ചോറ്റാനിക്കര: തൃശ്ശൂര്‍ കുട്ടനെല്ലൂരില്‍ ഡോ. സോനയെ കുത്തിക്കൊന്ന കേസിലെ പ്രതി തൃശ്ശൂര്‍ പാവറട്ടി മണപ്പാട് വെളുത്തേടത്ത് വീട്ടില്‍ മഹേഷി (41) നെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. വ്യാഴാഴ്ച ഉച്ചയോടെ ചോറ്റാനിക്കരയിലെ ലോഡ്ജിലാണ് ഇയാളെ മരിച്ച നിലയില്‍ കണ്ടത്.

മൂവാറ്റുപുഴ സ്വദേശി വലിയകുളങ്ങര വീട്ടില്‍ ഡോ. സോനയെ കുത്തിക്കൊന്ന കേസില്‍ അറസ്റ്റിലായ ഇയാള്‍ക്ക് ഹൈക്കോടതി അനുവദിച്ച ജാമ്യം സുപ്രീംകോടതി റദ്ദാക്കിയിരുന്നു. സര്‍ക്കാരും വീട്ടുകാരും കോടതിയെ സമീപിച്ചതിനെ തുടര്‍ന്നാണ് ഇയാളുടെ ജാമ്യം റദ്ദാക്കിയത്. തുടര്‍ന്ന് ഒളിവില്‍ പോയ ഇയാള്‍ രണ്ടു ദിവസമായി ചോറ്റാനിക്കരയിലെ ലോഡ്ജില്‍ താമസിച്ചു വരികയായിരുന്നു. ചൊവ്വാഴ്ച ഉച്ചയ്ക്ക് മുറിയിലേക്കുപോയ ഇയാളെ പിന്നീട് കാണാത്തതിനെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് മരിച്ച നിലയില്‍ കണ്ടത്.

20-ന് വൈകീട്ട് 4-നാണ് ഇയാള്‍ ലോഡ്ജില്‍ മുറിയെടുത്തത്. ചോറ്റാനിക്കര പോലീസ് കേസ് എടുത്തു. മൃതദേഹം തൃപ്പൂണിത്തുറ താലൂക്കാശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി.

(ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല, മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാന്‍ ശ്രമിക്കുക. Toll free helpline number: 1056)

Content Highlights:Mahesh, the accused in the case of stabbing Dr.Sona, found hanging