മധു (ഫയൽ ഫോട്ടോ) - Mathrubhumi archives
മണ്ണാർക്കാട്: അട്ടപ്പാടിയിൽ ആദിവാസിയുവാവ് മധു കൊല്ലപ്പെട്ട കേസിൽ അന്നത്തെ സബ് ഡിവിഷണൽ മജിസ്ട്രേറ്റായിരുന്ന ഇപ്പോഴത്തെ തിരുവനന്തപുരം കളക്ടർ ജെറോമിക് ജോർജിനെ ഡിസംബർ ഒന്നിന് വിസ്തരിക്കും. ജെറോമിക് ജോർജിനെ വിസ്തരിക്കുന്നതിനായി പ്രോസിക്യൂഷൻ നേരത്തേ കോടതിയിൽ അപേക്ഷ നൽകിയിരുന്നു. ഇതിനെതിരേ ഒന്നാംപ്രതി ഹൈക്കോടതിയെ സമീപിച്ചിരുന്നെങ്കിലും ആവശ്യം തള്ളിയതിനെത്തുടർന്നാണ് കളക്ടറെ വിസ്തരിക്കുന്നത്.
നിലവിൽ ഒന്നാം തീയതി ഹാജരാകണമെന്നാവശ്യപ്പെട്ട് കളക്ടർക്ക് സമൻസ് അയയ്ക്കാനാണ് കോടതി തീരുമാനം. വിഴിഞ്ഞത്ത് സമരവും സംഘർഷവും നടക്കുന്നതിനാൽ അദ്ദേഹത്തിന് എത്തിച്ചേരാനാകുമോ എന്ന കാര്യമന്വേഷിച്ച് കോടതിയെ അറിയിക്കാനും പറഞ്ഞിട്ടുണ്ട്. മധു കേസിൽ 78-ാം സാക്ഷിയായ ജെറോമിക് ജോർജിനെ നേരത്തെയും വിസ്തരിച്ചിരുന്നു. മധുക്കേസിലെ അന്വേഷണ ഉദ്യാഗസ്ഥനായ ഡിവൈ.എസ്.പി.യെ ഡിസംബർ അഞ്ചിന് വിസ്തരിക്കും.
ഇൻക്വസ്റ്റ് റിപ്പോർട്ട് ആവശ്യപ്പെട്ട് പ്രതിഭാഗം ഹർജി നൽകി
ട്രൈബൽ താലൂക്ക് തഹസിൽദാരുടെ പക്കൽനിന്നും മധുവിന്റെ ജാതിതെളിയിക്കുന്ന സർട്ടിഫിക്കറ്റ് ഹാജരാക്കണെന്നാവശ്യപ്പെട്ട് പ്രോസിക്യൂഷൻ സമർപ്പിച്ച ഹർജിയിൽ കോടതി തിങ്കളാഴ്ച വാദംകേട്ടു. മധു കൊല്ലപ്പെടുമ്പോൾ താലൂക്ക് മണ്ണാർക്കാടായിരുന്നു. എന്നാൽ മണ്ണാർക്കാട്-അട്ടപ്പാടി താലൂക്കുകളുടെ വിഭജനം വന്നതുകൊണ്ടാണ് ഇപ്പോൾ ട്രൈബൽ താലൂക്ക് തഹസിൽദാരുടെ പക്കൽനിന്ന് സർട്ടിഫിക്കറ്റ് ആവശ്യപ്പെടേണ്ടി വരുന്നതെന്ന് പ്രോസിക്യൂഷൻ വാദിച്ചു. ഇത് നിലവിലുള്ള ഡോക്യുമെന്റല്ലെന്നും അന്വേഷണംനടത്താതെ എങ്ങനെയാണ് സർട്ടിഫിക്കറ്റ് സമർപ്പിക്കുന്നതെന്നും പ്രതിഭാഗവും കോടതിയിൽ വാദിച്ചു. നേരത്തേ വിസ്തരിച്ച ജുഡീഷ്യൽ മജിസ്ട്രേറ്റിന്റെ പക്കൽനിന്നും ഇൻക്വസ്റ്റ് റിപ്പോർട്ട് വേണമെന്നാവശ്യപ്പെട്ട് കേസിലെ രണ്ടും അഞ്ചും പ്രതികളുടെ അഭിഭാഷകർ ഹർജിനൽകി. അതിന്റെ വാദവും തിങ്കളാഴ്ച കേട്ട വാദത്തിന്റെ വിധിയും 30-ന് പറയും.
Content Highlights: madhu murder case, collector Geromic George
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..