മഹാരാജാസ് കോളേജ്, പി.എം. ആർഷോ | Photo: Mathrubhumi
കൊച്ചി: മഹാരാജാസ് കോളേജ് വിദ്യാര്‍ഥിയും എസ്.എഫ്.ഐ. സംസ്ഥാന സെക്രട്ടറിയുമായ പി.എം. ആര്‍ഷോയുടെ മാര്‍ക്ക് ലിസ്റ്റ് വിവാദത്തില്‍. മാര്‍ക്കിന്റെ കോളത്തില്‍ ഒന്നും രേഖപ്പെടുത്തിയിട്ടില്ലെങ്കിലും വിജയിച്ചതായാണ് രേഖപ്പെടുത്തിയിരിക്കുന്നത്. മൂന്നാം സെമസ്റ്റര്‍ ആര്‍ക്കിയോളജി വിഭാഗം പരീക്ഷ എഴുതിയിരുന്നില്ലെന്നും എഴുതാത്ത പരീക്ഷയാണ് ആര്‍ഷോ വിജയിച്ചതായി മാര്‍ക്കിലിസ്റ്റിലുള്ളതെന്നുമാണ് ആരോപണം.
ആര്‍ഷോ റിമാന്‍ഡില്‍ കഴിയുന്ന സമയത്താണ് മൂന്നാം സെമസ്റ്റര്‍ ആര്‍ക്കിയോളജി പരീക്ഷ നടന്നതെന്നാണ് സൂചന. അങ്ങനെയെങ്കില്‍ എഴുതാത്ത പരീക്ഷ ആര്‍ഷോ എങ്ങനെ ജയിച്ചുവെന്നതാണ് ഉയരുന്ന ചോദ്യം. പിന്നീട് റീ അഡ്മിഷന്‍ എടുത്താണ് ആര്‍ഷോ പരീക്ഷ എഴുതിയത്. ആദ്യം നടന്ന പരീക്ഷയുടെ റിസള്‍ട്ട് ആണ് വിജയിച്ചു എന്ന് രേഖപ്പെടുത്തി വന്നിരിക്കുന്നത്.
എന്നാല്‍, 'പാസ്ഡ്' എന്ന് മാര്‍ക്ക് ലിസ്റ്റില്‍ ഉള്ളത് സാങ്കേതിക പിഴവാണെന്നാണ് മഹാരാജാസ് കോളേജ് പ്രിന്‍സിപ്പല്‍ വിശദീകരിക്കുന്നത്. മാര്‍ക്ക് ലിസ്റ്റ് പ്രസിദ്ധീകരിക്കുന്ന വെബ്‌സൈറ്റുമായി ബന്ധപ്പെട്ട് ചില തകരാറുകള്‍ ഉണ്ടെന്നാണ് കോളേജിന്റെ വിശദീകരണം. മാര്‍ക്ക് ലിസ്റ്റ് വിവാദമായതോടെ സൈറ്റില്‍ നിന്ന് നീക്കുകയും ചെയ്തിട്ടുണ്ട്. സംഭവത്തില്‍ പ്രതിഷേധവുമായി കെ.എസ്.യു. രംഗത്തെത്തി. പ്രിന്‍സിപ്പലിനെ ഉപരോധിച്ചു.
ആര്‍ഷോയുടെ മാര്‍ക്ക്‌ലിസ്റ്റില്‍ 'പാസ്സ്ഡ്' എന്ന് കൊടുത്തിരുന്നെങ്കിലും വിഷയങ്ങളുടെ മാര്‍ക്ക് രേഖപ്പെടുത്തേണ്ട കോളങ്ങളില്‍ പൂജ്യമെന്നാണ് എഴുതിയിരുന്നത്. ഇത് സാങ്കേതിക പിഴവാണെന്നാണ് കോളേജ് പ്രിന്‍സിപ്പല്‍ വി.എസ്. ജോയ് പറയുന്നത്.
എന്‍.ഐ.സി.യാണ് മാര്‍ക്ക്‌ലിസ്റ്റ് തയ്യാറാക്കുന്നത്. മാര്‍ക്ക്‌ലിസ്റ്റിലെ പിഴവ് ഇപ്പോഴാണ് എന്റെ ശ്രദ്ധയില്‍ പെടുന്നത്. ഉടനെ തന്നെ നീക്കംചെയ്തിട്ടുണ്ടെന്നും പ്രിന്‍സിപ്പല്‍ കൂട്ടിച്ചേര്‍ത്തു.
Content Highlights: maharajas college mark list controversy sfi state president pm arsho
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..