(പ്രശസ്ത കായിക പരിശീലകന്‍ മാധവന്‍ നമ്പ്യാര്‍ക്ക് പദ്മശ്രീ പുരസ്‌കാരം നല്‍കി രാജ്യത്തിന്റെ ആദരം. അദ്ദേഹത്തെ കുറിച്ച് മാതൃഭൂമി വാരന്തപ്പതിപ്പില്‍ പ്രസിദ്ധീകരിച്ച ലേഖനത്തിന്റെ പുനഃപ്രസിദ്ധീകരണം.)

ദ്യം അറിഞ്ഞത് കുഞ്ചന്‍ നമ്പ്യാരെയാണ്. 'അരിശം തീരാഞ്ഞിട്ടാപ്പുരയുടെ ചുറ്റും മണ്ടിനടന്ന' നായന്‍മാരെ ഇളക്കിവിട്ട നര്‍മ കുശലനായ മഹാകവി. പിന്നെ കണ്ടുമുട്ടുന്നത് ഒരു വില്ലന്‍ വേഷത്തെയാണ്. മലയാള സിനിമയില്‍ ഒതുങ്ങാതെ അതിരു കടന്നുചെന്ന്  തമിഴ്മക്കളുടെ അണ്ണന്‍ എം.ജി.ആറിനെ വരെ വെല്ലുവിളിച്ച എം.എന്‍. നമ്പ്യാര്‍.

മൂന്നാമത്തെ നമ്പ്യാര്‍ രാജ്യാന്തര പ്രസിദ്ധനായി. കുമ്മായ വരകള്‍ അതിരുടുന്ന ട്രാക്കിലൂടെ കുതിച്ചു പാഞ്ഞ പയ്യോളിക്കാരി പെണ്‍കുട്ടിയെ രാജ്യത്തിനു വേണ്ടി സ്വര്‍ണം വിളയിച്ച അത്ലറ്റാക്കി മാറ്റിയ ദ്രോണാചാര്യര്‍ ഒതയോത്ത് മാധവന്‍ നമ്പ്യാര്‍. അത്രയ്ക്കങ്ങ് പരത്തിപ്പറയണമെന്നില്ല. കോച്ച് നമ്പ്യാരെന്ന് പറഞ്ഞാല്‍ എല്ലാമായി...

om nambiar
പി.ടി. ഉഷയും ഒ.എം.നമ്പ്യാരും| Photo: Mathrubhumi

ഒ.എം. നമ്പ്യാരെത്തേടി പയ്യോളിക്കടുത്ത് മീനത്തുകരയിലെ ഒതയോത്ത് വീട്ടിലേക്ക് കയറിച്ചെല്ലുമ്പോള്‍ മനസ്സില്‍ കുറിച്ചുവെച്ചിരുന്ന ചോദ്യങ്ങളെല്ലാം ഉഷയേയും ഇന്ത്യന്‍ കായിക രംഗത്തേയും ചുറ്റിപ്പറ്റിയായിരുന്നു. പക്ഷെ അവിടെ വെച്ച് ഒരു 'ട്വിസ്റ്റ്'. കീഴൂരുകാര്‍ക്ക് മാധവന്‍ നമ്പ്യാര്‍ ഉഷയുടെ പരിശീലകനോ രാജ്യത്തെ ആദ്യ ദ്രോണാചാര്യ അവാര്‍ഡ് ജേതാവോ അല്ല. അവരുടെ സ്വന്തം നന്മ നിറഞ്ഞ 'നമ്പാള്‍' ആണ്. നമ്മള്‍ ഇതുവരെ അറിഞ്ഞിട്ടില്ലാത്ത മറ്റൊരു നമ്പ്യാര്‍.

നിര്‍ധന കുടുംബങ്ങള്‍ക്ക് വീടുവെക്കാന്‍ സ്ഥലം നല്‍കിയ നമ്പാള്‍, പാലം കെട്ടിയ നമ്പാള്‍... വെളുത്തനും എലങ്കറിനും ജാനുവിനും ശശിക്കും കോച്ച് നമ്പ്യാര്‍ അതൊക്കെയാണ്. രണ്ടര ഏക്കറോളം കീഴുരിലെ ഏഴ് നിര്‍ധന കുടുംബങ്ങള്‍ക്ക് നമ്പ്യാര്‍ മൂന്നു മുതല്‍ പത്ത് സെന്റ് വരെ ഭൂമി പതിച്ചു നല്‍കി. അവരുടെ വീടുകള്‍ക്കടുത്ത് വാട്ടര്‍ ടാങ്കിനും വോളിബോള്‍ കോര്‍ട്ടിനും അയ്യപ്പ ഭജനമഠത്തിനും കബ്ബിനും സ്ഥലം നല്‍കിയത് നമ്പ്യാര്‍ തന്നെ. ഇന്റര്‍നെറ്റ് സൗകര്യത്തോടു കൂടി വിജ്ഞാന വേദി നിര്‍മ്മിക്കാനും നമ്പ്യാര്‍ സ്ഥലം നല്‍കി. രണ്ടരയേക്കറോളം വരുന്ന പറമ്പില്‍ ഒരേക്കറോളം നമ്പ്യാര്‍ ഇങ്ങനെ സൗജന്യമായി പതിച്ചു നല്‍കിയിട്ടുണ്ട്.

 'ഭൂമിക്ക് പൊന്നുംവില കിട്ടുന്ന ഇക്കാലത്ത് നമ്പാളല്ലാതെ മറ്റാരും അത് വെറുതെ കൊടുക്കുമെന്ന് തോന്നുന്നില്ല.' നസ്യാരുടെ ദാനശീലത്തിന്റെ ഗുണഭോക്താവായ ശശി പറഞ്ഞുനിര്‍ത്തിയതും നമ്പ്യാര്‍ ഉറക്കെ ചിരിക്കാന്‍ തുടങ്ങി.' നമ്മള്‍ക്ക് ആവശ്യമുള്ളത് കഴിച്ച് ബാക്കി മറ്റുള്ളവര്‍ക്ക് കൊടുക്കുക. ആവശ്യമുള്ളതേ ഈ ഭൂമിയില്‍ നിന്ന് നമ്മള്‍ എടുക്കാവൂ.'- തന്റെ നീതിശാസ്ത്രം നമ്പ്യാര്‍ വെളിപ്പെടുത്തുന്നു.

ഉദാരമതിയായ നമ്പാളെ കുറിച്ച് ജാനുവിനും നാരായണിക്കുമെല്ലാം പറയാനുണ്ട് ഓരോ കഥകള്‍. അയ്യപ്പന്‍ വിളക്കിനോടനുബന്ധിച്ച് സ്വന്തം ചിലവില്‍ വര്‍ഷം തോറും നാട്ടുകാര്‍ക്കായി സ്വന്തം ചിലവില്‍ സദ്യ നടത്തുന്നതും സമീപത്തെ നാഗകാളി ക്ഷേത്രം പുനര്‍നിര്‍മിച്ചതും എല്ലാം അതില്‍പ്പെടുന്നു. തന്റെ സ്ഥലത്ത് നിര്‍മ്മിച്ച വാട്ടര്‍ ടാങ്കും വീടുകളും ക്ലബ്ബുമെല്ലാം നോക്കി നില്‍ക്കെ അദ്ദേഹം ശബ്ദം താഴ്ത്തി ചോദിക്കുന്നു, ഇതൊക്കെ ഉണ്ടായത് കൊണ്ട് എന്റെ സ്ഥലം കൊണ്ട് എത്രയാളുകള്‍ക്ക് ഉപകാരമായില്ലേ, അല്ലാകെ ഈ മണ്ണില്‍ സ്വര്‍ണം കായ്ക്കുന്ന മരമൊന്നും ഉണ്ടാവാന്‍ പോവുന്നില്ലല്ലോ ? ശശിയുടേയും പട്ടാളം ജാനുവിന്റെയൊക്കെ(ജാനുവിനെ നമ്പ്യാര്‍ വിളിക്കുന്നത് അങ്ങിനെയാണ്)  ചിരി കാണുമ്പോള്‍ ദ്രോണാചാര്യ കിട്ടിയതിനേക്കാള്‍ സന്തോഷമുണ്ടെന്ന് നമ്പ്യാരുടെ സാക്ഷ്യം.

ജീവിതത്തിന്റെ സായാഹ്നമാണിത്. തിരിഞ്ഞു നോക്കുമ്പോള്‍ സംതൃപ്തനാണ്. പക്ഷെ, ഒരു നഷ്ടബോധം എന്നും ഒപ്പമുണ്ട്. അത് തന്റെ ചിതയിലേ അവസാനിക്കൂയെന്ന ആമുഖത്തോടെയാണ് നമ്പ്യാര്‍ പറഞ്ഞു തുടങ്ങിയത്. ലോസ് ആഞ്ചലസ് ഒളിമ്പിക്സില്‍ സെക്കന്റിന്റെ നൂറിലൊരംശം വ്യത്യാസത്തില്‍ പ്രിയശിഷ്യ ഉഷയ്ക്ക് മെഡല്‍ നഷ്ടമായതിനെ കുറിച്ച് പറയുമ്പോള്‍ ഇപ്പോഴും അദ്ദേഹത്തിന്റെ കണ്ണുകള്‍ നിറയുന്നു.

കാലിഫോര്‍ണിയയില്‍ നടന്ന പ്രീ-ഒളിമ്പിക്സ് മീറ്റില്‍ ഉഷ മികച്ച പ്രകടനത്തോടെ സ്വര്‍ണം നേടിയതോടെ ഉഷ ശ്രദ്ധാകേന്ദ്രമായി. ഉഷ സ്വര്‍ണം നേടുമെന്നായിരുന്നു പ്രവചനം. ഒരു മെഡല്‍ നമ്പ്യാരും ഉറപ്പിച്ചതാണ്. 'ഫൈനലില്‍ വെടിയൊച്ച മുഴങ്ങിയപ്പോള്‍ ഉഷ കുതിച്ചു. നല്ല ഒന്നാന്തരം സ്റ്റാര്‍ട്ട്. പക്ഷെ ഓസ്ട്രേലിയന്‍ അത്ലറ്റ് ഫൗള്‍ ആയതുകൊണ്ട് റീസ്റ്റാര്‍ട്ട് വേണ്ടി വന്നു. രണ്ടാമത്തെ സ്റ്റാര്‍ട്ട് അത് മെച്ചമായില്ല. എങ്കിലും ഫിനിഷിങ് കഴിഞ്ഞപ്പോള്‍ ഉഷക്കാണ് വെങ്കലമെന്നാണ് കരുതിയത്.

പക്ഷെ ഫോട്ടോ ഫിനിഷിങ്ങില്‍ ഉഷ നാലാമതായി പോയി. ഞാന്‍ നിരാശ കൊണ്ട് നിലത്തു കിടന്നുപോയി. ആ കിടപ്പ് എത്ര നേരം തുടര്‍ന്നുവെന്ന് എനിക്കോര്‍മയില്ല. ആദ്യ സ്റ്റാര്‍ട്ട് ഓസ്ട്രേലിയക്കാരി ഫൗള്‍ ആക്കിയില്ലായിരുന്നെങ്കില്‍ ഉഷ മെഡല്‍ നേടുമായിരുന്നു, അതെനിക്ക് ഉറപ്പാണ്. '- ഒരിക്കലും അവസാനിക്കാത്ത നഷ്ട ബോധത്തോടെ നമ്പ്യാര്‍ പറയുന്നു.

ചെറുപ്പത്തിലേ ഓട്ടക്കാരനായിരുന്നു മാധവന്‍. കോഴിക്കോട് ഗുരുവായൂരപ്പന്‍ കോളേജില്‍ പഠിക്കുമ്പോള്‍ അത്ലറ്റിക്സ് ചാമ്പ്യനായിരുന്നു. ട്രാക്കില്‍ നമ്പ്യാരുടെ മിടുക്ക് കണ്ട കോളേജ് പ്രിന്‍സിപ്പല്‍ മാധവനോട് പറഞ്ഞു, ' നിനക്കു നല്ലത് പട്ടാളമാണ്.' പ്രിന്‍സിപ്പലിന്റെ ഉപദേശം സ്വീകരിച്ച നമ്പ്യാര്‍ ചെന്നൈയിലേക്ക് വണ്ടി കയറി. പക്ഷെ താംബരത്തെ എയര്‍ ഫോഴ്സ് റിക്രൂട്ടിങ് സെന്ററില്‍ എത്തുമ്പോഴേക്കും റിക്രൂട്ട്മെന്റിനുള്ളവര്‍ അകത്തുകയറിക്കഴിഞ്ഞിരുന്നു. ഇനിയാര്‍ക്കും പ്രവേശനമില്ലെന്ന് പുറത്തെ കാവല്‍ക്കാര്‍ പറഞ്ഞു. നമ്പ്യാര്‍ പക്ഷെ വിട്ടുകൊടുക്കാന്‍ തയ്യാറായിരുന്നില്ല.

സെര്‍ട്ടിഫിക്കറ്റുകള്‍ മാറത്തടക്കിപ്പിടിച്ച് രണ്ടടി പിന്നോട്ടടിച്ച് ബാരിക്കേഡ് ചാടിക്കടന്നു. എന്താണ് സംഭവിക്കുന്നതെന്ന് കാവല്‍ നിന്നിരുന്ന സിപ്പായിമാര്‍ തിരിച്ചറിയും മുമ്പ് ഉദ്യോഗാര്‍ഥികളുടെ കൂട്ടത്തില്‍ കയറി നിന്നു. ആ ഒരു ചാട്ടമാണ് മാധവന്റെ ജാതകം കുറിച്ചത്. 1955-ല്‍ എയര്‍ ഫോഴ്സില്‍ ജോലിയില്‍ പ്രവേശിച്ച മാധവന്‍ അവിടെയും അറിയപ്പെടുന്ന കായികതാരമായി. സര്‍വീസസിനെ പ്രതിനികരച്ച് ദേശീയ മീറ്റുകളില്‍ മികവു കാണിച്ചെങ്കിലും രാജ്യത്തെ പ്രതിനിധീകരിക്കുക എന്ന സ്വപ്നം സാക്ഷാത്ക്കരിക്കാനായില്ല.

ആ നിരാശ മാറ്റാനാണ് നമ്പ്യാര്‍ പരിശീലകനാവാന്‍ തീരുമാനിച്ചത്. പാട്യാലയലെ നാഷണല്‍ ഇന്‍സ്റ്റ്യൂട്ട് ഓഫ് സ്പോര്‍ടിസില്‍ ചേര്‍ന്നു. അവിടുത്തെ ട്രെയ്നിങ് പൂര്‍ത്തിയാക്കി കോച്ചിങ് ലൈസന്‍സ് നേടിയെത്തിയ നമ്പ്യാര്‍ സര്‍വീസസിന്റെ കോച്ചായി. അതിനടയിലാണ് കേരളാ സ്പോര്‍ട്സിന്റെ പിതാവായ കേണല്‍ ഗോദവര്‍മ രാജ നമ്പ്യാരെ കേരളത്തിലേക്ക് പരിശീലകനായി ക്ഷണിച്ചത്. നാട്ടില്‍ വന്ന് ഗോദവര്‍മ്മയെ കണ്ട് സപോര്‍ട്സ് കൗണ്‍സില്‍ കോച്ചായി ചേര്‍ന്നു.

സ്പോര്‍ട്സ് ഡിവിഷനിലേക്ക് തിരുവനന്തപുരത്ത് നടന്ന സെല്കഷനിടെയാണ് നമ്പ്യാര്‍ ഉഷയെ ആദ്യമായി കാണുന്നത്. വലിയ ആരോഗ്യമൊന്നുമില്ലാത്ത മെലുഞ്ഞൊരു പെണ്‍കുട്ടി. ഉഷക്ക് സെലക്ഷന്‍ കിട്ടി. ഉഷയും നമ്പ്യാരും കണ്ണൂര്‍ സ്പോര്‍ട്സ് ഡിവിഷനിലെത്തി. പിന്നീടെല്ലാം ചരിത്രമാണ്. ഒന്നിനു പിറകെ ഒന്നായി വിജയങ്ങള്‍ എണ്ണിയാലൊടുങ്ങാത്ത മെഡലുകള്‍. ഇന്ത്യന്‍ കായിക രംഗത്ത് തന്നെ ഏറ്റവും അധികം വിജയങ്ങല്‍ കൊണ്ടു വന്ന ഗുരു-ശിഷ്യ ബന്ധമായി അത്.

ഉഷ അന്താരാഷ്ട്ര മല്‍സരങ്ങളില്‍ നേടിയത് നൂറിലധികം മെഡലുകള്‍. 1986-ലെ ജക്കാര്‍ത്ത ഏഷ്യന്‍ ട്രാക്ക് ആന്റ് ഫീല്‍ഡ് മീറ്റില്‍ ഉഷ ചരിത്രമെഴുതി. ജക്കാര്‍ത്തയില്‍ ഉഷ നേടിയത് അഞ്ച് സ്വര്‍ണമടക്കം ആറു മെഡലുകള്‍. ഇന്ത്യ അന്ന് മൊത്തം നേടയത് ഏഴ് മെഡലുകളായിരുന്നു. തിരിച്ചു നാട്ടിലെത്തിയപ്പോള്‍ അന്നത്തെ പ്രധാനമന്ത്രി രാജീവ് ഗാന്ധി ചോദിച്ചത്, 'ഇങ്ങനെയാണെങ്കില്‍ ഉഷയും നമ്പ്യാരും മാത്രം പോയാല്‍ മതിയായിരുന്നല്ലോ?' എന്നാണ്.

ഉഷയുടെ നേട്ടങ്ങള്‍ക്ക് പിന്നില്‍ വയര്‍പ്പൊഴുക്കിയ നമ്പ്യാര്‍ക്ക് എന്ത് പ്രതിഫലം നല്‍കുമെന്നായി കേന്ദ്ര കായിക മന്ത്രാലയത്തിന്റെ ആലോചന. അങ്ങിനെയാണ് പരിശീലകര്‍ക്കായി ദ്രോണാചാര്യ അവാര്‍ഡ് ഏര്‍പ്പെടുത്താന്‍ തീരുമാനിച്ചത്. അങ്ങനെ ഇന്ത്യന്‍ കായിക ചരിത്രത്തില്‍ പ്രഥമ ദ്രോണാചാര്യ അവാര്‍ഡ് ജേതാവെന്ന നിലയില്‍ നമ്പ്യാരുടെ പേര് എഴുതിച്ചേര്‍ത്തു.

ഉഷയുടെ വിവാഹം കഴിഞ്ഞ് അമ്മയായതിനു ശേഷം പരിശീലക സ്ഥാനത്തു നിന്ന് നമ്പ്യാര്‍ പിന്‍മാറി. പിന്നീടൊരു ഉഷയെ കണ്ടെത്താനുള്ള നമ്പ്യാരുടെ ശ്രമങ്ങള്‍ വിജയിച്ചില്ല. ഉഷയെ പോലെ പ്രതിഭയുള്ള ആത്മാര്‍പ്പണം ചെയ്യാന്‍ തയ്യാറായ ഒരു അത്ലറ്റിനെ പിന്നെ കിട്ടിയില്ല. ഉഷയെ പോലെ തന്നെ നമ്പ്യാര്‍ക്കും ഒളിമ്പിക്സ് മെഡല്‍ എന്ന സ്വപ്നം ബാക്കിയാവുന്നു. 'ഒരുപക്ഷെ അടുത്ത ജന്‍മ്മത്തില്‍ അതിനു കഴിഞ്ഞേക്കും. '- പൊട്ടിച്ചിരിയുടെ അകമ്പടിയോടെ തന്നെ മാധവന്‍ നമ്പ്യാര്‍ പറഞ്ഞു നിര്‍ത്തി.- അതെ ഈ നമ്പ്യാരും നര്‍മപ്രിയനാണ്.

content highlights: Madhavan Nambiar padmashri award