കൊച്ചി: മഞ്ചേശ്വരം നിയോജകമണ്ഡലത്തില്‍ കള്ളവോട്ട് നടന്നതായി അസിസ്റ്റന്റ് സോളിസിറ്റര്‍ ജനറലിന്റെ റിപ്പോര്‍ട്ട്. ഹൈക്കോടതിയിലാണ് കള്ളവോട്ട് നടന്നിട്ടുള്ളതായി സൂചിപ്പിക്കുന്ന റിപ്പോര്‍ട്ട് സമര്‍പ്പിച്ചിട്ടുള്ളത്. വിദേശത്തുണ്ടായിരുന്നവരുടെ യാത്രാ രേഖകള്‍ പരിശോധിച്ചതിനെ തുടര്‍ന്നാണ് റിപ്പോര്‍ട്ട്.

26 പേരുടെ യാത്രാരേഖകള്‍ പരിശോധിച്ചതില്‍  തിരഞ്ഞെടുപ്പ് നടക്കുമ്പോള്‍ 20 പേരും വിദേശത്തായിരുന്നു എന്ന് വ്യക്തമായിട്ടുണ്ട്. ആറുപേര്‍ മാത്രമാണ് സ്ഥലത്തുണ്ടായിരുന്നതെന്നും വ്യക്തമായി. 259 പേരില്‍ മറ്റുള്ളവരുടെ യാത്രാരേഖകള്‍ പരിശോധിച്ചുവരികയാണ്. നൂറോളം പേരുടെ യാത്രാരേഖകള്‍ പരിശോധിച്ചതിന്റെ ഫലം വരാനുണ്ട്. 

കേസില്‍ മഞ്ചേശ്വരം മണ്ഡലത്തിലെ 259 വോട്ടര്‍മാരോട് കോടതിയില്‍ ഹാജരാവാന്‍ ഹൈക്കോടതി ഉത്തരവിട്ടിരുന്നു. 8,9 തീയതികളില്‍ കോടതിയില്‍ ഹാജരാവണമെന്നാണ് കോടതി ആവശ്യപ്പെട്ടത്. ഇതില്‍ രണ്ടുപേര്‍ മാത്രമാണ് ഇതുവരെ ഹാജരായത്. 

നിയമസഭാ തിരഞ്ഞെടുപ്പില്‍ വ്യാപകമായി കള്ളവോട്ട് നടന്നതായി കാണിച്ച് മഞ്ചേശ്വരത്തെ ബിജെപിയുടെ നിയമസഭാ സ്ഥാനാര്‍ഥിയായിരുന്ന കെ. സുരേന്ദ്രനാണ് ഹൈക്കോടതിയില്‍ തിരഞ്ഞെടുപ്പ് ഹര്‍ജി നല്‍കിയത്.

ലീഗ് സ്ഥാനാര്‍ഥി പി.ബി അബ്ദുള്‍ റസാഖ് 89 വോട്ടുകളുടെ ഭൂരിപക്ഷത്തിലായിരുന്നു വിജയിച്ചത്. വിജയിച്ചത് കള്ളവോട്ടുകള്‍ നേടിയാണെന്നും തിരഞ്ഞെടുപ്പ് അസാധുവാക്കണമെന്നും ആവശ്യപ്പെട്ടാണ് സുരേന്ദ്രന്‍ പരാതി നല്‍കിയത്. 

മണ്ഡലത്തിലെ വിവിധ സ്‌കൂളുകളിലെ ബൂത്തുകളില്‍ തിരഞ്ഞെടുപ്പ് സമയത്ത് ഇല്ലാതിരുന്ന 259 പേരുടെ വോട്ടുകള്‍ ചെയ്തുവെന്നാണ് പരാതി.  ഇവരാരും തിരഞ്ഞെടുപ്പ് ദിനത്തില്‍ മണ്ഡലത്തില്‍ ഉണ്ടായിരുന്നില്ലെന്നാണ് സുരേന്ദ്രന്റെ വാദം.