓട്ടോയിലിടിച്ച് മരിച്ചത് എട്ടുപേര്‍

മലപ്പുറം താനൂരില്‍ സ്വകാര്യ ബസ് ഓട്ടോറിക്ഷയില്‍ ഇടിച്ച് നാല് കുട്ടികളും രണ്ട് സ്ത്രീകളും അടക്കം ബന്ധുക്കളായ എട്ടുപേരാണ് മരിച്ചത്. 2013 ഓഗസ്റ്റ് 31 നായിരുന്നു അപകടം. കോഴിക്കോട്ടുനിന്ന് തിരൂരിലേക്ക് പോയ ബസ്സാണ് ഓട്ടോയില്‍ ഇടിച്ചത്. പൂര്‍ണമായും തകര്‍ന്ന ഓട്ടോയില്‍നിന്ന് യാത്രക്കാരെ പുറത്തെടുക്കാന്‍ ഏറെനേരം വൈകി. ഇതേത്തുടര്‍ന്ന് രോഷാകുലരായ നാട്ടുകാര്‍ ബസ്സിന് തീവച്ച് നശിപ്പിച്ചിരുന്നു.
പുല്ലുപാറ ബസ് അപകടം

കെ.കെ റോഡില്‍ ഇടുക്കി ജില്ലയിലെ കുട്ടിക്കാനത്തിനും പെരുവന്താനത്തിനും ഇടയില്‍ പുല്ലുപാറയ്ക്ക് സമീപം തമിഴ്‌നാടിന്റെ രാജീവ്ഗാന്ധി ട്രാന്‍സ്‌പോര്‍ട്ട് കോര്‍പ്പറേഷന്‍ വക ബസ് നാനൂറോളം അടി താഴ്ചയിലേക്ക് മറിഞ്ഞ് രണ്ടുമാസം പ്രായമുള്ള പുഞ്ചുകുഞ്ഞടക്കം 11 പേരാണ് മരിച്ചത്. 49 പേര്‍ക്ക് പരിക്കേറ്റു. 1996 ജൂലായ് ഏഴ് ഞായറാഴ്ച പുലര്‍ച്ചെ മൂന്നരയോടെ ആയിരുന്നു അപകടം.
കുന്നംകുളത്തിന് സമീപമുണ്ടായ വാഹനാപകടത്തില്‍ മരിച്ചത് പത്തുപേര്‍

കുന്നംകുളത്ത് വിവാഹ സംഘം സഞ്ചരിച്ച ടെമ്പോ ട്രാവലറും ബസ്സും കൂട്ടിയിടിച്ച് പത്തുപേരാണ് മരിച്ചത്. ടെമ്പോ ട്രാവലറിലെ യാത്രക്കാരാണ് മരിച്ചവരെല്ലാം. 2006 മെയ് 29 ന് ഉച്ചയ്ക്ക് 1.10 ന് കുന്നംകുളത്തിനടുത്ത് കാണിപ്പയ്യൂര്‍ യൂണിറ്റി ആശുപത്രിക്ക് സമീപമാണ് അപകടമുണ്ടായത്. പഴുന്നാന പള്ളിയില്‍ വിവാഹ ചടങ്ങ് കഴിഞ്ഞ് കുന്നംകുളം - വടക്കാഞ്ചേരി റോഡിലെ ഓഡിറ്റോറിയത്തിലേക്ക് സദ്യയ്ക്കായി പോയവരാണ് അപകടത്തില്‍പ്പെട്ടത്. കുറ്റിപ്പുറത്തുനിന്ന് തൃശ്ശൂരിലേക്ക് പോയ ലിമിറ്റഡ് സ്‌റ്റോപ്പ് ബസ്സാണ് ടെമ്പോ ട്രാവലറില്‍ ഇടിച്ചത്.
കോയമ്പത്തൂരിന് സമീപമുണ്ടായ വാഹനാപകടം

കോയമ്പത്തൂര്‍ - പാലക്കാട് ദേശീയപാതയിലെ നവക്കര പാലത്തിനടുത്ത് നടന്ന റോഡപകടത്തില്‍ ആറ് മലയാളികളും രണ്ട് സ്ത്രീകളുമടക്കം 16 പേരാണ് മരിച്ചത്. തിരുപ്പൂരില്‍നിന്ന് ഗുരുവായൂരിലേക്ക് പോയ ടെമ്പോ ട്രാവലറും ചങ്ങനാശ്ശേരിയില്‍നിന്ന് മേട്ടുപ്പാളയത്തേക്ക് വിനോദ സഞ്ചാരികള്‍ പോയ ടാറ്റാ സുമോയുമാണ് കൂട്ടിയിടിച്ചത്. 1997 ഒക്ടോബര്‍ 27-നായിരുന്നു അപകടം.
രാജാക്കാട് ബസ് അപകടം

തിരുവനന്തപുരത്തുനിന്ന് വിനോദ യാത്രയ്‌ക്കെത്തിയ എന്‍ജിനിയറിങ് വിദ്യാര്‍ഥികളുടെ ബസ് ഇടുക്കി രാജാക്കാടിനടുത്ത് എണ്‍പതടി താഴ്ചയിലെ റോഡിലേക്ക് മറിഞ്ഞ് എട്ടുപേരാണ് മരിച്ചത്. ഏഴ് വിദ്യാര്‍ഥികള്‍ക്കും ബസ്സിന്റെ ക്ലീനര്‍ക്കും ജീവന്‍ നഷ്ടമായി. തിരുവനന്തപുരം വെ്ള്ളനാട് സാരാഭായ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് എന്‍ജിനിയറിങ്ങിലെ ബി ടെക്ക് (ഇലക്ട്രിക്കല്‍ ആന്‍ഡ് ഇന്‍സ്ട്രുമെന്റേഷന്‍) അവസാനവര്‍ഷ വിദ്യാര്‍ഥികളാണ് അപകടത്തില്‍പ്പെട്ടത്. 2013 മാര്‍ച്ച് 25 നായിരുന്നു അപകടം.
താഴത്തങ്ങാടി ബസ് അപകടം

കോട്ടയത്തിന് സമീപം താഴത്തങ്ങാടിയില്‍ അറുപുഴ ഭാഗത്ത് സ്വകാര്യ ബസ് മീനച്ചിലാറ്റിലേക്ക് മറിഞ്ഞ് പത്തുപേര്‍ മരിച്ചു. ഡ്രൈവറും കണ്ടക്ടറും ഉള്‍പ്പെടെ 25 പേര്‍ അപകടത്തില്‍നിന്ന് രക്ഷപ്പെട്ടു. രക്ഷാപ്രവര്‍ത്തകന്‍ കുഴഞ്ഞുവീണ് മരിച്ചു. കാറിന് സൈഡ് കൊടുക്കവെ നിയന്ത്രണംവിട്ട ബസ് വൈദ്യുതി പോസ്റ്റില്‍ ഇടിച്ചാണ് ആറ്റിലേക്ക് വീണത്. 2010 മാര്‍ച്ച് 23നായിരുന്നു അപകടം.
പാലായ്ക്കടുത്ത് ബസ് കത്തി 17 പേര്‍ മരിച്ചു

പാലായില്‍നിന്ന് തൊടുപുഴയിലേക്ക് പോയ സ്വകാര്യ ബസ് മറിഞ്ഞ് തീപ്പിടിച്ച് 15 സ്ത്രീകളും രണ്ട് കുട്ടികളും വെന്തു മരിച്ചു. ഐങ്കൊമ്പ് നോര്‍ത്തില്‍ 1998 ഒക്ടോബര്‍ 22 ന് രാവിലെ പതിനൊന്നരയോടെ ആയിരുന്നു അപകടം.
മലപ്പുറത്തിന് സമീപം ബസ്സും ജീപ്പും കൂട്ടിയിടിച്ചുണ്ടായ അപകടം

മലപ്പുറം - മഞ്ചേരി റോഡിലെ കാട്ടുങ്ങലിനടുത്ത് വിവാഹപ്പാര്‍ട്ടി സഞ്ചരിച്ച ജീപ്പും സ്വകാര്യ ബസ്സും കൂട്ടിയിടിച്ച് സ്ത്രീകളും കുട്ടികളും അടക്കം 17 പേരാണ് മരിച്ചത്. ജീപ്പ് യാത്രക്കാരാണ് മരിച്ചവരെല്ലാം. 1998 ഫെബ്രുവരി 22 നായിരുന്നു അപകടം.
കൂറ്റനാട് ബസ് അപകടം
കുന്നംകുളത്തിനടുത്ത് കൂറ്റനാട് സ്വകാര്യ ബസ് നിയന്ത്രണംവിട്ട് പാടത്തേക്ക് മറിഞ്ഞ് സ്ത്രീകളും രണ്ട് കുട്ടികളുമടക്കം 12 പേര്‍ മരിച്ചു. അറുപതോളം പേര്‍ക്ക് പരിക്കേറ്റു. 1997 ജൂലായ് ഏഴിനായിരുന്നു അപകടം. അപകടത്തില്‍ പരിക്കേറ്റും വെള്ളത്തില്‍വീണ് ശ്വാസംമുട്ടിയുമാണ് മിക്കവരും മരിച്ചത്.
കിടങ്ങറ ബസ് അപകടം

ആലപ്പുഴ - ചങ്ങനാശ്ശേരി റോഡില്‍ കിടങ്ങറ ഒന്നാം പാലത്തിനടുത്ത് നിറയെ യാത്രക്കാരുമായിവന്ന കെഎസ്ആര്‍ടിസി ബസ് ആറ്റിലേക്ക് മറിഞ്ഞ് പത്തുപേര്‍ മരിച്ചു. അഞ്ച് കുട്ടികളും ഒരു സ്ത്രീയും അടക്കമുള്ളവരാണ് മരിച്ചത്. 40ലധികം പേര്‍ക്ക് പരിക്കേറ്റു. 1998 മെയ് ഏഴിനാണ് അപകടം നടന്നത്.
മൈലക്കാട് അപകടം

കൊല്ലം ചാത്തന്നൂരിനടുത്ത് മൈലക്കാട്ട് ദേശീയപാതയില്‍ കരിങ്കല്‍ ലോറി സ്വകാര്യ ബസ്സിലിടിച്ച് പത്തുപേര്‍ മരിച്ചു. അറുപതോളം പേര്‍ക്ക് പരിക്കേറ്റു. 1997 മെയ് അഞ്ചിനാണ് അപകടം നടന്നത്.
Content Highlights: Major bus accidents in Kerala


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..