തലശ്ശേരി: മയ്യഴി വിമോചനസമരസേനാനിയും എഴുത്തുകാരനും പത്രപ്രവര്‍ത്തകനുമായിരുന്ന മംഗലാട്ട് രാഘവന്‍(101) അന്തരിച്ചു. ശ്വസതടസ്സത്തെ തുടര്‍ന്ന് ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് അന്ത്യം സംഭവിച്ചത്‌. ശനിയാഴ്ച വൈകുന്നേരം നാല് മണി വരെ തലശ്ശേരി ടൗണ്‍ഹാളില്‍ മൃതദേഹം പൊതുദര്‍ശനത്തിന് വെച്ച ശേഷം തലശ്ശേരി വാതകശ്മശാനത്തില്‍ സംസ്കരിച്ചു. പരേതയായ കെ.വി.ശാന്തയാണ് ഭാര്യ. മക്കള്‍: പ്രദീപ്, ദിലീപ്, രാജീവ്, ശ്രീലത, പ്രേമരാജന്‍. 

ഫ്രഞ്ച് അധീന മയ്യഴിയില്‍ 1921 സെപ്റ്റംബര്‍ 20നാണ് മംഗലാട്ട് രാഘവന്‍ ജനിച്ചത്. മയ്യഴിയിലെ എക്കോല്‍ സെംത്രാല്‍ എ കൂര്‍ കോംപ്ലമാംതേര്‍ എന്ന ഫ്രഞ്ച് സെന്‍ട്രല്‍ സ്‌കൂളില്‍ ഫ്രഞ്ച് മാധ്യമത്തില്‍ വിദ്യാഭ്യാസം. പഠനം പൂര്‍ത്തിയാക്കുന്നതിനു മുമ്പ് മയ്യഴി വിമോചനപ്രസ്ഥാനത്തില്‍ സജീവമായി. 

മാതൃഭൂമി കണ്ണൂര്‍ മുന്‍ ബ്യൂറോചീഫ് ആയിരുന്നു. മാഹി വിമോചനസമരകാലത്ത്, 1942-ലാണ് മംഗലാട്ട് മാതൃഭൂമി മയ്യഴി ലേഖകനായത്. മയ്യഴിയിലെ ഫ്രഞ്ച് പിന്മാറ്റത്തോടെ പൂര്‍ണസമയ പത്രപ്രവര്‍ത്തകനായി. ആര്‍.എം., എം.ആര്‍. എന്നീ പേരുകളിലും മാതൃഭൂമിയില്‍ ലേഖനങ്ങളെഴുതിയിരുന്നു. കീഴ്പ്പള്ളിയിലെ കുടിയിറക്കലിനെതിരായ അദ്ദേഹത്തിന്റെ വാര്‍ത്തകള്‍ കുടിയിറക്കപ്പെട്ടവര്‍ക്ക് ഭൂമി ലഭിക്കുന്നതിന് വഴിയൊരുക്കി. വിവാദമായ കുടിയിറക്കലില്‍ പ്രഗല്ഭനായ വി.ആര്‍.കൃഷ്ണയ്യരായിരുന്നു ജന്മിയുടെ അഭിഭാഷകന്‍. 1965 മുതല്‍ മാതൃഭൂമി പത്രാധിപസമിതിയംഗമായി. ചീഫ് സബ് എഡിറ്ററായിരുന്ന അദ്ദേഹം കണ്ണൂര്‍ ബ്യൂറോ ചീഫായിരിക്കെ 1981-ലായിരുന്നു വിരമിച്ചത്.

'മാതൃഭൂമി'യില്‍നിന്ന് വിരമിച്ചശേഷം ഫ്രഞ്ച് കവിതാ വിവര്‍ത്തനത്തിലും താരതമ്യപഠനത്തിലും മുഴുകി. മയ്യഴി സെന്‍ട്രല്‍ ഫ്രഞ്ച് സ്‌കൂളിലെ വിദ്യാഭ്യാസമായിരുന്നു ഫ്രഞ്ച് അനായാസം കൈകാര്യം ചെയ്യാനുള്ള കൈമുതല്‍. അതിനാല്‍ കവിതകള്‍ മലയാളത്തിലേക്ക് നേരിട്ട് മൊഴിമാറ്റി. വിക്തര്‍ ഹ്യുഗോയും ഷാര്‍ല് ബൊദെലേറും മുതല്‍ കവയിത്രി വികതോര്‍ ദ്‌ലപ്രാദ് വരെയുള്ളവരുടെ രചനകളുടെ വിവര്‍ത്തനമുണ്ട്. ആറുവര്‍ഷത്തെ നിരന്തരപഠനത്തിന്റെ ഫലമാണ് താരതമ്യംകൂടി ഉള്‍പ്പെടുത്തിയുള്ള 'ഫ്രഞ്ച് കവിതകള്‍' (1993). ഫ്രഞ്ച് പ്രണയഗീതങ്ങള്‍ (1999), വിക്തര്‍ ഹ്യുഗോവിന്റെ കവിതകള്‍ (2002) എന്നിവയാണ് മറ്റു കൃതികള്‍.

ഇന്ത്യയില്‍ മറ്റേതെങ്കിലും ഭാഷയില്‍ ഇത്രയും സമഗ്രമായ ഫ്രഞ്ച് കാവ്യവിവര്‍ത്തനമുണ്ടായിട്ടില്ലെന്നായിരുന്നു അഴീക്കോടിന്റെ പ്രശംസ. മലയാളത്തിലെ ഫ്രഞ്ച് പദങ്ങള്‍, മലയാളത്തിലെ ബാലഭാഷ, വിക്തര്‍ ഹ്യുഗോവും ബാലാമണിയമ്മയും എന്നിവ മൗലികപഠനങ്ങളില്‍ ചിലതാണ്. ഫ്രഞ്ച് കവിതകള്‍ക്ക് 1994-ല്‍ വിവര്‍ത്തനത്തിനുള്ള കേരള സാഹിത്യ അക്കാദമി അവാര്‍ഡും അയ്യപ്പപ്പണിക്കര്‍ പുരസ്‌കാരവും ലഭിച്ചു. 

Content Highlights: Mahe Freedom Fighter Mangalat Raghavan passes away