കെ. വിദ്യ, വ്യാജരേഖ | Photo: Facebook/ വിദ്യ വിജയൻ, Screen grab/ Mathrubhumi News
കൊച്ചി: ഗസ്റ്റ് ലക്ചററാകാന്‍ വ്യാജരേഖ ചമച്ച മുന്‍ എസ്.എഫ്.ഐ. നേതാവിനെതിരെ എടുത്ത കേസില്‍ ചുമത്തിയത് ജാമ്യമില്ലാ വകുപ്പുകളടക്കം. കാസര്‍കോട് തൃക്കരിപ്പൂര്‍ മണിയനോടി സ്വദേശിനി കെ. വിദ്യക്കെതിരെ മഹാരാജാസ് കോളേജിന്റെ പരാതിയില്‍ എറണാകുളം സെന്‍ട്രല്‍ പോലീസാണ് കേസെടുത്തത്. കോളേജ് പ്രിന്‍സിപ്പല്‍ ഡോ. വി.എസ്. ജോയ്, 'മാതൃഭൂമി' വാര്‍ത്ത പുറത്തുവിട്ട ചൊവ്വാഴ്ച തന്നെ പരാതി നല്‍കിയിരുന്നു.
ചൊവ്വാഴ്ച വൈകീട്ട് എറണാകുളം സെന്‍ട്രല്‍ പോലീസ് സ്‌റ്റേഷന്‍ ഉദ്യോഗസ്ഥര്‍ കോളേജിലെത്തി പ്രിന്‍സിപ്പലിന്റെ മൊഴി രേഖപ്പെടുത്തി. രേഖ പൂര്‍ണ്ണമായും വ്യാജമാണെന്നാണ് പ്രിന്‍സിപ്പലിന്റെ മൊഴി. അട്ടപ്പാടി രാജീവ് ഗാന്ധി ഗവ. ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളേജില്‍നിന്ന് മഹാരാജാസ് കോളേജിലേക്ക് അയച്ചുകൊടുത്ത മുഴുവന്‍ രേഖകളും പോലീസിന് പ്രിന്‍സിപ്പല്‍ കൈമാറി.
ഏഴുവര്‍ഷം വരെ ശിക്ഷ ലഭിക്കാവുന്ന കുറ്റമാണ് വിദ്യക്കെതിരെ ചുമത്തിയത്. വ്യാജരേഖ ചമച്ചതിന് മൂന്ന് കുറ്റങ്ങള്‍ ഇവര്‍ക്കെതിരേ ചുമത്തിയിട്ടുണ്ട്. വ്യാജരേഖ നിര്‍മിച്ച് മറ്റൊരാളെ വഞ്ചിക്കുക എന്ന ഉദ്ദേശത്തോടെ ഉപയോഗിച്ചു എന്നതാണ് വിദ്യക്കെതിരെ ചുമത്തിയ കുറ്റം. കുറ്റകൃത്യം നടന്നത് പാലക്കാട് അഗളി സ്റ്റേഷന്‍ പരിധിയിലായതിനാല്‍, കേസ് അഗളി പോലീസിന് കൈമാറും.
ആരാണ് വ്യാജരേഖ നിര്‍മിച്ചത് എന്നതടക്കം അന്വേഷണപരിധിയില്‍ വരും. വ്യാജരേഖ ചമയ്ക്കല്‍ ഗുരുതരമായ കുറ്റമാണെന്നതിനാല്‍ വിദ്യയെ അറസ്റ്റ് ചെയ്‌തേക്കും. ഇവരെ കസറ്റഡിയില്‍ എടുത്ത് ചോദ്യംചെയ്യുന്നതിലേക്കടക്കം പോലീസ് കടന്നേക്കും. ഗസ്റ്റ് ലക്ചററായി ജോലി നേടാന്‍ വിദ്യ കാസര്‍കോട് കരിന്തളം ഗവ. കോളേജിലും വ്യാജരേഖ ഉപയോഗിച്ചതായി വിവരം പറത്തുവന്നിരുന്നു.
Content Highlights: maharajas college sfi leader k vidhya forged document case non bailable offence


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..