തലശ്ശേരി: പി.ഡി.പി നേതാവ് അബ്ദുള്‍ നാസര്‍ മഅദനിയുടെ മകന്‍ ഹാഫിസ് ഉമര്‍ മുക്താറിന്റെ നിക്കാഹിന് അനുഗ്രഹാശിസ്സുകളുമായി സി.പി.എം നേതാക്കളായ ഇ.പി ജയരാജനും പി.ജയരാജനും അടക്കമുള്ള നേതാക്കളെത്തി. കനത്ത സുരക്ഷയിലാണ് മഅദനി രാവിലെ തലശ്ശേരിയിലെത്തിയത്. ടൗണ്‍ ഹാളിലായിരുന്നു നിക്കാഹ്. അദ്ദേഹം മടങ്ങുന്നതുവരെ നഗരം പൂര്‍ണമായി പോലീസ്  നിരീക്ഷണത്തിലാണ്. 

അഴിയൂരിലെ ഇല്യാസ് പുത്തന്‍പുരയിലിന്റെ മകള്‍ നിഹമത്താണ് വധു. പി.ഡി.പി. പ്രവാസിസംഘടന അബുദാബി ശാഖ പ്രസിഡന്റും അവിടെ സ്‌കൂള്‍ അസി. മാനേജരുമാണ് ഇല്യാസ്.
madani

ബുധനാഴ്ച രാവിലെ ഏഴുമണിയോടെ തിരുവനന്തപുരം-മംഗളൂരു എക്സ്പ്രസിലാണ് മഅദനി തലശ്ശേരിയിലെത്തിയത്. റെയില്‍വേ സ്റ്റേഷനില്‍നിന്ന് നഗരത്തിലെ ഹോട്ടലിലേക്കാണ് നേരെ പോയത്. പിന്നീട് 11 മണിയോടെ മദനി വിവാഹ വേദിയിലെത്തി. കര്‍ണാടക പോലീസിലെ ഒരു സംഘവും മദനിയെ അനുഗമിക്കുന്നുണ്ട്.

വൈകീട്ട് വധുവിന്റെ അഴിയൂരിലെ വീട്ടില്‍ നടക്കുന്ന സല്‍ക്കാരത്തിലും പങ്കെടുത്തശേഷം മഅദനി റോഡുമാര്‍ഗം കോഴിക്കോട്ടേക്ക് പോകും. അവിടെനിന്ന് വ്യാഴാഴ്ചയാണ് കൊല്ലത്തേക്ക് തിരിക്കുക. ബെംഗളൂരുവില്‍ ജയിലില്‍ കഴിയുന്ന മഅദനിക്ക് മകന്റെ വിവാഹത്തില്‍ പങ്കെടുക്കാന്‍ സുപ്രീം കോടതിയാണ് ജാമ്യമനുവദിച്ചത്.