വിമത എംഎൽഎമാർക്കൊപ്പം നിയമസഭയിലേക്കെത്തുന്ന മുഖ്യമന്ത്രി ഏക്‌നാഥ് ഷിന്ദേ,ഇന്ന് ഉദ്ധവ് പക്ഷത്ത് നിന്ന് ഷിന്ദേയ്‌ക്കൊപ്പം ചേർന്ന സന്തോഷ് ബംഗാറും ഒപ്പം |ഫോട്ടോ:PTI
മുംബൈ: മഹാരാഷ്ട്ര നിയമസഭയില്‍ ഏക്‌നാഥ് ഷിന്ദേ സര്‍ക്കാര്‍ വിശ്വാസം നേടി. നിര്‍ണായകമായ വിശ്വാസ വോട്ടെടുപ്പിനിടയിലും ഒരു ഉദ്ധവ് പക്ഷ ശിവസേന എംഎല്‍എയെ കൂടി ഷിന്ദേ പക്ഷത്തേക്ക് ചാടി.
ഷിന്ദേ സര്‍ക്കാരിനെ അനുകൂലിച്ച് 164 എംഎല്‍എമാര്‍ വോട്ട് ചെയ്തു. 99 എംഎല്‍എമാര്‍ അവിശ്വാസം രേഖപ്പെടുത്തി.ഞായറാഴ്ച നടന്ന സ്പീക്കര്‍ തിരഞ്ഞെടുപ്പിനേക്കാള്‍ എട്ടു വോട്ടുകളുടെ കുറവുണ്ടായിട്ടുണ്ട് പ്രതിപക്ഷത്തിന്.
288 അംഗ മഹാരാഷ്ട്ര നിയമസഭയില്‍ വിശ്വാസം തെളിയിക്കാന്‍ 144 അംഗങ്ങളുടെ പിന്തുണയാണ് വേണ്ടത്.
സന്തോഷ് ബംഗാര്‍ ആണ് ഇന്ന് ഷിന്ദേ പക്ഷത്തിനൊപ്പം ചേര്‍ന്ന ശിവസേന എംഎല്‍എ. ഇന്ന് രാവിലെ വിമത എംഎല്‍എമാര്‍ താമസിക്കുന്ന ഹോട്ടലില്‍ നിന്നാണ് അദ്ദേഹം നിയമസഭയിലേക്കെത്തിയത്.
മഹാവികാസ് അഘാഡി സഖ്യത്തെ അനുകൂലിച്ചിരുന്ന പി.ഡബ്ല്യു.പി.ഐ എംഎല്‍എ ശ്യാംസുന്ദര്‍ ഷിന്ദേയും എന്‍ഡിഎ സഖ്യത്തിലേക്ക് മാറിയിട്ടുണ്ട്.
വിശ്വാസവോട്ടെടുപ്പിന്റെ സെമിഫൈനലെന്ന് വിശേഷിപ്പിച്ച കഴിഞ്ഞ ദിവസം നടന്ന സ്പീക്കര്‍ തിരഞ്ഞെടുപ്പില്‍ ബി.ജെ.പി.യുടെ രാഹുല്‍ നര്‍വേക്കര്‍ സ്പീക്കറായി തിരഞ്ഞെടുക്കപ്പെട്ടിരുന്നു.
രാഹുല്‍ നര്‍വേക്കര്‍ക്ക് 164 വോട്ടുലഭിച്ചപ്പോള്‍ ശിവസേന, കോണ്‍ഗ്രസ്, എന്‍.സി.പി. കക്ഷികളുടെ സംയുക്തസ്ഥാനാര്‍ഥിയായ രാജന്‍ സാല്‍വിക്ക് ലഭിച്ചത് 107 വോട്ടാണ്. സ്പീക്കര്‍ തിരഞ്ഞെടുപ്പില്‍ ജയിച്ചതോടെ, ശിവസേനയില്‍നിന്ന് വഴിപിരിഞ്ഞശേഷമുള്ള ആദ്യചുവടില്‍ വിജയം കൈവരിക്കാന്‍ ഏക്നാഥ് ഷിന്ദേക്കായിരുന്നു. ഇതിന് പിന്നാലെയാണ് വിശ്വാസ വോട്ടെടുപ്പിലും ഷിന്ദേ വന്‍വിജയം കൈവരിച്ചിരിക്കുന്നത്.
വിശ്വാസ വോട്ടെടുപ്പിലെ തിരിച്ചടിക്ക് മുമ്പായി ഇന്ന് സുപ്രീംകോടതിയിലും ഉദ്ധവ് പക്ഷത്തിന് തിരിച്ചടിയേറ്റു. ഏക്‌നാഥ് ഷിന്ദേയെ ശിവസേന നിയമസഭാ കക്ഷി നേതാവായി സ്പീക്കര്‍ രാഹുല്‍ നര്‍വേക്കര്‍ അംഗീകരിച്ച നടപടി അടിയന്തരമായി ഇടപെടണമെന്ന ആവശ്യം സുപ്രീംകോടതി നിരാകരിച്ചു.
Content Highlights: Maharashtra Chief Minister Eknath Shinde wins trust vote


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..