Photo: Mathrubhumi
കോഴിക്കോട്: കോഴിക്കോട് കെ.എസ്.ആര്.ടി.സി ടെര്‍മിനലിന്റെ ബലക്ഷയം സംബന്ധിച്ച് മദ്രാസ് ഐ.ഐ.ടി.യുടെ അന്തിമറിപ്പോര്‍ട്ട് ഗതാഗതമന്ത്രി ആന്റണി രാജുവിന് കൈമാറി. ബലക്ഷയം പ്രതീക്ഷിച്ചതിലും അധികമാണെന്ന് ഐ.ഐ.ടി റിപ്പോര്‍ട്ട്. കെട്ടിടത്തിന്റെ 90 ശതമാനം തൂണുകളും 80 ശതമാനം സ്ലാബുകളും ബലപ്പെടുത്തണം. 29.60 കോടിയോളം രൂപ ഇതിനായി ചെലവ് വരുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
കെട്ടിടത്തിന് ബലക്ഷയമുണ്ടെന്ന ഐ.ഐ.ടി.യുടെ പ്രാഥമികറിപ്പോര്‍ട്ട് വന്ന് 15 മാസങ്ങള്‍ക്ക് ശേഷമാണ് അന്തിമറിപ്പോര്‍ട്ട് ഗതാഗത മന്ത്രിക്ക് നല്‍കിയത്. ഐ.ഐ.ടി. സ്ട്രക്ചറല്‍ വിഭാഗം മേധാവി പ്രൊഫ. അളകു സുന്ദരമൂര്‍ത്തിയുടെ നേതൃത്വത്തിലാണ് റിപ്പോര്‍ട്ട് തയ്യാറാക്കിയത്.
ഓരോ തൂണിലെയും വിള്ളലുകള്‍ അടയ്ക്കണം. സിമന്റും നിശ്ചിത മിശ്രിതങ്ങളും ചേര്‍ത്ത് തൂണിനുള്ളിലേക്ക് നിറയ്ക്കേണ്ടിവരും. കെട്ടിടത്തിന്റെ അരികിലുള്ള ഭാഗത്തിന് ബലമില്ലാത്തത് തൂണുകളെ ബാധിച്ചിട്ടുണ്ടാകുമെന്നാണ് വിലയിരുത്തല്‍. തൂണുകളുടെ കോണ്‍ക്രീറ്റും കമ്പികളുടെ ഉറപ്പുമെല്ലാം പരിശോധിച്ചിട്ടുണ്ട്. ടെര്‍മിനലിന്റെ പൈലിങ്ങിന്റെ ബലവും പഠനവിധേയമാക്കി. 18 മുതല്‍ 20 മീറ്റര്‍വരെ താഴ്ച പൈലിങ്ങിനുണ്ട്. ബലപ്പെടുത്തുമ്പോള്‍ പൈലിങ്ങിന് അത് താങ്ങാന്‍ ശേഷിയുണ്ടോ എന്നകാര്യമാണ് പരിശോധിച്ചത്.
പുതിയ റിപ്പോര്‍ട്ട് അന്തിമമായി അംഗീകരിച്ചാല്‍ സര്‍ക്കാര്‍ ടെന്‍ഡര്‍ വിളിച്ച് ബലപ്പെടുത്തലിലേക്ക് കടക്കും. മദ്രാസ് ഐ.ഐ.ടി. എം. പാനല്‍ചെയ്ത കമ്പനിയെയായിരിക്കും ഇതിനായി ചുമതലപ്പെടുത്തുക. 2015ലാണ് കോഴിക്കോട് കെഎസ്ആര്‍ടിസി ടെര്‍മിനലിന്റെ നിര്‍മാണം പൂര്‍ത്തിയാക്കിയത്. 75 കോടി രൂപ ചെലവഴിച്ചായിരുന്നു നിര്‍മാണം.
Content Highlights: madras iit submit final report on kozhikode ksrtc terminal issue
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..