കോഴിക്കോട്: അറബിക്കടലില്‍ ലക്ഷദ്വീപ് മേഖലയില്‍ രൂപംകൊണ്ട 'മഹ' ചുഴലിക്കാറ്റ് കേരളതീരം വിട്ടു. ഇതോടെ കേരളത്തില്‍ പൊതുവെ മഴ കുറയുമെന്നാണ് സ്വകാര്യ കാലാവസ്ഥ നിരീക്ഷണ കേന്ദ്രങ്ങള്‍ അറിയിക്കുന്നത്. കേരള തീരത്ത് കാറ്റിന്റെ ഗതി മാറിയിട്ടുണ്ട്. ഇത് മേഘങ്ങള്‍ പ്രവേശിക്കുന്നതിന് തടസ്സമാകും.
'മഹ'കേരളത്തില്‍ നിന്ന് 500 കിലോമീറ്റര്‍ അകലേക്ക് മാറി കര്‍ണാടക,ഗോവ മേഖലയിലാണുള്ളത്.കൂടുതല്‍ ശക്തിയാര്‍ജിച്ച് ഇത് ഒമാന്‍ തീരത്തേക്ക് പോകും. ഉഡുപ്പിയിലും പനാജിയിലുമടക്കം ഇന്ന് കനത്ത മഴക്ക് സാധ്യതയുണ്ട്. മണിക്കൂറില്‍ 140 കിലോമീറ്റര്‍ വരെയാണ് ഇന്ന് ചുഴലിക്കാറ്റിന്റെ വേഗം.
ചെര്‍ബാനിയാനി റീഫിന് (ലക്ഷദ്വീപ്) 180 കിലോമീറ്റര്‍ വടക്ക് പടിഞ്ഞാറ്, ചെറിയാപാനി റീഫിന് (ലക്ഷദ്വീപ്) വടക്ക്-വടക്ക് പടിഞ്ഞാറ് 220 കി.മീ. കവരത്തിയില്‍ നിന്ന് (ലക്ഷദ്വീപ്) 380 കിലോമീറ്റര്‍ വടക്കും കോഴിക്കോട് നിന്ന് വടക്ക് പടിഞ്ഞാറ് 500 കിലോമീറ്ററിലുമാണ് നിലവില്‍ മഹ ചുഴലിക്കാറ്റുള്ളത്.
അടുത്ത ആറ് മണിക്കൂറിനുള്ളില്‍ ഇത് വടക്ക്-വടക്കുപടിഞ്ഞാറന്‍ ഭാഗത്തേക്ക് നീങ്ങാന്‍ സാധ്യതയുണ്ട്. പിന്നീടുള്ള ആറ് മണിക്കൂറിനുള്ളില്‍ ഇത് വടക്കുപടിഞ്ഞാറോട്ട് നീങ്ങിയ ശേഷം പടിഞ്ഞാറ്-വടക്ക് പടിഞ്ഞാറോട്ട് നീങ്ങാനും സാധ്യതയുണ്ട്. അടുത്ത 24 മണിക്കൂറിനുള്ളില്‍ കിഴക്കന്‍ അറബികടലില്‍ അതി തീവ്രമായ കൊടുങ്കാറ്റായി മാറുകയും ചെയ്യുമെന്ന് കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു..
അതേ സമയം കേരളത്തിലെ തീരമേഖലയിലും മലയോരമേഖലയിലും ചിലനേരങ്ങളില്‍ ശക്തമായ കാറ്റുവീശാന്‍ സാധ്യതയുണ്ടെന്നും കാലാവസ്ഥ നിരീക്ഷണ കേന്ദ്രങ്ങള്‍ പറയുന്നു. വെള്ളിയാഴ്ച മധ്യകിഴക്ക് അറബിക്കടലില്‍ മണിക്കൂറില്‍ 120 മുതല്‍ 145 കിലോമീറ്റര്‍വരെ വേഗത്തില്‍ അതിശക്തമായ കാറ്റുവീശാന്‍ സാധ്യതയുണ്ട്.
കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ ഓറഞ്ച് ജാഗ്രതയും അതിതീവ്രമഴയ്ക്ക് സാധ്യതയുള്ള ലക്ഷദ്വീപില്‍ ചുവപ്പ് ജാഗ്രതയും നല്‍കിയിട്ടുണ്ട്.
മഹ വ്യാഴാഴ്ച വൈകീട്ടോടെയാണ് കൂടുതല്‍ കരുത്തുപ്രാപിച്ച് ശക്തമായ ചുഴലിയായിമാറിയത്. മണിക്കൂറില്‍ 140 കിലോമീറ്റര്‍ വരെയായിരുന്നു ഈ സമയത്ത് കാറ്റിന്റെ വേഗം. വെള്ളിയാഴ്ച ഇത് അതിശക്തമായ ചുഴലിക്കാറ്റായിമാറുമെന്നാണ് കാലാവസ്ഥാ വകുപ്പിന്റെ പ്രവചനം. വടക്ക്, വടക്കുപടിഞ്ഞാറു ദിശയില്‍ ലക്ഷദ്വീപിലൂടെ സഞ്ചരിച്ച് മധ്യകിഴക്കന്‍ അറബിക്കടലിലേക്ക് ഇത് നീങ്ങുമെന്നാണു കരുതുന്നത്.
Content Highlights: Maha cyclone left kerala- Rainfall-kerala weather